സുപ്രീം കോടതി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍ക്കെതിരായ അയോഗ്യതാ നടപടികളില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി.
20 വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി നല്കിയ ഹര്‍ജികള്‍ പരിശോധിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അഭിഷേക് ബാനര്‍ജിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കല്യാണ്‍ ബന്ദോപാധ്യായ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ സ്പീക്കര്‍ പാലിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു.
തുടര്‍ന്ന്, ഹര്‍ജികളില്‍ സ്പീക്കര്‍ ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സമയബന്ധിതമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
Tags : Disqualification Proceedings TMC MPS SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash