പ്രതീകാത്മക ചിത്രം
അസംഘട്ട്: പൂജാദികർമങ്ങൾക്കിടെ ഭാര്യയെയും പുരോഹിതരെയും വെടിവച്ചുകൊന്ന പ്രതി തന്റെ കുട്ടികളെ തടങ്കലിലാക്കി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് ഏറ്റുമുട്ടലിൽ മരിച്ചു. അഹ്റൗലയിലെ ശംഭുപുർ ഗ്രാമത്തിലായിരുന്നു സംഭവം.
പൊലിസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി അരവിന്ദ് സിംഗ് ഇന്നലെ പുലർച്ചെ 3.30ഓടെ മരിച്ചതായി സീനിയർ എസ്പി അനിൽകുമാർ അറിയിച്ചു.
പ്രതി തടങ്കലിലാക്കിയ മൂന്നു മക്കളിൽ ഒരാളും വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വീട്ടിലെത്തിയ അരവിന്ദ് സിംഗ് വീട്ടിൽ നടന്നുവന്ന പൂജാദികർമങ്ങളിൽ അസ്വസ്ഥനാകുകയും പൂജയിൽ പങ്കെടുക്കുകയായിരുന്ന ഭാര്യ ബബിത സിംഗ് (32), പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര(55) എന്നിവരെ വെടിവച്ചുകൊല്ലുകയുമായിരുന്നു.
പ്രേതബാധയും അദൃശ്യശക്തികളെയും ഒഴിപ്പിക്കുന്നുവെന്നു പറഞ്ഞ് നാലു ദിവസമായി വീട്ടിൽ പൂജ നടന്നുവരികയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
അരവിന്ദ് സിംഗിന്റെ അമ്മ ശംല ദേവി(70), മകൾ പ്യാരി(5), മകൻ ലഖ(6), ഏഴുമാസം പ്രായമുള്ള മകൾ എന്നിവരും പൂജാരി അഖിലേഷ് മിശ്രയുടെ മകൻ ഹിമാൻശു, മറ്റൊരു പൂജാരി എന്നിവരും പൂജയിൽ പങ്കെടുത്തിരുന്നു.
Tags : Accused Shotdead Encounter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash