ജി. പ്രിയങ്ക
കൊച്ചി: കൊച്ചി മെട്രോയില്‍ ഔദ്യോഗിക രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശവുമായി എംഡിയുടെ സര്‍ക്കുലര്‍.
കെഎംആര്‍എല്‍ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിനാണു ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ ജി. പ്രിയങ്ക കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിച്ഛായ നിലനിര്‍ത്തുന്നതിനും തൊഴില്‍ സംസ്കാരം മെച്ചപ്പെടുത്തുന്നതിനുമാണു നടപടിയെന്ന് എംഡി പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വേ ബോര്‍ഡ്, മിനിസ്ട്രി ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് തുടങ്ങിയ ഉന്നത ഓഫീസുകളിലേക്കുള്ള അഡ്മിനിസ്ട്രേറ്റീവ് സ്വഭാവമുള്ള എല്ലാത്തരം കത്തുകളും മാനേജിംഗ് ഡയറക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ ഇനി അയയ്ക്കാവൂ എന്നാണു നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവടങ്ങളിലേക്ക് ധനകാര്യം, പ്രോജക്ടുകള്‍, ഓപ്പറേഷന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ അയയ്ക്കുന്ന കത്തുകള്‍ക്കു ബന്ധപ്പെട്ട ഡയറക്ടര്‍മാരുടെ അംഗീകാരവും നേടണം.
കൂടാതെ, മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും നല്കുന്ന വാര്‍ത്തകള്‍ പിആര്‍ഒ വഴി മാത്രമേ നല്‍കാവൂ. അല്ലാതെ നല്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കും. എംഡിയോട് രഹസ്യമായും ജീവനക്കാര്‍ക്കു വിവരങ്ങള്‍ കൈമാറാം.
പേരോ വിലാസമോ ഇല്ലാത്ത പരാതികള്‍ പരിഗണിക്കില്ല. ഊമക്കത്തുകളില്‍ കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Tags : Document Leakage Circular KMRL StrictInstructions MetroEmployees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash