Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തു മയക്കുമരുന്നു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽകൂടി എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യാനായി പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഒരു കോടതിയിൽ 11 തസ്തികകൾ വീതം മൂന്നിടത്തുമായി 33 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി. ദിവാകരൻ.
സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം സതീശന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം.
തിരുവനന്തപുരം ഡിസിസി മുൻ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനായിരുന്നു സാമ്പിൾ ശേഖരിച്ചത്.
Kerala
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍. സിആര്‍7 ബ്രാന്‍ഡ് ഡയറക്ടറായ എല്‍മ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് എത്തിയത്.
പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എല്‍മ എവെയ്റോയെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എൽമ സന്ദർശിച്ചു.
വി.ഡി.സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞു.
മുഖ്യമന്ത്രിയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവെയ്റോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.’ – വി.ഡി.സതീശന് കുറിച്ചു.
Kerala
തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാലാവധി അവസാനിക്കാറായ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ അധ്യാപകരുടെ 18 റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസക്കാലത്തേക്ക് കൂടി മന്ത്രിസഭായോഗം നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ കോടതികള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കോടതികളിലെ ജീവനക്കാരുടെ എണ്ണം എട്ടില്‍ നിന്നും പതിനൊന്നാക്കും.
ചേന്തിയിലെ പരിപാടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താന്‍ ഉപേക്ഷിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ പങ്കെടുക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. തന്നെ ആരും തടഞ്ഞില്ല. അനില്‍ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുത്ത പരിപാടിയിലെ വന്ദേമാതര ഗാന ആലാപനം കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: ടൂറിസത്തിനും തീരദേശ ഗതാഗതത്തിനും വലിയ കുതിപ്പേകുന്നതിനായി കൊച്ചിക്കു പുറമേ കോഴിക്കോട്ടും ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കാലിക്കട്ട് എന്‍ഐടിയുടെ 66-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഡോ. എം.വി. കേശവ റാവു മെമ്മോറിയല്‍ ഫൗണ്ടേഷന് ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ 44 നദികളും കായലുകളും ബന്ധിപ്പിച്ച് ജല ടൂറിസം വിപുലീകരിക്കും. കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശവും തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ വലിയ പോര്‍ട്ട് സിറ്റിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. റോഡുകളിലെ ഗതാഗതഭാരം കുറയ്ക്കുന്നതിനായി ചരക്കുനീക്കത്തിന്റെ 50 ശതമാനവും തീരദേശ ജലപാതകളിലേക്കു മാറ്റും.
വിമാനത്താവളങ്ങളുടെ സാമിപ്യം പ്രയോജനപ്പെടുത്തി 27 പദ്ധതികളോടെ ‘ഏവിയേഷന്‍ ഹബ് ’യാഥാര്‍ഥ്യമാക്കുമെന്നും ലോകോത്തര ലെഗസി സര്‍വകലാശാലകളെ ആകര്‍ഷിക്കുന്നതിനായി കേരള നോളഡ്ജ് വാലി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഐടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. എം.കെ. രാഘവന് എംപി, എം.എ. റസാഖ് എംഎല്‍എ, അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സുബ്ബ റാവു പവുലൂരി, എന്‍ഐടി പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് തങ്കച്ചന് തോമസ്, രജിസ്ട്രാര്‍ പ്രഫ. സുനില്‍ ജേക്കബ് ജോണ്‍, ഐഎസിആര് ഡീന്‍ പ്രഫ. എസ്. കുമാരവേല്‍, സി പ്രൈം ചെയര്‍പേഴ്സണ്‍ ഡോ. മനീഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
പാലക്കാട്: മുഖ്യമന്ത്രിയെ ഡിസിസി അംഗം വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയെ തടഞ്ഞത് രാജ്യത്ത് മുമ്പെങ്ങും നടക്കാത്ത സംഭവമാണെന്നും, ഇത് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സ്വന്തം പാർട്ടിക്ക് ഉള്ളിൽത്തന്നെ പുകയുന്ന കടുത്ത അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്നും ബാലൻ പറഞ്ഞു.
ഇന്ന് ഒരു ഡിസിസി അംഗമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെങ്കിൽ, നാളെയത് ഡിസിസി പ്രസിഡന്റ് തന്നെ ചെയ്യുമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തത്. അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയാറാകണമെന്നും ബാലൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എഡിറ്റിംഗ്, സെൻസറിംഗ് വിവാദത്തിൽ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’യുടെ തീരുമാനത്തെ വിമർശിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രസാധന സ്ഥാപനം സ്വന്തം നട്ടെല്ലിൽ വിട്ടുവീഴ്ച ചെയ്യുന്പോൾ അതു ജനാധിപത്യത്തെയാണ് ദുർബലപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥാർഥ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയുന്പോൾ, ഇന്ത്യയിൽ മാത്രം വസ്തുതകൾ എഡിറ്റ് ചെയ്യാനും മാറ്റാനും എന്തുകൊണ്ടാണ് ശ്രമമെന്ന ചോദ്യം വി.ഡി. സതീശൻ ഉയർത്തി.ഇന്ത്യയിലെ പ്രസാധനവുമായി ബന്ധപ്പെട്ടുണ്ടായതായി പറയപ്പെടുന്ന സെൻസറിംഗ്, എഡിറ്റിംഗ് തീരുമാനങ്ങൾ ഏറെ ആശങ്കാജനകമാണ്.
സത്യം യഥാർഥ രൂപത്തിൽ ലോകമെന്പാടും പ്രസിദ്ധീകരിക്കാൻ കഴിയുന്പോൾ ഇന്ത്യയിൽ മാത്രം വസ്തുതകൾ മാറ്റിമറിക്കാനുള്ള ശ്രമം എന്തിനാണ്? കേന്ദ്ര സർക്കാരിന്റെ ഭരണരീതിക്കെതിരേയും വി.ഡി. സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു.
അധികാരത്തിലുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തെ എഡിറ്റ് ചെയ്ത് ഇല്ലാതാക്കാൻ കഴിയില്ല. വസ്തുതകൾ അടിച്ചമർത്തുന്നത് ഉത്തരവാദിത്വത്തെയും സുതാര്യതയെയും നേരിടാനുള്ള ഭയമാണ് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ സർക്കാർ നിയമവശങ്ങളൊക്കെ പരിശോധിച്ച് പഠനം നടത്തും.
ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഈ സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചത്. നിലവിൽ ഈ വിഭാഗത്തിനു ദളിതരുടെ സംവരണവും കിട്ടുന്നില്ല, ക്രൈസ്തവരുടെ പ്രിവിലേജും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേരമ സാംബവ ഡെവലപ് മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു സിഎസ്ഡിഎസിനു കോളജ് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷം ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവർത്തനവും നടന്നില്ല. പക്ഷേ ഈ സർക്കാർ കോളജിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അതുവഴി ഉമ്മൻ ചാണ്ടിയോടും നീതി പുലർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ചേന്തിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞു. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് ചേന്തി അനിയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞത്.
വേദിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ പങ്കെടുക്കുന്നുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചടങ്ങിൽ നിന്ന് പിന്മാറിയത്. എന്നാൽ കൊച്ചിയിലേക്ക് പോകാനുള്ള ട്രെയിൻ സമയത്തിന്റെ തിരക്കുമൂലമാണ് പരിപാടി റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു.
വാഹനം തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങി സംഘാടകരുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി യാത്ര തുടർന്നു. അതിനിടെ, മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടർന്നു കൊണ്ടുപോകുമെന്നും, അതിനൊപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സമാന്തരമായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാന പി.എസ്.സി നിയമനങ്ങൾ പൂർണമായി പരിശോധിക്കുമെന്നും അതിൽ എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടില്ലെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദളിത് ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കല്ലുമാല ബഹിഷ്കരണ സമരം പോലുള്ള കേരളീയ നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി.എസ്.ഡി.എസിന് അനുവദിച്ച കോളേജ് യാഥാർത്ഥ്യമാക്കുമെന്നും ഇത് അദ്ദേഹത്തോടുള്ള ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ബജറ്റിലെ തുകക്കുറവ് എസ്.സി-എസ്.ടി ഫണ്ടുകളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന തീരുമാനം സംബന്ധിച്ച് സർക്കാരുമായി കൂടിയാലോചന നടത്തിയി ല്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
ആലുവ: അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്നു നടക്കും. ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ രാവിലെ 10.30ന് കൃതജ്ഞതാ ദിവ്യബലി. 2.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്‍, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്മാര്, വൈദികര്‍, വൈദിക, സമര്‍പ്പിത സമൂഹങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, അഗതിമന്ദിരങ്ങളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശതാബ്ദിവർഷത്തിൽ ആദ്യവ്രതം സ്വീകരിച്ച എസ്ഡി സന്യാസിനിമാർക്കു സ്വീകരണവും സമര്‍പ്പിതജീവിതത്തിന്റെ 25, 50 വര്‍ഷങ്ങളിലെത്തിയ എസ്ഡി സന്യാസിനിമാർക്ക് അനുമോദനവും ഇന്നലെ നടന്നു. ശതാബ്ദിയോടനുബന്ധിച്ച് സീറോമലബാര്‍ സഭയിലെ വിവിധ മെത്രാന്മാര് നാളെ എസ്ഡി ജനറലേറ്റില്‍ ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറല്‍ കൗണ്‍സിലുകളിലെ അംഗങ്ങള്‍ 24ന് ജനറലേറ്റില്‍ ഒത്തുചേരും.
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനീ സമൂഹത്തിലെ 1400 ലധികം സന്യാസിനിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും 12 വിദേശരാജ്യങ്ങളിലെയും ആറു പ്രോവിന്‍സുകളിലായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര അർലേക്കർ.
ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വച്ചു തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്നു ഗവർണർ പറഞ്ഞു. സർക്കാരിനു ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ ബന്ധമായിരിക്കണം.
ഗവർണർ എന്ന പദവിയെ ആദരവോടെ കാണണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്കു പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി.
വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി. പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും അറിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിഷയം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്തകളിലൂടെയാണ് താൻ വിവരം അറിഞ്ഞതെന്നും, അങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് കെഎംആർഎൽന്റെ ഏകപക്ഷീയമായ പ്രഖ്യാപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയെ 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ട് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് മെട്രോ മാതൃകകൾ പിന്തുടർന്നായിരുന്നു ഈ നീക്കം.
എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരങ്ങൾക്ക് വിധേയമായി മാത്രമേ അന്തിമ പേരുമാറ്റം നടപ്പാക്കാനാകൂ എന്ന് കെഎംആർഎൽ വ്യക്തമാക്കിയിരുന്നു. പേരുമാറ്റം നിലവിലെ സ്വത്തുക്കളെയോ ബാധ്യതകളെയോ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗ് മാറ്റങ്ങൾ നടപ്പാക്കുകയെന്നും എം.ഡി ചൂണ്ടിക്കാട്ടിയിരുന്നു.
National
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത സംഭവത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
വി.ഡി. സതീശൻ രാജ്യദ്രോഹിയായ പോക്കിരിയാണെന്നും, സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയഗീതം ആലപിക്കാത്ത ഏക നേതാവാണ് അദ്ദേഹമെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കൂടാതെ ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് സോണിയ ഗാന്ധി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കളമശേരി: കർഷകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിനാശവും വന്യജീവി ഭീഷണിയും തടയാൻ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പരന്പരാഗത രീതികളും കോർത്തിണക്കും. കർഷകരുടെ വിളകൾക്കു ന്യായവില ലഭ്യമാക്കാൻ മൂല്യവർധിത ഉത്പന്നങ്ങൾ കേരള ബ്രാൻഡിൽ വിപണിയിലെത്തിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇതു കുറഞ്ഞ ചെലവിലും വേഗത്തിലും വിദേശത്തേക്കു കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
പ്രതിസന്ധികൾ നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷികനയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും. നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷികവൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിനാഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാരമ്പര്യവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പ്രഥമ അവാർഡും മറ്റു കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാര്‍ലമെന്റ് പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷന്) ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഭേദഗതിയിലെ നിര്‍ദിഷ്ട സെക്ഷന്‍ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികള്‍ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബില്‍. ധാതു നിക്ഷേപമുള്ള ഭൂമിയുടെ മേല്‍ സംസ്ഥാനത്തിന്റെ ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കേരളം ഉയര്‍ത്തുന്ന ആശങ്കകളില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024-ലെ സുപ്രീംകോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയല്‍റ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എന്‍ട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിയ്ക്ക് എന്‍ട്രി 49 പ്രകാരം ധാതുക്കളുടെ ഉത്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ഈ ആഴ്ചത്തെ പതിവു മന്ത്രിസഭായോഗം നാളെ ഉച്ചയ്ക്കു ശേഷം ചേരും.
19നു നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിക്കു പോകുന്നത്. 20നു ചെന്നൈയിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും വി.ഡി. സതീശൻ പങ്കെടുക്കും.
നാളെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. ഇതുമായി ബന്ധപ്പെട്ട കോണ്ക്ലവും നടക്കും. ഇതേ ത്തുടർന്നാണ് മന്ത്രിസഭായോഗം നാളെ ഉച്ചകഴിഞ്ഞു നടത്താൻ ധാരണയായത്.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറയ്ക്കും അത്തച്ചമയത്തിനും രാജകീയ പാരമ്പര്യമുണ്ടെന്നും അത്തച്ചമയം മതസൗഹാർദത്തിന്റെ ഒരുമ വിളിച്ചോതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ദീപക് ജോയ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കു നീതികിട്ടുമെന്ന ബോധ്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാലങ്ങളായി പോലീസ് ജനങ്ങളിൽ ഭയമാണു സൃഷ്ടിക്കുന്നത്. അതു മാറ്റി പോലീസ് ജനങ്ങളുടെ സുഹൃത്തായും സഹായം ആവശ്യമുള്ളപ്പോൾ ഓടിയെത്തുന്ന ബന്ധുവായും മാറണം. എല്ലാ കാര്യങ്ങളും പൂർണമായി ചെയ്യാൻ പറ്റിയില്ലെങ്കിലും ജനങ്ങൾ സ്റ്റേഷനിലെത്തുന്പോഴുള്ള പെരുമാറ്റമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്കു സംരക്ഷണം നൽകുന്ന, ചേർത്തുനിർത്തുന്ന, സങ്കടം വരുന്പോൾ ഓടിയെത്തുന്ന പോലീസ് എന്ന ആധുനിക സങ്കൽപമാണ് ഇനി വേണ്ടത്. സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, പലതരം സ്വഭാവക്കാർ എന്നിവരോടെല്ലാം പെരുമാറ്റം നല്ലതാകണം. അതേസമയം, കുറ്റം ചെയ്താൽ പോലീസ് കണ്ടുപിടിച്ചു നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഭയം കുറ്റവാളികളിലുണ്ടാക്കണം.
സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പോലീസിനെയും പരിഷ്കരിക്കുമെന്ന് അധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പോലെ ജനസേവന കേന്ദ്രങ്ങളാണ് പോലീസ് സ്റ്റേഷനുകളും.
തെറ്റ് ചെയ്യുന്നവരല്ലാതെ പോലീസിനെ പേടിക്കേണ്ടതില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 63 സ്റ്റേഷനുകളിൽ വനിതകളെ എസ്എച്ച്ഒമാരാക്കി. പോലീസുകാരുടെ ജോലിഭാരം കുറയ്ക്കും. ഡിഐജിവരെയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ പരിശോധന നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ. മുരളീധരൻ, മേയർ വി.വി. രാജേഷ്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്തയാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തേക്കും പോകേണ്ട സാഹചര്യത്തിലാണ് സന്ദർശക നിയന്ത്രണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡൽഹിയിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ചെന്നൈയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലും വി.ഡി. സതീശൻ പങ്കെടുക്കുന്നുണ്ട്.
Viral
"പാർട്ടി നോക്കി പ്രതികളെ പിടിക്കാൻ ഇത് പഴയ പിണറായി ഭരണമല്ല, ഭരിക്കുന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ്!"
കാസർകോട് 139 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിലായ സംഭവത്തിന് പിന്നാലെ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിപക്ഷത്തെയും സർക്കാരിനെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ, സനോജിന്റെ ആ പരിഹാസ പോസ്റ്റിന് താഴെയും പൊതുസമൂഹത്തിലും ഉയരുന്നത് തികച്ചും വ്യത്യസ്തമായ ഒരു ചോദ്യമാണ്! ഇത് സർക്കാരിന്റെ വീഴ്ചയാണോ, അതോ നിയമവാഴ്ചയുടെ വലിയൊരു വിജയമോ? അതെ, സ്വന്തം പാർട്ടി ഭാരവാഹിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുള്ള ആളുമാണെന്ന് അറിഞ്ഞിട്ടും, കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഭരണകക്ഷിയുടെ ആളാണെന്ന പരിഗണനയോ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംരക്ഷണമോ ഇയാൾക്ക് ലഭിച്ചില്ല. മുമ്പ് ഒരു എം.എൽ.എയുടെ മകൻ ലഹരിക്കേസിൽപ്പെട്ടപ്പോൾ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ നിമിഷനേരം കൊണ്ട് സ്ഥലംമാറ്റിയ സംഭവങ്ങൾ കേരളം കണ്ടതാണ്. തെറ്റ് ചെയ്ത സ്വന്തം പാർട്ടി നേതാക്കളെ എ.കെ.ജി സെന്ററിൽ കയറ്റി ഒളിപ്പിക്കുന്നതും, അന്വേഷണം അട്ടിമറിക്കുന്നതും നമ്മൾ മുൻ കാലങ്ങളിൽ അനുഭവിച്ചറിഞ്ഞതാണ്.
എന്നാൽ ഇവിടെ സംഭവിച്ചത് എന്താണ്? നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് തെളിയിക്കുകയാണ് ഈ സർക്കാർ. 'ഓപ്പറേഷൻ തൂഫാൻ' എന്ന പോലീസിന്റെ ലഹരി വിരുദ്ധ വേട്ടയിൽ കൊടിയുടെ നിറം നോക്കാതെയാണ് നടപടി.
സ്വന്തം പാർട്ടിക്കാരനായാലും, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളായാലും, തെറ്റ് ചെയ്താൽ തടവറയിലാണ് സ്ഥാനമെന്ന് ഈ അറസ്റ്റിലൂടെ തെളിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങൾ ചോദിക്കുന്നത് ലളിതമായ ഒരു ചോദ്യമാണ് — സർക്കാരിന് നേട്ടമുണ്ടാക്കുന്ന പോലീസിന്റെ ഈ നിഷ്പക്ഷമായ ഇടപെടലിനെയല്ലേ ശരിക്കും അഭിനന്ദിക്കേണ്ടത്?
ഡിവൈഎഫ്ഐക്ക് ഇതൊരു രാഷ്ട്രീയ പരിഹാസ വിഷയമായിരിക്കാം. എന്നാൽ ചിന്തിക്കുന്ന പൊതുജനത്തിന് ഇത് ഭരണമികവിന്റെ സാക്ഷ്യപത്രമാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന രീതി അവസാനിപ്പിച്ചു എന്നതാണ് സതീശൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദം നൽകുകയും, ക്രിമിനലുകൾ ഏത് പാർട്ടിക്കാരനായാലും വലയിലാക്കാൻ മടിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ഈ ഭരണം, കേരളത്തിലെ ക്രമസമാധാന പാലനത്തിന് ഒരു പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്.
രാഷ്ട്രീയ സംരക്ഷണമില്ലാതെ നിയമം അതിന്റെ വഴിയേ പോകുന്നു എന്ന് തെളിയിച്ച ഈ സംഭവം സർക്കാരിന് ലഭിച്ച അംഗീകാരമായി കാണണോ അതോ കേവലം രാഷ്ട്രീയ വിവാദമായി കാണണോ? 'പാർട്ടി നോക്കാതെ കുറ്റവാളികളെ പിടികൂടുന്നതാണ് യഥാർഥ നിയമവാഴ്ച' എന്ന കമന്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
Viral
കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രതികളെ തനിക്ക് നേരിട്ട് അറിയാമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ! അതോടൊപ്പം തന്നെ, കേസിലെ പ്രതികൾ തന്റെ സോഷ്യൽ മീഡിയ ടീമിലെ അംഗങ്ങളാണെന്ന വാർത്തകൾക്കും വിവാദങ്ങൾക്കും കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നാണ് വി.ഡി. സതീശൻ വ്യക്തമാക്കിയത്. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിച്ചാർജിൽ ഹുസൈന് ക്രൂരമായി പരിക്കേറ്റിരുന്നു. അന്ന് ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ പഞ്ചായത്തിൽ ഒരു പരിപാടിക്ക് പോയപ്പോൾ മറ്റ് ഭാരവാഹികൾക്കൊപ്പം വീട് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
സമരങ്ങളിൽ പങ്കെടുത്ത് അടി കൊള്ളുന്ന പ്രവർത്തകരെ ചേർത്തുപിടിക്കുക എന്നത് നേതാക്കളുടെ കടമയാണെന്നും, അന്നൊന്നും ഇവർക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും, അറസ്റ്റിലായപ്പോഴാണ് ഈ വിവരങ്ങൾ അറിയുന്നതെന്നും കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ, പ്രതികൾ തന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമാണെന്ന വാർത്തകളെയും അദ്ദേഹം പൂർണമായി തള്ളിപ്പറഞ്ഞു. തനിക്ക് നിലവിലോ പ്രതിപക്ഷ നേതാവായിരുന്ന കാലത്തോ പ്രത്യേകം സോഷ്യൽ മീഡിയ ടീമുകൾ ഒന്നുമില്ലെന്ന് സതീശൻ വ്യക്തമാക്കി.
മാധ്യമങ്ങൾ നൽകിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ താൻ ഇടപെട്ടു എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. മാധ്യമങ്ങളുടെ വാർത്താ കാർഡുകൾ നീക്കം ചെയ്യുന്നതിൽ തനിക്കോ തന്റെ ഓഫീസിനോ യാതൊരു പങ്കുമില്ല. മെറ്റയുടെ നയങ്ങളിൽ വന്ന മാറ്റങ്ങളാകാം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണം.
തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും ഷിബു ബേബി ജോണുമൊത്തുള്ള സന്ദർശന വാർത്തകളും തുടങ്ങി പല പ്രമുഖരുടെയും പോസ്റ്റുകൾ ഇതുപോലെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വാർത്തകൾ നീക്കം ചെയ്യപ്പെടുന്നതിൽ മാധ്യമങ്ങൾക്ക് പരാതി നൽകാം എന്നും, അതിന് പൂർണ പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.
വേണമെങ്കിൽ തനിക്കെതിരെയുള്ള വിമർശന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്നും, നീക്കം ചെയ്ത വാർത്താ കാർഡുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും പറഞ്ഞാണ് സതീശൻ തന്റെ വിശദീകരണം അവസാനിപ്പിച്ചത്. ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. കൂടുതൽ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്!
Kerala
കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും വലിയ രാഷ്ട്രീയ ഭീരു താനാണെന്ന് വി.ഡി. സതീശന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ.
വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി കടുത്ത അസഹിഷ്ണുത തുടരുന്നു. എംഡിഎംഎ കേസില്‍ അറസ്റ്റിലായവര്‍ക്കു മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത വന്നു. സമൂഹമാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. എന്നാല്‍, മെറ്റയെ സമീപിച്ച് പോസ്റ്റുകള്‍ നീക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. സ്തുതിപാഠകർ മതി എന്നതാണു നിലപാട്.
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കടന്നാക്രമിക്കുന്നു. നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ്. സര്‍ക്കാര്‍ ജീവനക്കാരോടെന്ന പോലെ ലഹരി വസ്തുക്കള്‍ പിടികൂടുന്നതിലും സര്‍ക്കാരിനു കോണ്‍ഗ്രസുകാരോടു വ്യത്യസ്ത സമീപനമാണോ എന്ന് വ്യക്തമാക്കണം.
വടകര മേപ്പയില്‍ സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖ സ്ഥലംമാറ്റത്തില്‍ മനംനൊന്ത് മരിച്ചു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല സ്വാതന്ത്ര്യസമരകാലം മുതലുള്ള ആദർശമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്റെ (സിസിസി) മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. കേവല ലാഭത്തിന്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരുന്നു. ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ഡോ. അലക്സ് വടക്കുംതല, യാക്കൂബ് മാര്‍ ഐറേനിയോസ് എന്നിവരും റഷീദ് അലി ശിഹാബ് തങ്ങള്‍, സ്വാമി നന്ദാത്മജാനന്ദ, പി. രാമചന്ദ്രന് എന്നിവരും പ്രസംഗിച്ചു.
സംസ്ഥാനസര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശിപാര്‍ശ സിസിസി ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേക്കര സമര്‍പ്പിച്ചു.
Kerala
കൊച്ചി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഇരുസഭകളുടെയും ഉന്നതതല മേലധ്യക്ഷന്മാരോടു ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ക്കു രമ്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അഡീഷണൽ അഡ്വക്കറ്റ് ജനറല്‍ മുഹമ്മദ് ഷാ മുഖേന സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
ഈ നടപടികളില്‍ ഇരുസഭകളുടെയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇരുസഭകളും അതിപുരാതനമായ ക്രിസ്തീയ സഭാ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു.
എഡി 52 മുതല്‍ നമ്മുടെ നാടിന്റെ ഭാഗമായതാണ് ഈ സഭകള്‍. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, സാമൂഹ്യ പരിവര്‍ത്തന മേഖലകളില്‍ വിലപ്പെട്ട സംഭാവന നല്കിയ സമൂഹമെന്ന നിലയില്‍ ഇരുസഭകളോടും സര്‍ക്കാരിനു വലിയ മതിപ്പാണുള്ളത്.
ഇരുസഭകളുടെയും പക്കലായി സംസ്ഥാനത്ത് 1100 പള്ളികളുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതതലത്തിലുള്ള മധ്യസ്ഥശ്രമം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Kerala
കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നത് ആദ്യമായല്ലെന്ന വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്.
ധീവരസഭയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പന് ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ഒമ്പതു ദിവസമായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സര്‍ക്കാര്‍ ഡോണിയര്‍ വിമാനം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണു തെരച്ചില്‍ നടത്തുന്നത്. കുടുംബത്തില്‍നിന്ന് ഒരാള്‍ നഷ്ടപ്പെട്ടപോലെയാണ് ഇതിനെ കാണുന്നത്.
ഇതുവരെയും ഒരു സര്‍ക്കാരും കാണാതായവര്‍ക്കായി ഇങ്ങനെ തെരച്ചില്‍ നടത്തിയിട്ടില്ല. മുന്‍സര്‍ക്കാരിന്റെ കാലത്ത് 148 പേരെയാണു കടലില്‍ കാണാതായത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു പ്രത്യേക ഭവനപദ്ധതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഭൂരഹിതരെയും ഭവനരഹിതരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരായിരിക്കും ഇത്. ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ മുടക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലൈഫ് ഭവനപദ്ധതിയില്‍ വീട് ലഭിക്കാത്തവരുടെ പരാതികള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമന കാര്യത്തില്‍ സര്‍ക്കാരിന് മുന്‍ഗണനയുണ്ട്. ബജറ്റില്‍ ഈ വിഭാഗത്തിനായി നീക്കിവച്ച ഒരു രൂപപോലും മറ്റുകാര്യങ്ങള്‍ക്കായി വിനിയോഗിക്കില്ല. ഗോത്രവര്‍ഗ മേഖലയിലെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. പ്രഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച പിന്തുണ നല്കി കൂടുതല്‍ ധനസഹായങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പ് സര്‍വീസ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മേയര്‍ വി.കെ. മിനിമോള്‍ തുടങ്ങിയവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിനെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളും ആരാഞ്ഞു.
Kerala
അങ്കമാലി: അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ചികിത്സാസംവിധാനങ്ങളും സജ്ജമായ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഹെൽത്ത് ഡെസ്റ്റിനേഷനാക്കുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ (എൽഎഫ്) ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് ഉൾപ്പടെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് ആശ്രയിക്കാവുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാനാകും. അതിനുള്ള സാധ്യതകൾ ഇവിടെയുണ്ട്. അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കിയ ആതുരാലയമാണ് എൽഎഫ്.
വെളിച്ചത്തിലേക്കു നയിക്കുകയെന്നത് ദൈവനിയോഗമാണ്. ആതുരശുശ്രൂഷാ മേഖലയിൽ എൽഎഫ് പോലുള്ള ആശുപത്രികൾ സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിക്കുകയാണ്. 90 വർഷക്കാലം ആശുപത്രിയുടെ വളർച്ചയിൽ പങ്കു വഹിച്ചവർക്കെല്ലാം നവതി ആഘോഷം അഭിമാനമുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
മന്ത്രിമാരായ റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, മുൻ ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, എംഎൽഎമാരായ അൻവർ സാദത്ത്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, സനീഷ്കുമാർ ജോസഫ്, ഉമ തോമസ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ, പ്രതിപക്ഷനേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി എന്നിവർ പ്രസംഗിച്ചു.
നവതിയോടനുബന്ധിച്ച് ആരംഭിച്ച ഏർലി ഡിറ്റക്ഷൻ സെന്ററും (സീക്ക്) ട്രോമ കെയർ യൂണിറ്റും സമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എൽഎഫിൽ സേവനം ചെയ്ത മുതിർന്ന ഡോക്ടർമാരായ ഡോ. ഇട്ടീര, ഡോ. ഇ.ജെ. മാണി, ഡോ. ജോസഫ് കെ. ജോസഫ്, ഡോ. ജെ.കെ. മുക്കാടൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Kerala
കൊച്ചി: പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സപ്ലൈകോ ഉള്‍പ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാർ മുന്‍ഗണന നൽകും.
വിലക്കയറ്റം തടയുന്നതിന് വിളവെടുപ്പുകാലത്ത് ഉത്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എഎവൈ കാര്‍ഡുടമകള്‍ക്ക് നല്കുന്ന സൗജന്യ കിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വന്‍പയര്‍, കടല തുടങ്ങി 16 ഇന കിറ്റാണ് ആറു ലക്ഷത്തോളം എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ സൗജന്യമായി നല്‍കുന്നത്.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ഉമ തോമസ്, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടന്, മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാഖ്, മുന്‍ എംപി പി.സി. തോമസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ എം.യു. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്ജുന് ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്.
കോമാളി, നുണയന്, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്ജുന് ആയങ്കി നടത്തിയത്. ഇതില്പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന് ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്ജുന് ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, കോതമംഗലം സിഐയെയും ഊന്നുകല്‍ സിഐയെയും ഭീഷണിപ്പെടുത്തിയ കേസുകളില്‍ അര്ജുന് ആയങ്കിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. പ്രതിയുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരന് അഖിലിനെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്ന് തിരുവനന്തപുരത്തും നിന്നും അര്‍ജുന്റെ അഞ്ച് സുഹൃത്തുക്കളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.
ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്ജുന് തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം.
Kerala
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സരം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആയിരക്കണക്കിന് ഇളംമനസുകളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്താനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ദീപിക കളർ ഇന്ത്യ' സീസൺ അഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു ബൃഹത് സംരംഭം ഒരുക്കുന്ന ദീപിക മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് "ദീപിക കളർ ഇന്ത്യ' മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച ജില്ലകളിലെല്ലാം മത്സരം നടത്തി. ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. ഇന്നലെ അവധിയായിരുന്ന സ്കൂളുകളിൽ സൗകര്യപ്രദമായ അടുത്ത പ്രവൃത്തിദിനത്തിൽ മത്സരം നടക്കും.
കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഇന്നലെ മത്സരം നടന്നു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ നിതിൻ കക്കേടത്തിനെയാണ് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ മുൻപത്തെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വാർത്തയ്ക്കടിയിലാണ് നിതിൻ അപകീർത്തികരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കാനും രാഷ്ട്രീയ സ്പർദ്ധ വളർത്താനും ലക്ഷ്യമിട്ടാണ് പ്രതി ഫെയ്സ്ബുക്കിൽ കമന്റിട്ടതെന്ന് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എസ്. ശ്രീജിത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാറിനു മുന്നിൽ ഒരു ഒഴിവ് വരുന്പോൾ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കുക മാത്രമാണു ചെയ്തത്. സർക്കാറിന് മുന്നിലെത്തിയ ഫയലിൽ ശ്രീജിത്തിനെതിരേ വിജിലൻസ് കേസില്ല. വിജിലൻസ് കേസ് വന്നേക്കും എന്ന് പറഞ്ഞ് ഒരാളുടെ സ്ഥാനക്കയറ്റം എന്തിനു തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രഥമദൃഷ്ട്യാ ഗുരുതരമായ തെറ്റ് ചെയ്തതായി കണ്ടെത്തിയതുകൊണ്ടാണു തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗണ്‍സിലർ സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി എഴുതിയ തദ്ദേശ വകുപ്പ് അണ്ടർസെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തിയാണ് സർക്കാർ അവർക്കെതിരേ നടപടിയെടുത്തത്. മന്ത്രി കൊടുത്തതല്ല, നിർദേശം.
ബോധപൂർവം ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്തതായി പ്രഥദൃഷ്ട്യാ മനസിലായതിനാലാണു സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തീകരിച്ച ശേഷം തുടർനടപടിയെടുക്കും.
ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് കൊടുത്തയാളെ സസ്പെൻഡ് ചെയ്താൽ അവർ അണ്ടർ സെക്രട്ടറിയെ പിന്തുണയ്ക്കുമെന്നത് സ്വാഭാവികമാണല്ലോയെന്ന്, ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റില്ലാത്ത സമയത്ത്
നിയമിച്ചതുകൊണ്ടായിരിക്കും 13 കെഎഎസുകാർ തസ്തികയില്ലാതെ ഇരിക്കാൻ കാരണം. അവരെ വഴിയാധാരമാക്കാൻ കഴിയില്ലല്ലോ എന്നും ഒരുപാട് ക്രമക്കേടുകൾ ഇത്തരം കാര്യങ്ങളിൽ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട ചെറുപുഴ സ്വദേശി ബെന്നിയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തേജസ്വനി പുഴയിൽ രാജേഷിന്റെ ജീവൻ പൊലിഞ്ഞത്.
സംസ്ഥാന ബഹുമതികളോടെ രാജേഷിന്റെ സംസ്കാരം നടത്തി. അഡ്വൈഞ്ചർ ടൂറിസം രംഗത്ത് സുരക്ഷയുടെ പാഠങ്ങൾ ഒട്ടേറെപ്പേർക്ക് പകർന്നു നൽകിയ രാജേഷിന്റെ അകാലത്തിലെ വേർപാട് ഏറെ വേദനാജകമാണെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേരള- തമിഴ്നാട് മുഖ്യമന്ത്രിതല ചർച്ച ആലോചനയിലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോൾ ഉദ്യോഗസ്ഥതല ചർച്ചയാണ് നടന്നു വരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കവേയായിരുന്നു മുഖ്യമന്ത്രിതല ചർച്ച നടത്തുന്ന കാര്യം വി.ഡി. സതീശൻ പറഞ്ഞത്.
വിഴിഞ്ഞം തുറമുഖത്തിൽ സർക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് ഓഹരികൈമാറ്റം നടത്തിയതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധന നടത്തി വരികയാണെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച് തുടർ നടപടി സ്വീകരിക്കും. സംസ്ഥാന താത്പര്യം മുൻനിർത്തി മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന മറുപടി മുഖ്യമന്ത്രി ആവർത്തിച്ചു.
Kerala
തിരുവനന്തപുരം: സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടല്‍ സ്ഥാപനമാക്കി സപ്ലൈകോയെ മാറ്റുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങി ആധുനിക ഗോഡൗണുകളില്‍ സംഭരിച്ചു വിപണിയില്‍ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73,024 പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെയും 2000 അന്ത്യോദയ അന്നയോജന (എഎവൈ) റേഷന്‍ കാര്‍ഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ തന്നെ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്സിഡി സാധനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരന് മുഖ്യ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്നാണ് കത്തിലെ ആവശ്യം.
കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കെ.സി.വേണുഗോപാൽ കത്തിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിൽ സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
Kerala
കൊച്ചി: സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകുന്നേരം ആറിന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണവും ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണവും നടത്തും.
ഗ്രന്ഥപ്പുര ഡോട്ട് ഓർഗ് എറണാകുളം സെന്ററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിക്കും.
സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്യും. എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിംഗ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ എന്നിവർ പ്രസംഗിക്കും.
‘സത്യദീപം- ചരിത്രം, വർത്തമാനം’ എന്ന സംവാദസദസിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പങ്കെടുക്കും.1927 ജൂലൈ മൂന്നിനാണ് സത്യദീപത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്.
Kerala
തിരുവനന്തപുരം: സസ്പെൻഷനെതിരേ എഡിജിപി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയിട്ടും തള്ളിയത് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിച്ചതിനാലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രക്ഷാപ്രവർത്തന കേസിൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ധൃതി കൂടാതെ സമചിത്തതയോടെയും ഏകാഗ്രതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യത്തെ റിപ്പോർട്ടിൽ ഡിജിപി കൂടുതൽ വിശദീകരണം തേടുകയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്കു പറയാനുള്ളതും കേട്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് സംസ്ഥാനത്തു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളുമായും സംസാരിക്കാൻ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
തൊഴിലാളി വിരുദ്ധമെന്ന് പറഞ്ഞു കേന്ദ്ര ലോബർ കോഡ് കേരളം അംഗീകരിച്ചിരുന്നില്ല. ഇതിനാൽ നിലവിൽ സംസ്ഥാനത്ത് ഒരു തൊഴിൽ നിയമവും നിലവിൽ ഇല്ലാത്ത സാഹചര്യമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഇതുസംബന്ധിച്ച ഒരു കേസും കേരളത്തിനു പുറത്ത് നിയമപരമായി നേരിടാൻ കഴിയാത്ത സാഹചര്യമുണ്ട്. സുപ്രീംകോടതിയിലും പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി വിരുദ്ധ ഭാഗങ്ങൾ ഒഴിവാക്കി നടപ്പാക്കാനാണ് സർക്കാർ ആലോചന.
Kerala
തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് ആരെ സന്തോഷിപ്പിക്കാനാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
എന്ത് പ്രസക്തിയാണ് യുപി മുഖ്യമന്ത്രിയുടെ കത്തിനുള്ളതെന്ന് പിണറായി വിജയൻ മറുപടി പറയണം.
സിപിഎം അതിന്റെ മതേതര നിലപാട് കളഞ്ഞുകുളിച്ചെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട്. അപ്പോൾ അന്ന് പ്രതിപക്ഷത്ത് ഇരുന്ന് ഞങ്ങൾ ഉന്നയിച്ച ആരോപണം കേന്ദ്ര കമ്മിറ്റിയും ശരിവച്ചിരിക്കുന്നു. സിപിഎമ്മിന് തിരിച്ചറിവുണ്ടാകാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ കാണാൻ വന്ന വയോധികയെ പോലീസ് കൈയേറ്റം ചെയ്തെന്ന വാർത്ത തെറ്റാണ്. അവർ തെറ്റായ പരാതി നൽകിയാൽ എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ ഓണം വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. വിപണിയിലെ സജീവ ഇടപെടലിനായി 448 കോടി രൂപ അനുവദിച്ചു.
വിപണി ഇടപെടലീന് 273 കോടിയും നെല്ല് സംഭരണ ബോണസായി 154 കോടിയും അനുവദിച്ചു.
ഓണം മെട്രോ ഫെയർ പ്രധാനപ്പെട്ട ഇടങ്ങളിൽ ആരംഭിക്കും. 126 നിയോജക മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും തുടങ്ങും.
Kerala
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനകേസില്‍ സര്‍ക്കാര്‍ സമചിത്തതയോടെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. നിരവധി വിമര്‍ശനങ്ങള്‍ നടത്തി. അവർ സ്വയം ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ അഞ്ച് സുപ്രധാന പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ യോജിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റര്‍ ഉണ്ടാക്കും. 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റലൈസേഷനിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കും. ബ്രഹ്മോസിന് വേണ്ടി 90 ഏക്കര്‍ ഭൂമി ഡിആര്‍ഡിഒക്ക് കൈമാറും.
വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി പണം വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് നല്കി. ഓണക്കാല മുന്നൊരുക്കം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എഡിജിപി അജിത്കുമാറിനെതിരെ തുടരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ജി.ശശീന്ദ്രനെ നിയമിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി നിധിന് അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. നിലവില്‍ ജയില്‍ മേധാവിയാണ് എഡിജിപി എസ്. ശ്രീജിത്ത്.
സീനിയോരിറ്റി പ്രകാരം എം.ആര്. അജിത്കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അജിത്കുമാര്‍ സസ്പെന്‍ഷനിലാണ്. കൂടാതെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അജിത്കുമാറിന്റെ സസ്പെന്ഷൻ സ്റ്റേ ചെയ്തതുമില്ല. അതിനാല്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കൂടിയ സ്ക്രീനിംഗ് കമ്മിറ്റി എസ്. ശ്രീജിത്ത്, വിജയ് സാഖറെ, സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. അജിത്കുമാറും സുരേഷ് രാജ് പുരോഹിതും 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷന് കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരികെ എത്തും.
Kerala
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്വീർ സിംഗ് മാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.
സൈനിക സേവനത്തിനു കുട്ടികളെയും വിദ്യാർഥികളെയും പ്രചോദിപ്പിക്കുക, വ്യോമശക്തിയെക്കുറിച്ചുള്ള അറിവു നൽകുക, മാനുഷിക സഹായവും ദുരന്തനിവാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, രാഷ്ട്രസേവനത്തിൽ സിവിൽ-സൈനിക ഏകോപനം വർധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
Movies
അയർലൻഡിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ പ്രതികരണവും ക്ഷമാപണവുമായി മിമിക്രി താരവും നടനുമായ മഹേഷ് കുഞ്ഞുമോൻ രംഗത്തെത്തി.
ഷോയ്ക്കിടെ മതിയായ ബഹുമാനം നൽകിയില്ലെന്ന് ആരോപിച്ച് തനിക്കെതിരെ വന്ന അസഭ്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണവുമായി എത്തിയത്.
താൻ ആരെയും അപമാനിക്കാൻ അറിഞ്ഞുകൊണ്ട് ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ ആർക്കെങ്കിലും മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും മഹേഷ് കുറിച്ചു.
മിമിക്രി പ്രകടനത്തിനിടെ വേദിയിലെ എൽഇഡി വാളിൽ വി.ഡി. സതീശന്റെ ചിത്രം തെളിയാൻ വൈകിയപ്പോൾ, ഡിജിറ്റൽ സ്ക്രീൻ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് ഫയൽ വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് മൈക്കിലൂടെ 'വി.ഡി. സതീശൻ' എന്ന ഫയലിന്റെ പേര് മാത്രം പറഞ്ഞത്.
എന്നാൽ ഇതിനൊപ്പം 'സാർ' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേർത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ അധിക്ഷേപവുമായി രംഗത്തെത്തിയത്. പരിപാടിയുടെ ഈ ഭാഗം മാത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബഹുമാനക്കുറവ് കാണിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ പരക്കുകയായിരുന്നു.
തനിക്ക് എല്ലാവരോടും ഒരേപോലെ ബഹുമാനമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ മാന്യമായ ഭാഷയിൽ വേണം പ്രകടിപ്പിക്കാനെന്നും മഹേഷ് ഓർമ്മിപ്പിച്ചു. വ്യക്തിപരമായ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഏതൊരാളെയും മാനസികമായി തകർത്തുകളയുമെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വേദിയിലെ മികച്ച ശബ്ദാനുകരണങ്ങളിലൂടെയും അടുത്തിടെ പുറത്തിറങ്ങിയ 'അതിരടി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കാം.
ഇതുസംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Business
കൊച്ചി: നിര്‍മിതബുദ്ധി, നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടു ഐബിഎസ് സോഫ്റ്റ്വേര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി കൊച്ചി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഫോടനമാണു നടക്കുന്നത്. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മിതബുദ്ധി മാറുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .
ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വേര്‍ സിഇഒ സൊമിത് ഗോയല്‍, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര്‍ റഹ്മാന്, എപിഎഎക്സ് പാര്‍ട്ണര്‍ ഇന്ത്യാ മേധാവി ഹര്‍ജോത് ദാലിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പ്രതിസന്ധിയിലായ പരന്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിച്ച് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതു ലക്ഷ്യംവച്ച് സർക്കാർ സ്ഥാപനങ്ങളും ജനങ്ങളും കുറഞ്ഞത് ഒരു കയർ ഉത്പന്നമെങ്കിലും വാങ്ങി ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഏറ്റവും കൂടുതൽ നടപടി ആവശ്യപ്പെട്ട താൻ അജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം അഴിച്ചുവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിലേക്ക് എത്തിയത്. നടപടിക്രമം പാലിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം വൈകുന്നെന്ന പരാതിയിൽ സർക്കാർ അധികാരത്തിൽ എത്തിയിട്ട് രണ്ടു മാസമല്ലേ ആകുന്നുള്ളൂ. എല്ലാം ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോർഡ്- കോർപറേഷൻ പുനഃസംഘടന വൈകുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓരോന്നായി നടത്തി വരികയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കിഫ്ബിയിലെ ധൂർത്ത് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് പുനഃസംഘടന അടക്കമുള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെന്നും റിപ്പോർട്ട് വന്നശേഷം തുടർ നടപടി സ്വീകരിക്കാമെന്നുമായിരുന്നു മറുപടി.
Kerala
തൃശൂർ: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനനടപടികൾ സമയബന്ധിതമാക്കി സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയും കാലിക്കട്ട് സർവകലാശാല സെനറ്റ് അംഗവുമായ പ്രഫ. ഡോ. വി.എം. ചാക്കോ മുഖ്യമന്ത്രിക്കു നിവേദനംനൽകി.
കീം പരീക്ഷാഫലവും റാങ്ക് പട്ടികയും സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, എൻജിനിയറിംഗ് പ്രവേശനം ജൂണിൽ പൂർത്തിയാക്കുക, ജൂലൈ ഒന്നുമുതൽ ക്ലാസ് ആരംഭിക്കുക, സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്ന് ബോർഡ് പുനഃസംഘടിപ്പിച്ച പിണറായി സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
വഖഫ് ബോർഡിനെതിരായ ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടും മുസ്ലിം സമുദായത്തെ സർക്കാരിനും യുഡിഎഫിനും എതിരാക്കാനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്തുന്ന പ്രചാരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രം പാസാക്കിയ വഖഫ് നിയമ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ നിയമിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്.
വഖഫ് ബോർഡിനെതിരായ ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടു. അമുസ്ലിം പ്രതിനിധികളെ അംഗങ്ങളാക്കുന്നതിൽ തമിഴ്നാട് നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നാല് ഹർജികൾ ഹൈക്കോടതിയിലുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ബോർഡ് പുനഃസംഘടിപ്പിക്കുക. അമുസ്ലിം അംഗങ്ങളെ പൊതുകാര്യ പ്രസക്തരിൽനിന്നും ബാർകൗണ്‍സിലിൽ നിന്നും തെരഞ്ഞെടുക്കുമെന്നാണ് ഇടത് സർക്കാരിന്റെ ഉത്തരവിലുള്ളത്. നാല് ഹർജികൾ തള്ളണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ, സുപ്രീംകോടതിയിൽ പോയ വഖഫ് ബോർഡ്, അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് വ്യക്തമാക്കിയത്. അമുസ്ലിംകളെ നിയമിക്കാമെന്നു പറഞ്ഞ് വർഗീയപ്രചാരണം നടത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാരിടൈം നയം ഉടൻ പ്രഖ്യാപിക്കുമെന്നും ആദ്യഘട്ടത്തിൽ 10,000 കോടിയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
വിദേശത്തെയും ഇതരസംസ്ഥാനങ്ങളിലെയും നിരവധി നിക്ഷേപകർ പദ്ധതികളുമായി സമീപിച്ചിട്ടുണ്ട്. പൊതുസ്വകാര്യ മോഡൽ വേണോ പ്രവാസി നിക്ഷേപം സ്വീകരിക്കണോ എന്നെല്ലാം പരിശോധിക്കുന്നു.
പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്പേസ് ഇക്കണോമി, എംഎസ്എംഇ ചേർത്തുള്ള പദ്ധതികളാണ്. അഞ്ച് പുതിയ വാതിലുകൾ നിക്ഷേപത്തിനായി തുറക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ഭാവിയെക്കരുതിയുള്ള സമീപനമാണ് വേണ്ടത്.
കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ തുടങ്ങുന്നതു സംബന്ധിച്ച് വ്യവസായ വകുപ്പിലെ രണ്ട് ഏജൻസികൾ തമ്മിലുള്ള തർക്കം 24 മണിക്കൂറിനകം പരിഹരിച്ചു. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്്ട്ര മാരിടൈം മ്യൂസിയവും തുടങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ടാറ്റ സർക്കാരുമായി സംസാരിച്ചില്ലെന്നാണ് വാർത്ത വന്നത്. ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ചിത്രം വ്യവസായമന്ത്രി പുറത്തുവിട്ടല്ലോ. മലബാർ സിമന്റ്സുമായും കൊച്ചിൻ പോർട്ടുമായും ചേർന്ന് അവരുടെ വെസൽ ബിൽഡിംഗ് പദ്ധതി തീരുമാനമായിരുന്നില്ല. അക്കാര്യത്തിൽ തീരുമാനമെടുത്തതോടെ ടാറ്റ പോസിറ്റീവായി പ്രതികരിച്ചു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് അവരോട് അഭ്യർഥിച്ചു.
അന്താരാഷ്്ട്ര മാധ്യമത്തോട് ഇക്കാര്യം പറഞ്ഞശേഷം രണ്ടാമതായി ഈ ഘട്ടത്തിൽ 10,000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
റാഗിംഗിന് ഇരയായി ദാരുണമായി മരിച്ച സിദ്ധാർഥിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. വിദ്യാർഥികൾക്ക് ഈ ആപ്പ് വഴി നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കാമ്പസുകളിൽ റാഗിംഗ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.