സുപ്രീം കോടതി
ന്യൂഡൽഹി: കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ നിർദേശം. രാജ്യത്തുടനീളം ഇ ചെലാനുകൾ വഴി 49,194.05 കോടി രൂപ പിഴയായി ഈടാക്കാനുണ്ടെന്നും ഇതിൽ 26,175.05 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
പരിശോധനയ്ക്കിടയിൽ പിഴയടയ്ക്കാത്ത വാഹനം കണ്ടെത്തിയാൽ കസ്റ്റഡിയിലെടുക്കാനും കുടിശിക തീരുന്നതുവരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ മരവിപ്പിക്കാനും കോടതി നിർദേശിച്ചു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 2012 മുതൽ പരിഗണനയുള്ള കേസിലാണ് കോടതിയുടെ നിർദേശങ്ങൾ. നിയമലംഘനം നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യക്തിക്ക് നിരന്തരം ഇ ചെലാനുകൾ അയച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും പിഴ എങ്ങനെ ഈടാക്കുമെന്നതാണു പ്രധാന ചോദ്യമെന്നും കോടതി നിരീക്ഷിച്ചു.
വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം തടയുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റും പിയുസി (പൊല്യൂഷ്യൻ) സർട്ടിഫിക്കറ്റും നിഷേധിക്കുക, പരിഹാൻ പോർട്ടലിൽ വാഹനം കരിമ്പട്ടികയിൽപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണു കോടതിയുടെ നിർദേശം.
കൂടാതെ ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുകയും നിലവിലുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി എഐ അധിഷ്ഠിത ഇലക്ട്രോണിക് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ നടപ്പാക്കാനും പ്രതിമാസ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൊതുസംവിധാനം രൂപീകരിക്കാനും റോഡ് ഗതാഗത മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
Tags : SupremeCourt StrictDirectives Collection TtrafficFines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash