പ്രതീകാത്മക ചിത്രം
റിയാദ്: സൗദിയിലെ അരാംകോ എണ്ണകന്പനിയുടെ ആസ്ഥാനത്ത് രണ്ടു തവണ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. ചൊവ്വാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിൽ സൗദി പിന്തുണയുള്ള യെമനിലെ ഔദ്യോഗികസേന വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നിത്.
ദഹ്റാനിലെ അരാംകോ ആസ്ഥാനത്ത് ചൊവ്വാഴ്ചയും ഇന്നലെയും ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ ചെറിയ തോതിൽ തീപിടിത്തം ഉണ്ടായെങ്കിലും ആളപായമില്ല.
ഇന്നലെ ബാലിസ്റ്റിക് മിസൈൽ, ക്രൂസ് മിസൈൽ, ഡ്രോൺ എന്നിവ പ്രയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൂതികൾ പറഞ്ഞു. സൗദി തലസ്ഥാനമായ റിയാദിലെ അരാംകോ റിഫൈനറി, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവടങ്ങളും ആക്രമിച്ചു.
അതേസമയം, ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ വെടിവച്ചു വീഴ്ത്തിയെന്നാണ് സൗദി വൃത്തങ്ങൾ അറിയിച്ചത്. റിയാദിൽ ഇന്നലെ ഒട്ടേറെ വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടു.
ചൊവ്വാഴ്ച അരാംകോ ആസ്ഥാനത്ത് ഹൂതി മിസൈൽ പതിച്ച് ഓഫിസ് ടവറിന്റെ മുകളിലത്തെ മൂന്നു നിലകൾ തകർന്നു.
സൗദിയിലെ എണ്ണവ്യവസായ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ഇനിയും ആക്രമിക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് കന്പനികൾ, തൊഴിലാളികൾ, സവിലിയൻ ജനത എന്നിവർ സൗദിയിലെ എണ്ണവ്യവസായ കേന്ദ്രങ്ങളിൽനിന്നും വിമാനത്താവളങ്ങളിൽനിന്നും ഒഴിഞ്ഞുപോകണമെന്നും ഹൂതികൾ നിർദേശിച്ചു.
ശനിയാഴ്ച കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്താവളം 17വരെ തുറക്കില്ല.
Tags : Houthi Attack Aramco Saudi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash