മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കങ്ങളില്ലെന്നും ശബരിമല സീസണിന്റെ തയാറെടുപ്പ് നടക്കുന്ന സമയത്ത് ദേവസ്വം ബോർഡിനെ മാറ്റാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നീക്കവുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
നിലവിലുള്ള ബോർഡ് അവിടെയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചുമതല അവർക്കാണ്. പ്രസാദ വിതരണം, അതിനുവേണ്ടി ടെൻഡർ വിളിക്കുക, സന്നിധാനവും പന്പയുമൊക്കെ സജ്ജമാക്കുക, പൊലിസിനും ഫയർഫോഴ്സിനും സൗകര്യങ്ങളൊരുക്കുക, ദേവസ്വം മരാമത്തിന്റെ ജോലികൾ ചെയ്യിക്കുക തുടങ്ങിയ ഒരുപാട് ഉത്തരവാദിത്വങ്ങൾ ദേവസ്വം ബോർഡിനുണ്ട്. അവ ഓരോന്നും പ്രത്യേകമായി എടുത്ത് ചർച്ച നടത്തിയിട്ടുണ്ട്. അവരതു കൃത്യമായി ചെയ്യണം. സർക്കാരിന്റെ ഭാഗത്തുനിന്നു വേണ്ടതല്ലാം കൃത്യമായി ചെയ്യും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തന്നെ യോഗം ചേർന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്തുതീർക്കണം എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ശബരിമലയിൽ ദേവസ്വം ബോർഡ് മുൻകൂട്ടി ചെയ്യേണ്ട ചില കാര്യങ്ങളിൽ ചെറിയൊരു കാലതാമസം വന്നിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കുറവ് അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതു കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : VDSatheesan DevaswomBoard Government Dispute Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash