പൊലിസ് അതിക്രമത്തിനിരയായ മലയാളികളുൾപ്പെട്ട വിദ്യാർഥികളുമായി മാധ്യമങ്ങളെ കണ്ട് രാഹുൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലിസ് ക്രൂരമായി മർദിച്ചുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പൊലിസ് അതിക്രമങ്ങൾ നേരിട്ടതായി ആരോപിച്ച വിദ്യാർഥി നേതാക്കളുമായി മാധ്യമങ്ങളെ കണ്ട രാഹുൽ, വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരേയുള്ള ആക്രമണങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്തി.
എൻഎസ്യുഐയുടെ ഒരു വനിതാ പ്രവർത്തകയെ ഡൽഹി പൊലിസ് കസ്റ്റഡി ബസിൽ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.
ഈ ദൃശ്യങ്ങളിൽ മർദനം നേരിടുന്ന വനിതാ പ്രവർത്തക, എൻഎസ് യുഐ അധ്യക്ഷൻ വിനോദ് ജാഖർ, മലയാളി വിദ്യാർഥികളായ ആതിര, അർജുൻ തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുൽ മാധ്യമങ്ങളെ കണ്ടത്. എൻഎസ് യുഐ പ്രവർത്തകയും ഡൽഹി സർവകലാശാലാ വിദ്യാർഥിയുമായ ആതിരയുടെ ഒരു ചെവിയുടെ കേൾവി പൊലിസ് മർദനം മൂലം നഷ്ടമായെന്ന് രാഹുൽ പറഞ്ഞു.
പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത ബസിൽ വനിതാ പൊലിസുകാർ ഉണ്ടായിരുന്നില്ലെന്നും ബസിനുള്ളിൽവച്ച് പൊലിസ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ആതിര മാധ്യമങ്ങളോടു പറഞ്ഞു. സമരക്കാരും സമരത്തിൽ പങ്കെടുക്കാത്തവരും മാധ്യമപ്രവർത്തകരും അഭിഭാഷകരും പ്രായപൂർത്തിയാകാത്തവരും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ രാജീവ് ചൗക്കിൽനിന്നു കസ്റ്റഡിയിലെടുത്തെന്നും തങ്ങളുടെ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും അർജുൻ മാധ്യമങ്ങളോടു പറഞ്ഞു.
വെറുപ്പിന് ഞങ്ങളുടെ ഉത്തരം സ്നേഹമായിരിക്കുമെന്ന് ഒരു പ്രതിഷേധക്കാരൻ മാധ്യമങ്ങൾക്കു മുന്നിൽ ഓടക്കുഴൽകൊണ്ട് “വൈഷ്ണവ ജനതോ’’ വായിച്ചു പ്രതികരിച്ചു. എല്ലാ വിദ്യാർഥികളോടും വീഡിയോ റിക്കാർഡുകൾ സൂക്ഷിക്കാനും ആ തെളിവുകൾ തങ്ങൾക്ക് അയയ്ക്കാനും താൻ പറഞ്ഞിട്ടുണ്ടെന്നും ശിക്ഷിക്കപ്പെടേണ്ട എല്ലാവരും ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
Tags : RahulGandhi Students Subjected Brutal Assault Protests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash