National
ഉഡുപ്പി: പ്രാദേശിക കോൺഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ (ഡേവിഡ് ഡാലിയ -55) വെടിയേറ്റു മരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഉഡുപ്പി ജില്ലയിലെ മുദരങ്ങാടി സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിക്കു മുന്നിൽവച്ച് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ സ്വദേശികളായ മൂന്നുപേരെ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്തു. രാജു(42), അജയ് രസ്തോഗി (23), ജിയാവുൽ ഷെയ്ഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ വാടകക്കൊലയാളികളാണെന്നാണ് സൂചന. പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജുവിനെ കാലിൽ വെടിവച്ചാണ് പിടികൂടിയത്.
ബിസിനസ് രംഗത്തെ ശത്രുതയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
NRI
കലിഫോർണിയ: പഞ്ചാബ് സ്വദേശിയായ ട്രക്ക് ഡ്രൈവറർ ഖുഷ്കരൺദീപ് സിംഗിനെ (24) കലിഫോർണിയയിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.
ജൂലൈ 30 മുതൽ ഇയാളെ കാണാതായിരുന്നുവെന്ന് കുടുംബം അറിയിച്ചു. പഞ്ചാബിലെ പട്യാല ജില്ലയിലെ അടലാൻ സ്വദേശിയായ ഖുഷ്കരൺദീപ് സിംഗ് ഏകദേശം അഞ്ച് വർഷം മുമ്പാണ് അമേരിക്കയിലെത്തിയത്.
ജൂലൈ 30 മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതിനെ തുടർന്ന് കുടുംബം അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കലിഫോർണിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
യാത്ര ചെയ്യുന്നതിനിടെ അജ്ഞാതർ വെടിവച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്ന് ഖുഷ്കരൺദീപ് സിംഗിന്റെ കുടുംബം അഭ്യർഥിച്ചു.
International
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ സുരക്ഷാസേന കൊന്നൊടുക്കുന്നതായി റിപ്പോർട്ട്.
ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ പാക് സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
റവാലക്കോട്ടിൽ തിങ്കളാഴ്ച മുതൽ വെടിവയ്പു നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്കുകയും ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാക്കൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സുരക്ഷാ ഭടന്മാർ ജനങ്ങൾക്കു നേരേ വെടിയുതിർക്കുന്നതും മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നതും വീഡിയോകളിൽ ദൃശ്യമാണെന്ന് എൻഡിടിവി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ജൂൺ അഞ്ചുമുതൽ പാക് അധീന കാഷ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 80 ആയി. പാക് അധീന കാഷ്മീർ നിയമസഭയിലെ 53ൽ 45 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. തിങ്കളാഴ്ചത്തെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 13 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. അടുത്ത മാസം രണ്ടിനും 11നുമാണ് അടുത്ത ഘട്ടങ്ങൾ.
NRI
ടൊറന്റോ: കാനഡയിൽ ഇരുപത്തിയാറുകാരിയായ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു. സംഭവത്തിൽ ഇന്ത്യൻ വംശജനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിൽ കുടുംബവേരുകളുള്ള നവ്നീത് കൗർ ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ നിവാസിയായ ശരൺജീത് സിംഗ് (37) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പ്രാദേശികസമയം രാവിലെ ഏഴരയോടെ ടൊറന്റോയിലെ ഹംബർവുഡ് ബോളിവാർഡ് എന്ന് സ്ഥലത്തുവച്ചാണു സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്നീത് കൗറിനടുത്തേക്ക് എത്തിയ പ്രതി പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ശരൺജീത് സിംഗിനെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.
National
ഗുരുഗ്രാം: തർക്കത്തിനിടയിൽ സുഹൃത്ത് യുവാവിനെ വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സംഭവത്തിൽ ഡൽഹി ബദർപൂർ സ്വദേശിയായ ആകാശ് (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഗുരുഗ്രാം സെക്ടർ 65-ൽ വെച്ചായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം ആകാശിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച പ്രതി തന്ത്രപരമായി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയായ ബെഹ്റാംപൂർ സ്വദേശി ലക്കിയ്ക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ലക്കി തന്റെ പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആകാശിന് നേരെ വെടിയുതിർത്തത്.
ബുധനാഴ്ച രാത്രി എട്ടിനാണ് ഇരുവരും പുറത്തേക്ക് പോയത്. അതിനിടെയായിരുന്നു സംഭവം. ആകാശിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ലക്കി ഉടൻ തന്നെ സെക്ടർ 57-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ ലക്കി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സെക്ടർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രതി പിടിയിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.