National
ന്യൂഡൽഹി: ജാർഖണ്ഡ് കംബൈൻഡ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനസർക്കാരിൽനിന്നും ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിൽ (ജെപിഎസ്സി) നിന്നും സുപ്രീംകോടതി പ്രതികരണം തേടി.
പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ ഒരു മാസത്തിലേറെയായി വിദ്യാർഥികൾ പ്രതിഷേധത്തിലാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനസർക്കാർ പരീക്ഷ റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് ഉടൻതന്നെ സ്റ്റേ ചെയ്യുകയായിരുന്നുവെന്നും ഈ നടപടിയെ സംസ്ഥാനസർക്കാർ പരോക്ഷമായി പിന്തുണച്ചുവെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
ഈ സാഹചര്യം കണക്കിലെടുത്ത് സിബിഐക്കോ വിരമിച്ച സുപ്രീംകോടതി ജഡ്ജിക്കോ അന്വേഷണച്ചുമതല കൈമാറണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണച്ചുമതല സുപ്രീംകോടതി മുൻ ജഡ്ജിയെ ഏൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സിബിഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം സുപ്രീംകോടതി തേടിയത്.
National
ന്യൂഡൽഹി: പെരുമ്പാവൂരിൽ വിദ്യാർഥിനിയെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന്റെ ജയിൽമാറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാനസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരുടെ അന്തർസംസ്ഥാന ജയിൽമാറ്റവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതിവരുത്താൻ കഴിയുമോയെന്ന് അറിയിക്കാൻ ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.
വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇടപെടുമെന്ന മുന്നറിയിപ്പും നൽകി.
ആസാമിലുള്ള കുടുംബത്തിന് കേരളത്തിലെ ജയിലിലെത്തി തന്നെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണു പ്രതി കോടതിയെ സമീപിച്ചത്. എന്നാൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്കു മാറ്റാൻ ജയിൽചട്ടം 587 അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ എതിർത്തു.
മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ കേരള ഹൈക്കോടതി 2024ൽ ശരിവച്ചിരുന്നു. അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈസാഹചര്യത്തിൽ കേന്ദ്രനിയമപ്രകാരം ജയിൽമാറ്റത്തിനു തടസമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ പോലീസ് ലക്ഷ്യമിട്ടെന്നും എഫ്ഐആർ പൂർണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഭിഷേക് ഉപാധ്യായ ഹർജിയിൽ വ്യക്തമാക്കി.
തനിക്ക് എഫ്ഐആറിന്റെ പകർപ്പ് പോലും പോലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പോലീസ് കടയുടമകളുടെ മേൽ സമ്മർദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായുടെ ഹർജി.
National
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയത്തിലെ ക്രമക്കേടുകളുടെ പേരിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അപാകതകൾ പരിഹരിക്കാൻ പുനർ മൂല്യനിർണയത്തിനായി ഒരാഴ്ചത്തെ സമയം നൽകിയിരുന്നെന്നും 1.68 ലക്ഷത്തോളം വിദ്യാർഥികൾ ഇതിനായി അപേക്ഷിച്ചെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ വ്യക്തമാക്കി. ഒഎസ്എം സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
പുനർമൂല്യനിർണയത്തിൽ സിബിഎസ്ഇ അവസരം ഒരുക്കിയിരുന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ കാരണം പല വിദ്യാർഥികൾക്കും പോർട്ടലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പലർക്കും തിരുത്തിയ ഉത്തരക്കടലാസുകൾ ലഭിച്ചതുമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾ മറ്റ് മത്സരപരീക്ഷകൾ വിജയിച്ചെങ്കിലും ബോർഡ് പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ചത് പ്രതിസന്ധി സൃഷ്ടിച്ചതായും ഹർജിക്കാർ ആരോപിച്ചു. കൂടാതെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച പുതുക്കിയ ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
തുടർന്ന് സാങ്കേതിക തകരാറുകൾ മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കൂടാതെ, അപാകതകൾ മൂലം അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോടും കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: സിവില്‍ ജഡ്ജിയാകാന്‍ അഭിഭാഷകവൃത്തിയിലെ പരിചയം ഒരു വര്‍ഷമായി കുറച്ച് സുപ്രീംകോടതി.
എന്‍ട്രി ലെവല്‍ ജുഡീഷല്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ നിയമബിരുദധാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രഫഷണല്‍ പ്രാക്ടീസ് കാലാവധിയാണ് കുറച്ചത്.
2025 മേയിലെ വിധിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ ഉത്തരവ്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ എ.ജി. മസിഹ്, കെ. വിനോദ് ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2027 ഏപ്രില്‍ ഒന്നിനുശേഷം വിജ്ഞാപനം ചെയ്യുന്ന പരീക്ഷകള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും.
National
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉന്നതതല സമിതിയെ രൂപീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സുപ്രീംകോടതി, ഇപ്പോൾ അന്വേഷണ സമിതിയിലെ അംഗങ്ങളെയും പരിഗണനാ വിഷയങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ജയിൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് ശാലീന്തർ കൗർ, സിബിഐ ഡയറക്ടർ റിഷികുമാർ ശുക്ല, മുൻ മേഘാലയ ഡിജിപി എൽ.ആർ. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രധാനമായും ആറ് വിഷയങ്ങളാണ് സമിതിയുടെ പരിഗണനയിൽ വരുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ അക്രമ സംഭവങ്ങളും സമിതി വിശദമായി പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കും.
പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് പെല്ലറ്റ് ആക്രമണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സമിതി പ്രത്യേകം അന്വേഷിക്കും. കൂടാതെ, മുന്നറിയിപ്പില്ലാതെ ഇലക്ട്രിക് ബാറ്റൺ ഉപയോഗിച്ചതും പ്രതിഷേധം നേരിടുന്നതിൽ പരിധിയിൽ കവിഞ്ഞ ബലപ്രയോഗം നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിൽ വരും. സമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതിയുടെ തുടർനടപടികൾ.
വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നുമുള്ള പ്രതിപക്ഷ ആവശ്യത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുന്നതിനിടയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.
National
ന്യൂഡൽഹി: ഒഡീഷയിൽ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിംഗിന്റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
ധാരാ സിംഗിന്റെ ജയില്‍ മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ ഒഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി അടുത്തമാസം രണ്ടിനകം തീരുമാനമെടുത്തില്ലെങ്കില്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.
ധാരാ സിംഗിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇന്ന് തീരുമാനം അറിയിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 1999ലെ കേസില്‍ 26 വര്‍ഷമായി ജയിലിലാണ് ധാരാ സിംഗ്.
International
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീംകോടതി നിർദേശം നൽകി. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫും കുടുംബവും ദീർഘകാലമായി ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.
48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സയിൽ തുടരാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ആവശ്യത്തിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി അമിക്ക്യസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
കഴിഞ്ഞ ഏഴ് മാസമായി മക്കളായ സുലൈമാൻ ഖാൻ, കാസിം ഖാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കോ, അഭിഭാഷകർക്കോ, ഡോക്ടർമാർക്കോ അദ്ദേഹത്തെ കാണാൻ അനുമതി നൽകിയിരുന്നില്ല. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. കോടതി ഉത്തരവിനെ പിടിഐ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.
ഡൽഹിയിലെ സമരക്കാർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്നതും കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിലും ഇന്ന് കോടതി തീരുമാനമെടുത്തേക്കും.
National
ന്യൂഡൽഹി: കാർഷികവിളകൾ നശിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാജ്യത്തെ ആനത്താരകളെക്കുറിച്ച് സർവേ നടത്താനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ബെഞ്ച് നിർദേശം നൽകി.
ആനകൾക്കെതിരേ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതോ മറ്റു നിർബന്ധിത നടപടികളോ സ്വീകരിക്കുന്നതു സംബന്ധിച്ച നിലപാടും റിപ്പോർട്ടിൽ വ്യക്തമാക്കണം.
ആനകൾക്കു തടസങ്ങളില്ലാതെ സഞ്ചാരം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങൾ കാരണം അതു നടപ്പാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവയാണെന്നും വിളനാശം സംഭവിക്കുന്നുവെന്നതിന്റെ പേരിൽ അവയുടെ വഴിയിൽ തടസമുണ്ടാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ആനത്താരകളിൽ തടസം സൃഷ്ടിക്കുന്നതു സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹർജി ആറാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: പാക്കേജ് ഭക്ഷണപദാർഥങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന നിർദേശം നടപ്പാക്കാത്തതിനെതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ഫെബ്രുവരി പത്തിന് നൽകിയ ഉത്തരവ് വെറുതെ ആയിരുന്നില്ലെന്നും നടപ്പാക്കേണ്ട നിർദേശം ആയിരുന്നുവെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വൻകിട നിർമാണ കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണോ കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാതിരുന്നതെന്നും ബെഞ്ച് എഫ്എസ്എസ്എഐയോട് ചോദിച്ചു.
National
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്.
മരം മുറിക്കാൻ അനുമതി നൽകിയെന്ന് കേരളത്തിന്റെ മുതിർന്ന അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, കേരളത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ തങ്ങളെ ഒക്ടോബറിൽ അറിയിച്ചതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
National
പനാജി: താൻ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബോംബെ ഹൈക്കോടതി വിധിയോടു തരുൺ തേജ്പാൽ പ്രതികരിച്ചു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും സത്യം പുറത്തുവരുമെന്നും തേജ്പാൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
തെഹൽക്കയിലെ എന്റെ പ്രവർത്തനമാണ് എനിക്കെതിരേ നീക്കമുണ്ടാകാൻ കാരണം. അധികാരത്തിലുള്ളവർക്കെതിരേ സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ അവരെ ലക്ഷ്യമിടും. അവർ എന്റെ മാധ്യമപ്രവർത്തനം തടഞ്ഞു. തെഹൽക്കയുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞു. ജുഡീഷറിയിൽ എനിക്കു വിശ്വാസമുണ്ട് -തേജ്പാൽ പറഞ്ഞു.
ഐപിസി സെക്ഷന്‍ 378 പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ഐപിസി 354(എ) വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയ്ക്കും 254( ബി) വകുപ്പു പ്രകാരം മൂന്നു വര്‍ഷത്തെ കഠിന തടവിനുമാണ് തേജ്പാലിനെ ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ തരുണ്‍ തേജ്പാല്‍ പത്തു വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കി മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കാർ സത്യവാങ്മൂലത്തിൽ ഹർജിക്കാരുടെ മറുപടി തേടി സുപ്രീംകോടതി.
പരീക്ഷാരീതി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നെങ്കിൽ അത് ഉടൻ നടപ്പാക്കണമെന്നും വിദ്യാർഥികൾ പഴയ രീതിയിൽ പരീക്ഷയ്ക്ക് തയാറെടുപ്പുകൾ ആരംഭിച്ചതായും ഹർജിക്കാരായ ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയുടെ ശിപാർശകൾ കൂടി പരിഗണിച്ചശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കൂടാതെ സമഗ്രമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതായും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പരീക്ഷാത്തട്ടിപ്പുകൾ തടയുന്നതിനായി പബ്ലിക് എക്സാമിനേഷൻസ് അമൻമെന്റ് ആക്ട് 2026 പ്രകാരം നിയമനിർമാണം ശക്തമാക്കിയതായും കേന്ദ്രം വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടന മാറ്റണമെന്ന ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരുടെ ബെഞ്ച് 19ന് കേസ് വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: നിലവിലെ നിയമപ്രകാരം അതത് രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക നിർദേശങ്ങൾക്കാണ് ജനപ്രതിനിധികളുടെ തീരുമാനത്തേക്കാൾ മുൻഗണനയെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
പാർലമെന്റിലെയും നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ എംപിമാർക്കും എംഎൽഎമാർക്കും മേൽ അതത് രാഷ്ട്രീയ പാർട്ടികൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കാത്ത മഹാരാഷ്ട്ര സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടും ഏക്നാഥ് ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനെതിരേയുമുള്ള ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജി പേപ്പര്‍-പെന്‍ രീതിയിൽനിന്നും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിൽ നടത്തുന്നതും എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയ്ക്കു സമാനമായി രണ്ടു ഘട്ടങ്ങളിലായി നടത്തുന്നടക്കമുള്ള മാറ്റം പരിഗണനയിലാണെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദേശീയ പരീക്ഷ ഏജൻസി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ചിട്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
National
ന്യൂഡൽഹി: അക്രമസാഹചര്യങ്ങൾ അനുവദിക്കുന്നതിനുപകരം പ്രതിഷേധിക്കുന്ന യുവാക്കളുടെ ആശങ്ക മനസിലാക്കാൻ അധികാരികൾ ശ്രമിക്കണമെന്നു സുപ്രീംകോടതി.
ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ കോക്രോച്ച് ജനതാപാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ തയാറാകണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
National
ന്യൂഡൽഹി: കാവേരി നദിയിൽ നിന്ന് അർഹതപ്പെട്ട ജലംവിട്ടുതരാൻ കർണാടക സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
കാവേരി ജല അഥോറിറ്റി നിർദേശിച്ച അളവിൽ ജലം നൽകാൻ കർണാടക തയാറാകുന്നില്ലെന്നു പരാതിയിൽ പറയുന്നതായി തമിഴ്നാടിന്റെ അഭിഭാഷകൻ ബി. കരുണാകരൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ 29 മുതൽ 16 ദിവസത്തേക്ക് തമിഴ്നാടിനു പ്രതിദിനം 3,500 ഘനയടി ജലം നൽകണമെന്ന് കർണാടക സർക്കാരിന് കഴിഞ്ഞയാഴ്ച അഥോറിറ്റി നിർദേശം നൽകിയിരുന്നു. ഇതുപാലിക്കുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആക്ഷേപം.
National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിനെതിരായ അഴിമതി ആരോപണക്കേസിലെ സിബിഐ അന്വേഷണത്തോടു സംസ്ഥാനസർക്കാർ സഹകരിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പ്രതികരണം തേടി സുപ്രീംകോടതി. പെമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധമുള്ള കമ്പനികൾക്കു ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ പൊതുമരാമത്ത് കരാറുകൾ നൽകിയെന്നതാണു കേസ്.
വിഷയത്തിൽ സിബിഐ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ട് പരിഗണിച്ചശേഷമാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടങ്ങിയ ബെഞ്ചിന്റെ നടപടി. സംസ്ഥാന സർക്കാരിൽനിന്നു രേഖകൾ ലഭ്യമാക്കാൻ ഏജൻസി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഈമാസം 24ന് നേരിട്ടു ഹാജരായി സഹകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാനും മറുപടി നൽകാനും സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
പെമ ഖണ്ഡുവിനെതിരായ ആരോപണത്തെത്തുടർന്ന് 2015 ജനുവരി ഒന്നുമുതൽ 2025 ഡിസംബർ 31 വരെ നടന്ന കരാർ ഇടപാടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ കഴിഞ്ഞ ഏപ്രിലിലാണു സുപ്രീംകോടതി സിബിഐയോടു നിർദേശിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും രേഖകൾ നശിപ്പിക്കരുതെന്നും സംസ്ഥാന സർക്കാരിന് കോടതി കർശന നിർദേശം നൽകിയിരുന്നു.
National
ചെന്നൈ: കർണാടകയിൽ ഏത് പാർട്ടി അധികാരത്തിലിരുന്നാലും അവർ തമിഴ്നാടിന് ജലം നൽകാൻ മടിക്കുകയാണെന്നും കാവേരിയിലെ ജലം പങ്കിടുന്നതിൽ നീതിക്കായി സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുകയാണെന്നും തമിഴ്നാട് നിയമമന്ത്രി സി.ടി.ആർ. നിർമൽകുമാർ.
മറ്റു പാർട്ടികളുടെ ആവശ്യംകൂടി പരിഗണിച്ച് വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിജയ് എല്ലാ പാർട്ടികളുടെയും സംയുക്ത സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയിൽ(സിഡബ്ല്യുഎംഎ)നിന്നുള്ള നിർദേശങ്ങൾപോലും ആവർത്തിച്ച് നിരസിക്കുന്ന സാഹചര്യത്തിൽ കാവേരിയിലും മേക്കേദാട്ടു ഡാം തർക്കത്തിലും സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ സുപ്രീംകോടതിയാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുഎംഎ നിർദേശം കൂടി കർണാടക നിരാകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ തടവറകളിൽ ജാതി, ലിംഗം, വൈകല്യം എന്നിവയുടെ പേരിലുള്ള വിവേചനങ്ങൾ തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടിയന്തരമായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
തടവറകളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ നിരീക്ഷിക്കുന്നതിനായി സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2016ലെ മോഡൽ പ്രിസൺ മാന്വൽ പ്രകാരം ഓരോ ജില്ലയിലും സബ് ഡിവിഷണൽ ജയിലുകളിലും ബാഹ്യനിരീക്ഷണത്തിനായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഇത്തരമൊരു സംവിധാനമില്ലെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ സുപ്രീംകോടതിയെ അറിയിച്ചു.
ജയിൽ രജിസ്റ്ററുകളിൽനിന്ന് ജാതി കോളങ്ങൾ ഒഴിവാക്കൽ, ശുചീകരണജോലികൾ പുറംകരാർ നൽകൽ, ഭരണഘടനാവിരുദ്ധമായ വകുപ്പുകൾ ഭേദഗതി ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ പ്രതികരണം വേഗത്തിലാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയോടു ബെഞ്ച് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെപ്റ്റംബർ മൂന്നിനകം സംസ്ഥാനങ്ങൾ നൽകണം. സെപ്റ്റബർ പത്തിനു കേസ് വീണ്ടും കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: വിദ്യാർഥികൾ പാർലമെന്റിലേക്കു നടത്തിയ മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) പെല്ലറ്റ് വെടിവയ്പിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നു ഡൽഹി സർക്കാരിനോട് സുപ്രീംകോടതി.
പ്രതിഷേധക്കാർക്കു നേരേ ഡൽഹി പോലീസിന് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കാൻ അനുമതി നൽകുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വിദ്യാർഥികൾക്കുനേരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി അതു നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതി നടപടി.
എന്നാൽ പെല്ലറ്റ് തോക്കുകൾ നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംഭവദിവസം ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഗ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വിദ്യാർഥിസമരത്തിനു നേരേ സിആർപിഎഫിനു കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ പാർലമെന്റിലടക്കം പ്രതിഷേധം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിന്തുണച്ച് സിആർപിഎഫ് മേധാവി രംഗത്തെത്തി.
ഭയരഹിതമായി പ്രവർത്തിക്കണമെന്നും ജോലിക്കിടെയുണ്ടാകുന്ന നടപടികളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി എടുക്കുന്ന ഏതു തീരുമാനത്തിന്റെയും ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും ഉത്തരവാദിത്വമോ മറുപടിപറയലോ ആവശ്യമായി വരുന്നിടത്തെല്ലാം ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.
ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: വിവാദമായ കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് വിചാരണ കോടതി നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
മൻമോഹൻ സിംഗ് അന്തരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് എത്തുന്നത്. ഒഡീഷയിലെ കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം. മൻമോഹൻ സിംഗിനെതിരായി യാതൊരുവിധ തെളിവുകളുമില്ലെന്ന് വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിക്കാൻ സിബിഐ റിപ്പോർട്ട് നൽകിയത്.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തു കസ്റ്റഡിയിലോ അറസ്റ്റിലോ കഴിയുന്ന പ്രായപൂർത്തിയാകാത്ത എല്ലാ വിദ്യാർഥികളെയും ഉടൻ മോചിപ്പിക്കാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ടു പോകാമെങ്കിലും കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സമരക്കാർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. എന്നാൽ, കുറ്റകൃത്യ പശ്ചാത്തലമുള്ളവരുടെ കാര്യത്തിൽ ഈ സംരക്ഷണങ്ങൾ ബാധകമാകില്ല.
ഇതിനു പുറമെ ജൂൺ 20ന് നടന്ന പാർലമെന്റ് മാർച്ചിലും സമരത്തിന്റെ മറ്റു ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസും വിദ്യാഥികളും തമ്മിലുണ്ടായ സംഘർഷത്തിലും സ്വതന്ത്ര അന്വേഷണം നടത്തുമെന്ന സൂചനയും കോടതി നൽകി.
തെളിവുകൾ നശിപ്പിക്കാതിരിക്കാൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി കാമറ റെക്കോർഡിംഗുകൾ, വീഡിയോ ദൃശ്യങ്ങൾ, വയർലെസ് കമ്യൂണിക്കേഷൻ വിവരങ്ങൾ, പോലീസിന്റെ പിസിആർ ലോഗുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. പോലീസ് ശേഖരിച്ച പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങളും ഡിജിറ്റൽ ഡാറ്റകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും തത്കാലത്തേക്കു പൊതുജനമധ്യത്തിൽ ലഭ്യമാക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
ഡൽഹി പ്രതിഷേധത്തിനു പിന്നാലെ അക്രമസംഭവം റിപ്പോർട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങളുടെ വാദങ്ങളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതി കേൾക്കും. വിഷയവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കോടതി നിർദേശിച്ചു.
പ്രക്ഷോഭത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങളുടെ വാദവും സുപ്രീംകോടതിയിൽ ഇന്നലെ നടന്നു. സമരക്കാരോ അല്ലെങ്കിൽ പ്രതിഷേധത്തിൽ കടന്നുകൂടിയ സാമൂഹ്യവിരുദ്ധരോ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്കു പരിക്കേറ്റതായി ആരോപണമുണ്ട്.
എന്നാൽ, സമരക്കാർക്കെതിരേ പോലീസ് നടത്തിയ അതിക്രമം ഭരണഘടനയുടെ 14, 19, 21, 22 എന്നീ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശ ലംഘനമാണെന്നാണ് ഹർജക്കാർ ഉന്നയിച്ച പ്രധാന വാദം. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
National
ന്യൂഡൽഹി: ഒരു വ്യക്തി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു മാർച്ച് 24ന് സുപ്രീംകോടതി കേസിൽ വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരായ പുനഃപരിശോധനാ ഹർജി പരിശോധിച്ച ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, മൻമോഹൻ എന്നിവരുടെ ബെഞ്ച് മുൻ വിധിയിൽ യാതൊരു പിഴവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും ബെഞ്ച് അംഗീകരിച്ചില്ല.
ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള അപ്പീലാണ് സുപ്രീംകോടതി മാർച്ചിൽ പരിഗണിച്ചത്.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിൽ നിര്‍ദേശിച്ചിട്ടില്ലാത്ത മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സുപ്രീംകോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു മതത്തിന് മാത്രമായിരുന്നു പട്ടികജാതി അവകാശം ലഭ്യമായിരുന്നത്. പിന്നീട് 1956ല്‍ സിക്ക് മതത്തിനും 1990ല്‍ ബുദ്ധമതത്തിനും പട്ടികജാതി അവകാശം നല്കി.
National
ന്യൂഡൽഹി: പ്രതിഷേധക്കാരെ നേരിടാൻ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ യശോവർധൻ ആസാദും ജൂലൈ 20-ന് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ഇരകളും ചേർന്നാണ് ഹർജി സമർപ്പിച്ചത്.
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ ലോഹ പെല്ലറ്റുകൾ നിറച്ച തോക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 20-ന് പാർലമെന്റ് മാർച്ചിനിടെ ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗമുണ്ടായെന്നും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും വീഴ്ചകളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ പൂർണമായും തടയണം. ഈ വിഷയത്തെ കോടതി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ഇനിയൊരു വീഴ്ച പോലും അനുവദിക്കില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
പരീക്ഷ പൂർണമായും ഓൺലൈനിലാക്കുമ്പോൾ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് 27ന് കോടതി വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മേഘാലയയിൽ വെച്ച് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവംശിയുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മൂന്ന് ആഴ്ചയ്ക്കകം പോലീസിന് മുന്നിൽ കീഴടങ്ങാൻ സോനത്തോട് നിർദേശിച്ചു.
വിചാരണ ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ യുവതിക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 11 നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20ന് മധുവിധുവിനായി മേഘാലയയിലേക്ക് പോയ ഇരുവരെയും പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ രാജായുടെ മൃതദേഹം താഴ്വരയിൽ നിന്ന് കണ്ടെത്തി. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ സോനവും കാമുകൻ രാജ് സിംഗ് കുശ്വാഹയുമാണെന്ന് വ്യക്തമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷില്ലോംഗ് ജില്ലാ ജയിലിൽ 10 മാസത്തെ തടവുകാലത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 27നാണ് വിചാരണ കോടതി സോനത്തിന് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് രേഖകളിൽ കൊലപാതക കുറ്റത്തിന് പകരം മറ്റ് വകുപ്പുകളാണ് പോലീസ് തെറ്റായി ചേർത്തതെന്നും ഇത് വെറുമൊരു അക്ഷരത്തെറ്റായി കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതോടെയാണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ്.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ചലോ സൻസദ് മാർച്ചിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
തങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുതെന്നായിരുന്നു ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ മറുപടി.
പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെ തങ്ങൾക്കു വീഡിയോകളിൽ താത്പര്യമില്ലെന്നായി ജസ്റ്റീസ് സൂര്യകാന്ത്. കാണാൻ തങ്ങൾക്കു സമയമില്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ കോടതിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അഭിഭാഷകൻ പറയുന്നതു കേൾക്കാൻ കോടതി തയാറായില്ല. ഓൺലൈൻ ആക്ടിവിസത്തിന്റെ മറവിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശത്തിൽനിന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഉദയം.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി.
എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. ബോർഡ് നടപടികൾ സ്റ്റേ ചെയ്തതിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തത്കാലം ബോർഡ് പ്രവർത്തിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
National
ഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം. സർക്കാർ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി നിയോഗിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ഇതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചു. എന്നാൽ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേൽനോട്ടവും തുടരും.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസി മുക്കവുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റീസ് ഉൾപ്പെടെ 34ൽനിന്ന് 38 ആയി ഉയർത്തുന്നതിന് സുപ്രീംകോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിപ്പിച്ചു.
1956ലെ ആക്ടിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. ചീഫ് ജസ്റ്റീസ് ഒഴികെ ജഡ്ജിമാരുടെ എണ്ണം 33ൽനിന്ന് 37 ആയി ഉയർത്തിക്കൊണ്ട് മേയ് മാസത്തിൽ രാഷ്ട്രപതി പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമായാണ് സർക്കാരിന്റെ പുതിയ ബില്ല്.
ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത ഈ ബിൽ പാസാക്കാൻ പാർലമെന്റിൽ സാധാരണ ഭൂരിപക്ഷം മതിയാകും. ഇതിനുമുമ്പ് 2019ലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റീസ് ഒഴികെ 30ൽനിന്ന് 33 ആയി ഉയർത്തിയത്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം രാഷ്ട്രീയവത്കരിക്കരുതെന്നു സുപ്രീംകോടതി.
സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ട് പരിശോധിച്ചശേഷം വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണം നിഷ്പക്ഷവും സുതാര്യവുമായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കു താത്കാലിക നിയന്ത്രണം ഏർപ്പെടുത്തികേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തയാഴ്ച ആദ്യം സുപ്രീംകോടതി വാദം കേൾക്കും.
ഹൈക്കോടതി അനുമതിയില്ലാതെ വഖഫ് ബോർഡ് പ്രമുഖ തീരുമാനങ്ങൾ എടുക്കുന്നതും മൂലധനച്ചെലവുകൾ നടത്തുന്നതും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും തടഞ്ഞു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് ബോർഡിന്റെ ഘടന ചോദ്യം ചെയ്തുള്ള ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ ഈ ഉത്തരവിലൂടെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിലച്ചതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ വി. ചിദംബരേഷ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. എങ്കിലും വിഷയത്തിൽ അടിയന്തിര വാദം കേൾക്കാൻ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിസമ്മതിച്ചു.
2025ലെ വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന നിബന്ധന നിലവിലെ ബോർഡ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
വിവാദമായ മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഉമ്മീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
National
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎംഎസ്) സംവിധാനത്തിലെ പാകപ്പിഴവിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഡിജിറ്റൽ മൂല്യനിർണയ രീതി കാരണം വിദ്യാർഥികൾ അനുഭവിക്കുന്ന നിരാശയും മാനസിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്. ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയിൽ വ്യവസ്ഥാപിതമായ ചില വീഴ്ചകൾ കടന്നുകൂടിയിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ മൂല്യനിർണയത്തിന് കൃത്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാരിനും സിബിഎസ്ഇക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
വിഷയം പരിഹരിക്കുന്നതിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം സുപ്രീംകോടതി തേടി. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ഒരു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
വ്യക്തിഗതമായി മാർക്കുകളിൽ വന്ന പിഴവുകൾ ഇതിനകംതന്നെ പരിഹരിച്ചിട്ടുണ്ടെന്നും എന്നാൽ, ഡിജിറ്റൽ മൂല്യനിർണയത്തിൽ വ്യാപകമായുണ്ടായ പോരായ്മകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ മൂല്യനിർണയ സംവിധാനം പുനഃപരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനുമായി ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച ഹർജിയിൽ വാദം കേൾക്കുമ്പോൾ വിഷയത്തിൽ സിബിഎസ്ഇ സ്വീകരിച്ചിരിക്കുന്ന തിരുത്തൽ നടപടികൾ വിശദമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ലൈംഗികാത്രിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പാറ്റ്ന ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിവാദ ഉത്തരവിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചത്. ഒരു സ്ത്രീയുടെ വസ്ത്രം നീക്കം ചെയ്യുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന പാറ്റ്ന ഹൈക്കോടതിയുടെ നിരീക്ഷണമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ 'നാഷണൽ ജുഡീഷ്യൽ അക്കാദമി'യുടെ റിപ്പോർട്ട് സുപ്രീംകോടതിയുടെയും എല്ലാ ഹൈക്കോടതികളുടെയും വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഈ വിഷയത്തിൽ ജഡ്ജിമാർ വേണ്ടത്ര ഗവേഷണം നടത്തുന്നില്ലെന്നും കേസുകൾ കൈകാര്യം ചെയ്യുമ്പോൾ വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
2008ലെ ഒരു കേസിലായിരുന്നു പാറ്റ്ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം. ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിൽ വെച്ച് അതിക്രമത്തിന് ഇരയായ സ്ത്രീയുടെ കേസിൽ, പ്രതിയെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. വൈദ്യപരിശോധനാ റിപ്പോർട്ടുകളുടെ അഭാവവും വ്യക്തമായ തെളിവുകളില്ലാത്തതുമാണ് പ്രതിയെ കുറ്റവിമുക്തനാക്കാൻ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഈ പ്രവൃത്തി ബലാത്സംഗശ്രമമല്ല, മറിച്ച് സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം തയ്യാറാക്കുമ്പോഴും ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളെ ലഘൂകരിച്ചുകാണുന്ന പ്രവണത ജുഡീഷ്യറിയിൽ ഉണ്ടാകാൻ പാടില്ലെന്ന് സുപ്രീംകോടതി കർശനമായി ഓർമിപ്പിച്ചു.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം ഹിന്ദു ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരേ പരിമിത ഇടക്കാലാശ്വാസം നൽകി സുപ്രീംകോടതി.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെ തർക്കസ്ഥലത്തിന് സമീപമുള്ള തുറന്ന സ്ഥലത്ത് പ്രാർഥന നടത്താൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
കേസിലെ അന്തിമവിധിക്ക് മുമ്പേയുള്ള താത്കാലിക ക്രമീകരണമാണിതെന്നും കോടതി വ്യക്തമാക്കി. മേയ് 15ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയെത്തുടർന്ന് പുരാവസ്തു വകുപ്പ് സമുച്ചയത്തിൽ വരുത്തുന്ന ഒരു മാറ്റവും സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കാൻ പാടില്ലെന്നും ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
ഭോജ്ശാല സമുച്ചയം ഹിന്ദു സമുദായത്തിന് തിരികെ നൽകണമെന്നും മുസ്ലിം വിഭാഗക്കാർ അവിടെ നടത്തുന്ന പ്രാർഥന വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി മേയ് 15ന് വിധി പുറപ്പെടുവിച്ചത്.
ഈ മേഖലയിലെ കമാൽ മൗല മസ്ജിദ് ഉൾപ്പെടുന്ന തർക്ക പ്രദേശത്തിന്റെ മതപരമായ സ്വഭാവം സരസ്വതീ ദേവിയുടെ ക്ഷേത്രമുള്ള ഭോജ്ശാലയാണെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമുച്ചയത്തിൽ പ്രാർഥന നടത്താൻ മുസ്ലീംകൾക്ക് അനുമതി നൽകികൊണ്ട് 2003ൽ പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
പള്ളിനിർമാണത്തിന് മുസ്ലിംകൾക്ക് ബദൽ സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ലണ്ടൻ മ്യൂസിയത്തിലുള്ള സരസ്വതീ ദേവിയുടെ വിഗ്രഹം തിരികെ എത്തിക്കണമെന്ന ആവശ്യത്തിൽ വിദേശത്തുള്ള പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്ന യാതൊരു നിർദേശവും നൽകാൻ സാധിക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തോട് (എസ്ഐടി) സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് പരിഗണിച്ചശേഷം കൂടുതല്‍ നിര്‍ദേശം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍, യുപി സര്‍ക്കാര്‍, ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് എന്നിവര്‍ക്കു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അന്വേഷണപുരോഗതി, അന്വേഷണസംഘത്തിലെ അംഗങ്ങള്‍ എന്നിവ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയയ്ക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തെങ്കിലും ആവശ്യം കോടതി തള്ളി. ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിനു മുമ്പായി ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണവും ഇതുവരെയുള്ള അന്വേഷണപുരോഗതിയും പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. നിയമപ്രകാരം അവസാനം ഹര്‍ജിക്കാര്‍ റിപ്പോര്‍ട്ട് കാണുമല്ലോയെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തില്‍ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരിലൊരാളായ നരേന്ദ്ര കുമാര്‍ ഗോസ്വാമി ആവശ്യപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങള്‍ സിഎജി ഓഡിറ്റ് ചെയ്യണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര ട്രസ്റ്റിന്റെ കാര്യങ്ങളും ഭരണവും സാമ്പത്തിക ക്രമക്കേടുകളും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Kerala
ന്യൂഡല്‍ഹി: ഭാരതീയ വായുയാന്‍ അധീനിയം- 2024 പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ സീല്‍ ചെയ്ത കവറില്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി.
ചട്ടങ്ങളുടെ കരടു തയാറായിട്ടുണ്ടെന്നും പരിഭാഷപ്പെടുത്തുകയാണെന്നും ഈ ചട്ടങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍, ചട്ടങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നതു പരിഗണിക്കാതെ കോടതിയില്‍ സമര്‍പ്പിക്കണമെന്നു ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ഓഗസ്റ്റ് മൂന്നിനു ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കും.
സ്വകാര്യ വിമാനക്കമ്പനികളുടെ കൊള്ളയില്‍ നിന്നു യാത്രക്കാര്‍ക്കു സംരക്ഷണവും ആശ്വാസവും നല്കണമെന്നാവശ്യപ്പെട്ടു സാമൂഹിക പ്രവര്ത്തകന് എസ്. ലക്ഷ്മിനാരായണന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബക്രീദിന്റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച ആരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് 13ന് പരിഗണിക്കും.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല.
National
ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.
ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.
National
ന്യൂഡൽഹി: സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. സ്വയം കേസ് വാദിക്കാനെത്തിയ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ എറിയുകയും ചെയ്തു. ഇതേതുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി.
ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപാണ് ജസ്റ്റീസുമാരെ അധിക്ഷേപിച്ചത്. ഇയാൾ അഭിഭാഷകനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുൻപിലായിരുന്നു സംഭവങ്ങൾ.
ലക്നോ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് താൻ ഉത്തരവിടുന്നു എന്നാണ് യുവാവ് കോടതിയോട് പറഞ്ഞത്. എന്നാൽ ഇതു കേട്ടതോടെ നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ എന്ന് ജസ്റ്റീസ് കെ.വി.വിശ്വനാഥൻ ചോദിച്ചു. പിന്നാലെ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കു നേരെ വലിച്ചെറിയുകയും ചെയ്തു.
സംഭവത്തിൽ ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുത്തിട്ടില്ല. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുമുള്ള നടപടി എടുക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു.
National
ന്യൂഡൽഹി: ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സംവരണ ആനൂകൂല്യങ്ങൾ നിഷേധിച്ചുള്ള മദ്രാസ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ.
സംവരണാനുകൂല്യം അനുവദിച്ചുകൊണ്ടുള്ള 2024 മാർച്ച് ഒന്‍പതിലെ സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെയാണ് സർക്കാർ സുപ്രീം കോടതിയിൽ ചോദ്യംചെയ്യുന്നത്.
പിന്നോക്കവിഭാഗങ്ങൾ(ബിസി), അതി പിന്നോക്ക വിഭാഗങ്ങൾ (എംബിസി), വിജ്ഞാപനം ചെയ്യപ്പെട്ട സമുദായങ്ങൾ (ഡിഎൻസി) പട്ടികജാതി (എസ്സി) എന്നിവയിൽപ്പെട്ട വ്യക്തികൾ ഇസ്ലാം മതം സ്വീകരിച്ചാൽ ബിസി (മുസ്ലിം) ആയി കണക്കാക്കണമെന്നും സംവരണ ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.
ഇതു ഭരണഘടനാവിരുദ്ധവും സുപ്രീം കോടതിയെ മുൻ ഉത്തരവുകളുടെ ലംഘനവും ആണെന്നായിരുന്നു ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, പിബി ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. ഇതിനെതിരേയാണ് സർക്കാരിന്റെ ഹർജി.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. "കോടതിയെ വെല്ലുവിളിക്കാൻ ധൈര്യപ്പെടരുത്" എന്ന് സുപ്രീം കോടതി ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സർക്കാർ കാണിക്കുന്ന കാലതാമസവും തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നതയുമാണ് കോടതിയെ ചൊടിപ്പിച്ചത്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ബംഗാളിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്നും ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ഇടപെടൽ. പട്ടികയിലെ തെറ്റുകൾ നീക്കി കുറ്റമറ്റതാക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
വോട്ടർ പട്ടിക പുതുക്കുന്നതിന്റെ മറവിൽ യഥാർത്ഥ വോട്ടർമാരെ പുറത്താക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി വെല്ലുവിളികൾ ഉയർത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ ഇടപെടാനാണ് ശ്രമമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ കൃത്യമായ വോട്ടർ പട്ടിക നിശ്ചിത സമയത്തിനുള്ളിൽ തയ്യാറാക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
Kerala
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി കോടതിയിൽ വാദിച്ചു.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് ഉറപ്പ് നൽകിയ സുപ്രീംകോടതി, മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും കോടതിയിൽ പരിഗണിക്കും.
ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആർ നോട്ടീസ് നൽകിയത്. 100 ലധികം പേരാണ് എസ്ഐആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് ആസാമിൽ എസ്ഐആർ ഇല്ലാത്തത്?. തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.
ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ സാധിക്കില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിർദേശിച്ച് സുപ്രീംകോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റാ, വാട്സ്ആപ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി.സുപ്രീംകോടതി അഭിഭാഷകൻ ജി. പ്രകാശാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനായി ഹർജി സമർപ്പിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
വിരമിച്ച ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ. കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായാണ് സമിതി. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
National
കോൽക്കത്ത: മുകുൾ റോയിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോൽക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി.
ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് മുകുൾ റോയിയെ കോൽക്കത്ത ഹൈക്കോടതി അയോഗ്യനാക്കിയത്. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കൂറുമാറ്റ നിരോധന വ്യവസ്ഥകൾ ഉപയോഗിച്ച് റോയിയെ പുറത്താക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർഥിയായി കൃഷ്ണനഗർ ഉത്തറിൽ നിന്നും മത്സരിച്ച് ജയിച്ച മുകുൾ റോയി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് (ടിഎംസി) കൂറുമാറി. മുഖ്യമന്ത്രി മമത ബാനർജിയുടെയും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ടിഎംസിയിൽ അംഗത്വം സ്വീകരിച്ചത്.
ബിജെപി ടിക്കറ്റിൽ നിന്നും വിജയിച്ച മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ വരുമെന്ന് നിരീക്ഷിച്ചാണ് കോൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. ബിജെപിയാണ് മുകുൾ റോയിക്കെതിരെ കോൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ജസ്റ്റീസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അഹമ്മദാബാദ് വിമാനാപകടം വളരെ നിർഭാഗ്യകരമാണ്. വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല. വിമാനദുരന്തത്തിൽ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ട കാര്യമില്ല.- ജസ്റ്റീസ് ബാഗ്ചി പറഞ്ഞു.
എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോൾ താനല്ലെന്ന് നിങ്ങളുടെ മകൻ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ വാൾട്ട് സ്ട്രീറ്റ് ജേണൽ ഉൾപ്പടെയുള്ള വിദേശ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനേയും സുപ്രീംകോടതി വിമർശിച്ചു.
വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എന്നാൽ, ഈ റിപ്പോർട്ട് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിമാനദുരന്തം സംബന്ധിച്ച് ഇപ്പോൾ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് കോടതിയിൽ വാദിച്ചു. ഹർജി ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് പരാമർശിച്ചാണ് കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹര്‍ജി നൽകിയത്.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
National
ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീംകോടതി.
നാലുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.
കേസിലെ മറ്റൊരു പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പിന്നാലെ ഹർജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008ല്‍ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീൻ.
കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി നിലവിൽ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീംകോടതി നൽകിയ ജാമ്യവ്യവസ്ഥയിൽ കേരളത്തിൽ ചികിത്സയിലാണ്.
Kerala
ന്യൂഡൽഹി: ആലപ്പുഴ ഷാൻ കൊലക്കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം നൽകിയിരുന്നു.
എന്നാൽ ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് നാലുപ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം ഫയല്‍ ചെയ്തത്.
സാക്ഷികളുടെ സുരക്ഷഉറപ്പാക്കണം എന്ന കർശന നിർദേശം സംസ്ഥാന പോലീസിന് നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന് ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.
ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴയിലും പാലക്കാടും ആണ് കേരളത്തത്തില്‍ അവസാനമായി വര്‍ഗീയ കൊലപാതകകങ്ങള്‍ നടന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഫയല്‍ ചെയ്ത സത്യവാഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Leader Page
എരിതീയിൽ ക്രൈസ്തവർ -3
ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങൾ ഇന്ത്യയിലൊട്ടാകെയുള്ളതാണെങ്കിലും ചില പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഉത്തർപ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യൻവിരുദ്ധ സംഭവങ്ങളിൽ മുൻനിരയിൽ നിൽക്കുന്നു. 2023ൽ, യുപിയിൽ മാത്രം 301 എണ്ണം റിപ്പോർട്ട് ചെയ്തു. മതപരിവർത്തന വിരുദ്ധ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെയും സജീവമായ ഹിന്ദുത്വ ജാഗ്രതാ സാന്നിധ്യത്തിന്റെയും പ്രതിഫലനമാണിത്. ഗണ്യമായ ആദിവാസി ക്രിസ്ത്യൻ ജനസംഖ്യയുള്ള ഛത്തീസ്ഗഡിൽ ഡസൻ കണക്കിന് ആക്രമണങ്ങളും നടന്നു. ഇതിൽ മുഴുവൻ ക്രൈസ്തവ ഗ്രാമങ്ങളും സാമൂഹിക ബഹിഷ്കരണവും അക്രമവും നേരിടുന്ന സംഭവങ്ങളും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പ്രശ്നം ക്രിസ്ത്യാനികൾക്ക് പൊതുശ്മശാനങ്ങളിൽ സംസ്കാരത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്നതാണ്. ചില ഗ്രാമങ്ങളിൽ, ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തില്ലെങ്കിൽ പൊതുകിണറുകളിൽനിന്ന് വെള്ളം എടുക്കുന്നതിനോ മറ്റ് പൊതുവസ്തുക്കൾ ഉപയോഗിക്കുന്നതിനോ വിലക്കുണ്ട്. ക്രിസ്ത്യൻ ശവകുടീരങ്ങൾ അശുദ്ധമാക്കുമെന്ന പരസ്യമായ ഭീഷണി അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയാണ്. കുഴിച്ചെടുക്കുകയോ നിർബന്ധിച്ച് ദഹിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
സുപ്രീം കോടതി ഇടപെടലുകൾ
ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളിൽ, 2022 സെപ്റ്റംബറിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ എട്ടു സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിട്ടു. ഹർജിയിൽ 2021ൽ 500ലധികം സംഭവങ്ങളും 2022ൽ പ്രതിമാസം ശരാശരി 45-50 അക്രമങ്ങളും ഉണ്ടാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടപെടൽ ആരോപണങ്ങൾ ഗൗരവമായി എടുത്തുകൊണ്ടായിരുന്നു. സംസ്ഥാനങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാൻ രണ്ട് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചത്.
ക്രിസ്ത്യൻ സമൂഹത്തിലെ പലരും ഇതിനെ ഉത്തരവാദിത്വത്തിലേക്കുള്ള ഒരു ചുവടുവയ്പായി സ്വാഗതം ചെയ്തു. എന്നിരുന്നാലും, വിഷയം പുരോഗമിച്ചപ്പോൾ, കേന്ദ്രസർക്കാരിന്റെ നിലപാട് പൂർണമായ നിഷേധമായിരുന്നു. 2023 ഏപ്രിലിൽ, സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പീഡന റിപ്പോർട്ടുകൾ തെറ്റും അതിശയോക്തിയുമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യയിൽ ക്രൈസ്തർക്കെതിരേ വർഗീയ അക്രമമില്ലെന്നുപോലും അവകാശപ്പെട്ടു. കെട്ടിച്ചമച്ച വിവരണങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി സർക്കാർ ഹർജിക്കാരെ കുറ്റപ്പെടുത്തി. ഈ പ്രതികരണം ക്രിസ്ത്യൻ പ്രവർത്തകരിലും അവകാശ സംരക്ഷകരിലും നിരാശയുണ്ടാക്കി. എന്നിരുന്നാലും, സുപ്രീംകോടതി കേസ് തീർപ്പാക്കിയില്ല; 2023-24 വരെ വാദം കേൾക്കൽ തുടർന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ കോടതികൾ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
നിലവിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്. മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണവും തേടി. സംസ്ഥാനങ്ങൾ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിയമനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടസിറ്റിസണ് ഫോർ ജസ്റ്റീസ് ആൻഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു നടപടി.
നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ആറാഴ്ചയ്ക്കുശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് സഭാ സംവിധനങ്ങൾക്ക് തങ്ങളുടെ ആകുലതകൾ സുപ്രീംകോടതിയെ ബോധിപ്പിക്കാനാകണം.
ക്രൈസ്തവർ രാഷ്ട്രീയമായി തീർത്തും നിർണായകമല്ലാത്ത സംസ്ഥാനങ്ങളിലാണ് പീഡനങ്ങൾ കൂടുതൽ. പൊതുവേദികളിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ബിജെപിയുടെ ഉന്നത നേതൃത്വം വളരെ അപൂർവമായി മാത്രമേ പരാമർശിക്കാറുള്ളൂ. പകരം, ബിജെപി നേതാക്കൾ പലപ്പോഴും നിർബന്ധിത മതപരിവർത്തനമെന്ന ആരോപണം മുറുകെപ്പിടിക്കുന്നു. ഉദാഹരണത്തിന്, ഛത്തീസ്ഗഡിലെ പുതിയ ബിജെപി മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നൽകുന്നതിന്റെ മറവിൽ ആളുകളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് പരസ്യമായി ആരോപിച്ചു.
കൂടാതെ ക്രൈസ്തവർ നൽകുന്ന പരാതികളിൽ അന്വേഷണമോ കേസെടുക്കൽ പോലുമോ ഇല്ല. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലിലടയ്ക്കപ്പെട്ട സംഭവത്തിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. പോലീസ് തന്നെ ഭീഷണിയിൽ പങ്കെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
മതസ്വാതന്ത്ര്യം
ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 എല്ലാ പൗരന്മാർക്കും സ്വതന്ത്രമായി അവരുടെ മതം പ്രഖ്യാപിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നു. എന്നാൽ, ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഈ അവകാശം പൊള്ളയായിരിക്കുന്നു. വിശ്വാസത്തിന്റെ പ്രചാരണം അല്ലെങ്കിൽ വിശ്വാസം പങ്കിടൽ, അപകടകരമായ പ്രവർത്തനമായി മാറിയിരിക്കുന്നു. മറ്റുള്ളവരുമായി പ്രാർഥിക്കുന്നതോ വിശുദ്ധ ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതോപോലും മതപരിവർത്തന ആരോപണങ്ങൾക്ക് കാരണമായേക്കാം. ഇന്ത്യൻ ജനാധിപത്യം മതേതരത്വം, എല്ലാ മതങ്ങളുടെയും തുല്യ ബഹുമാനം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മോദി സർക്കാരിന്റെ കീഴിലുള്ള പ്രവണതകൾ ഭൂരിപക്ഷവാദത്തിലേക്കുള്ള ഒരു മാറ്റം കാണിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് തങ്ങള്‍ രണ്ടാം തരം പൗരന്മാരായി കൂടുതലായി അനുഭവപ്പെടുന്നു.
ഈ വിഷയങ്ങളിൽ ജുഡീഷറിയുടെ സമീപകാല ഇടപെടൽ ജനാധിപത്യ പരിഹാരത്തിനുള്ള പ്രതീക്ഷ നൽകുന്നുണ്ട്. ഇപ്പോൾ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും നീതിയുക്തമായ തീരുമാനമുണ്ടാകുകയും ചെയ്യുമെന്നാണ് ക്രൈസ്തവരുടെ പ്രതീക്ഷ. നിർബന്ധിത മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ ഏറ്റവും ക്രൂരമായ വശങ്ങൾ റദ്ദാക്കുകയും വർഗീയ അക്രമത്തിനെതിരേ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്താൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ക്രൈസ്തവരുടെ ആശങ്ക അകറ്റാനും കഴിയും.
രാജ്യം നിയമവാഴ്ചയാലാണ് ഭരിക്കപ്പെടുന്നതെന്നും ഇതിനു വിരുദ്ധമായ അക്രമവും വിദ്വേഷവും കുറ്റകൃത്യങ്ങളും ആരും പ്രോത്സാഹിപ്പിക്കില്ലെന്നുമുള്ള സന്ദേശമാണ് ആഗോളതലത്തിൽ കുതിച്ചുയരുന്ന ഇന്ത്യക്കു നല്ലത്.
(അവസാനിച്ചു)
National
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വൻതാരയ്ക്കെതിരെ (ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ) അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി.
അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ അധ്യക്ഷനായി ജസ്റ്റീസ് ജെ. ചെലമേശ്വറെ നിയമിച്ചു. പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് നടപടി.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും, മൃഗങ്ങളെ ഏറ്റെടുക്കുന്നതിൽ വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് എസ്ഐടി അന്വേഷിക്കേണ്ടതുണ്ട്.
ജസ്റ്റീസ് രാഘവേന്ദ്ര ചൗഹാൻ (മുൻ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ്), ഹേമന്ത് നഗ്രാലെ ഐപിഎസ് (മുൻ മുംബൈ പോലീസ് കമ്മീഷണർ), അനീഷ് ഗുപ്ത ഐആർഎസ് (അഡീഷണൽ കമ്മീഷണർ കസ്റ്റംസ്) എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.
Leader Page
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ‘മുല്ലപ്പെരിയാർ 50 അടി ടണൽ അപകടകരം’ എന്ന തലക്കെട്ടിൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ പ്രശ്നം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടോ അതോ ടണലോ എന്നതാണ്. കേരളത്തിലെ സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടുന്പോഴാണ് കേരളത്തിന്റെ ദീർഘകാല ഭാവിക്കു ഡാം ആണോ നല്ലത് എന്ന ചോദ്യമുയരുന്നത്. പുതിയ അണക്കെട്ട് നല്ലതല്ലെന്നാണ് പി.സി. സിറിയക് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അപ്പോൾ പിന്നെ എന്ത് എന്ന ചോദ്യം പ്രസക്തമാണ്. അതിന് അദ്ദേഹം നിർദേശിക്കുന്നത് നിലവിൽ തമിഴ്നാട്ടിലേക്കു വെള്ളമെടുക്കുന്ന ടണലിന്റെ വലിപ്പം കൂട്ടണം എന്നാണ്. ഒരു വിദഗ്ധ ഏജൻസിയും ഇന്നുവരെ അങ്ങനെയൊരു നിർദേശം മുന്നോട്ടു വച്ചിട്ടില്ല. കേരളത്തിൽ അധികമഴ ലഭിക്കുന്ന സന്ദർഭങ്ങളിൽ നിലവിലുള്ള ടണലി
ലൂടെ എത്തുന്ന വെള്ളം മുഴുവൻ പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോകാൻ കഴിയാതെ വരുന്പോൾ ഫോർബെ ഡാമിലെ ഷട്ടർ തുറന്നുവിടാറുണ്ട്. അങ്ങനെ ഷട്ടർ തുറന്നുവിടുന്പോൾ കന്പം-കുമളി റോഡിലെ ഇറച്ചിപ്പാലം (ഇരൈച്ചിൽ പാലം) ഭാഗത്തു റോഡ് തകരുന്നതു പതിവാണ്. അപ്പോൾ പിന്നെ നിലവിലെ ടണലിന്റെ വലിപ്പം കൂട്ടിയാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവിലുള്ള ടണലിന്റെ വലിപ്പം കൂട്ടി വെള്ളം കൊണ്ടുപോയാൽ ചിലപ്പോൾ കന്പം, ഗൂഡല്ലൂർ തുടങ്ങിയ ടൗണുകൾകൂടി ഒലിച്ചുപോയേക്കാം.
പിന്നീട് അദ്ദേഹം പറയുന്നത് “ഇപ്പോൾ ചിലർ പറയുന്നതുപോലെ 50 അടി വരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല, അങ്ങനെ വന്നാൽ തമിഴ്നാട് കൂടുതൽ ജലം എടുക്കും” എന്നാണ്. ഇവിടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ യഥാർഥ പ്രശ്നം എന്താണെന്നു ചിന്തിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്പോഴാണ് പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക വർധിക്കുന്നത്. 2025ലെ കാര്യം തന്നെയെടുക്കാം. ഈ വർഷം വേനൽക്കാലത്ത് ഡാമിലെ ജലനിരപ്പ് 106 അടി വരെ താഴ്ന്നുനിൽക്കുന്ന സമയത്താണ് ജൂണ്‍ ആദ്യ ആഴ്ചയിൽ കാലവർഷം ആരംഭിച്ചത്. വെറും 20 ദിവസംകൊണ്ട്, ജൂണ്‍ 29ന് ഡാം തുറന്നുവിടേണ്ട സ്ഥിതിയുണ്ടായി.
അതായത്, കർക്കടകമാസം തുടങ്ങുന്നതിനു 15 ദിവസം മുന്‍പ് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ടാണ് 2014ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് താഴ്ന്ന വിതാനത്തിൽ പുതിയ ടണൽ നിർമിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന്.
നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഡെഡ് സ്റ്റോറേജ് 106 അടിയാണ്. കാലവർഷം തുടങ്ങുന്നതോടുകൂടി ജലനിരപ്പ് ഉയരാൻ തുടങ്ങുന്നത് 106 അടിയിൽനിന്നാണ്. കാലവർഷം അവസാനിക്കാറാകുന്പോൾ ഡാം ഏതാണ്ട് നിറയും. പിന്നീട് തുലാവർഷംകൂടി എത്തുന്നതോടെ പെരിയാർ തീരം ആശങ്കയിലാകും. അതുകൊണ്ടാണ് 50 അടി ടണൽ എന്ന നിർദേശം 2011ൽ ഈ ലേഖകൻ മുന്നോട്ടു വച്ചത്. ഇന്ത്യയുടെ പരമോന്നത നീതിപീഠവും ഈ ടണലിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
2014ലെ വിധിയിൽ സുപ്രീംകോടതി അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരിക്കുന്നു 50 അടി ഉയരത്തിൽ പുതിയ ടണൽ വേണമെന്ന് (പേജ് 151). ഈ ടണൽ നിർമിക്കേണ്ടത് തമിഴ്നാടാണ് (പേജ് 151). ഒരു പുതിയ ഡാം നിർമിക്കുന്നതിനേക്കാൾ എത്രയോ തുച്ഛമായ ചെലവു മാത്രമേ വരൂ ഒരു പുതിയ ടണൽ നിർമിക്കാൻ (പേജ് 151). കോടതി പറയുന്നു, തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിൽനിന്നു കൂടുതൽ ജലം എടുക്കാം (പേജ് 151). ഇതിലെല്ലാമുപരി കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകൾ അവസാനിക്കുമല്ലോയെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു (പേജ് 151).
ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇങ്ങനെയൊരു വിധി വന്നിട്ടുണ്ട്. ഇത്തരമൊരു വിധി വന്നത് സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി), സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ (സിഎസ്എംആർഎസ്), സെൻട്രൽ വാട്ടർ പവർ കോർപറേഷൻ (സിഡബ്ല്യുപിസി), ഇന്ത്യൻ റെയർ എർത്ത് (ഐആർഇ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് സുപ്രധാന ഏജൻസികൾ നടത്തിയ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി ഇത്രയും ഏജൻസികളുടെ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 50 അടിക്ക് ടണലാകാം എന്നു പറയുന്പോൾ, 50 അടിക്ക് ടണൽ അപകടകരം എന്ന് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പു താഴ്ന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂഗർഭജലം താഴ്ന്നുപോകും എന്ന വാദവും കൂടുതൽ പഠനവിഷയമാക്കണം. ഒരു നദിയുടെ സ്വാഭാവിക ഒഴുക്ക് ഡാം കെട്ടി തടസപ്പെടുത്തുന്പോൾ എത്ര കിലോമീറ്ററിലാണ് ഭൂഗർഭ ജലം താഴ്ന്നുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുണ്ടോ? ഒരു പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് അവിടെ ലഭിക്കുന്ന മഴയുടെ തോതനുസരിച്ചാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂഗർഭജലം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ ഡാം ഉള്ളതുകൊണ്ടാണ് എന്ന് പറയുന്നതിൽ എത്രമാത്രം ശരിയുണ്ട് എന്നത് പഠിക്കേണ്ടതുതന്നെയാണ്. എന്തായാലും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടാണോ പുതിയ ടണലാണോ അഭികാമ്യം എന്ന ചർച്ചയാണു നടക്കേണ്ടത്. മറ്റു വഴിക്കു ചർച്ച തിരിച്ചുവിടാൻ ശ്രമിക്കുന്നത് ഒട്ടും ഗുണകരമല്ല.
(ലേഖകൻ മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർപേഴ്സണും ഡാം 999 + 999 എന്ന
ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.)