പ്രതീകാത്മക ചിത്രം - എഐ
ന്യൂഡല്ഹി: ഓണ്ലൈന് ട്രെയിന് ടിക്കറ്റുകള്ക്കു സമാനമായി റെയില്വേ റിസര്വേഷന് കൗണ്ടറുകളില്നിന്ന് നേരിട്ടു വാങ്ങുന്ന ട്രെയിന് ടിക്കറ്റുകള്ക്ക് ഇന്ഷ്വറന്സ് പരിരക്ഷ നിര്ബന്ധമായി നല്കണമെന്ന് സുപ്രീംകോടതി നിര്ദേശം. രണ്ടാഴ്ചയ്ക്കകം ഇതിനുള്ള സംവിധാനം ഒരുക്കണമെന്നും 27 മുതല് പ്രാവര്ത്തികമാക്കണമെന്നും റെയില്വേ ബോര്ഡിനോട് കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ അഹ്സാനുദ്ദീന് അമാനുള്ള, ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്ദേശം നല്കിയത്. നിര്ദേശം നടപ്പാക്കുന്നതില് വീഴ്ച സംഭവിച്ചാല് റെയില്വേ ബോര്ഡിനായിരിക്കും നേരിട്ടുള്ള ഉത്തരവാദിത്വമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന് യാത്രയ്ക്കിടയിലെ അപകടങ്ങളും അനിഷ്ടസംഭവങ്ങളും തടയുന്നതിനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിഗണിക്കുന്ന കേസിലാണ് നടപടി.
ടിക്കറ്റ് നല്കുന്നതില് എന്തിനു വേര്തിരിവ്?
നിലവില് ഓണ്ലൈനായി എടുക്കുന്ന ടിക്കറ്റിന് നാമമാത്രമായ അധികതുക ഈടാക്കി റെയില്വേ ഇന്ഷ്വറന്സ് പരിരക്ഷ നല്കുന്നുണ്ട്. എന്നാല്, റിസര്വേഷന് കൗണ്ടറുകളില്നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവര്ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുള്പ്പടെ വലിയൊരു വിഭാഗം സാധാരണക്കാര് കൗണ്ടറിൽനിന്നെടുക്കുന്ന ടിക്കറ്റുകളാണ് പലപ്പോഴും യാത്രയ്ക്കായി ആശ്രയിക്കുന്നത്.
ഇത് അമിക്കസ് ക്യൂറിയായ മുതിര്ന്ന അഭിഭാഷകന് ശിഖില് സൂരി കോടതിയുടെ ശ്രദ്ധയില്പ്പെടുത്തി. ഇതു ശരിവച്ച കോടതി, കൗണ്ടര് ടിക്കറ്റ് യാത്രക്കാര്ക്കും പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്താന് നേരത്തേ സമയം അനുവദിച്ചിരുന്നു. എന്നാല്, ആറിന് കേസ് വീണ്ടും പരിഗണിച്ചപ്പോള് നടപടികളില് പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്.
ഇന്ഷ്വറന്സ് പരിരക്ഷയുടെ കാര്യത്തില് വേർതിരിവ് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കും ട്രെയിന് യാത്രയ്ക്കിടയിലെ അനിഷ്ടസംഭവങ്ങള് തടയുന്നതിനുമായി ബജറ്റില് വകയിരുത്തിയ തുക പോലും പൂര്ണമായി വിനിയോഗിച്ചിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷാ നടപടികള് കടലാസില് മാത്രം
സുരക്ഷാ നടപടികള് സ്വീകരിക്കുന്നുണ്ടെന്ന ഉറപ്പുകള് കടലാസില് മാത്രമായി ഒതുങ്ങുന്നതായും കോടതി നിരീക്ഷിച്ചിരുന്നു. റെയില്വേയുടെ സുരക്ഷാ സംവിധാനങ്ങള്ക്കായി അനുവദിച്ച ബജറ്റ് വിഹിതം അപര്യാപ്തമാണെന്ന ആശങ്കയും അറിയിച്ചു.
Tags : Insurance TrainPassengers SupremeCourt NoDiscrimination Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash