കേരള ഹൈക്കോടതി
കൊച്ചി: ശബരിമല മണ്ഡലമകരവിളക്ക്, മാസപൂജ കാലത്ത് എരുമേലിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
ശബരിമല അയ്യപ്പസേവാ സമാജം ഭാരവാഹികളായ മനോജ് എസ്. നായര്‍, അരുണ്‍ സതീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഭക്തരുടെ പരാതികള്‍ പരിഹരിക്കാനും ഏകോപനം നടത്താനും ഡെപ്യൂട്ടി കളക്ടറെ എരുമേലിയില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയമിക്കണമെന്ന മുന്‍ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നടക്കം നിര്‍ദേശങ്ങള്‍ കോടതി നല്കി.
സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണം, തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരമുള്ള നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ, പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ കുടിവെള്ളം, ശൗചാലയം എന്നിവ ഉറപ്പാക്കണം.
ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നിടത്ത് സിസിടിവി, ഇവി ചാര്‍ജിംഗ് പോയിന്റുകള്‍, ഡിജിറ്റല്‍ സ്ലോട്ട് ബോര്‍ഡുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവയ്ക്ക് പുറമെ എരുമേലി ഉള്‍പ്പടെയുള്ള എല്ലാ ഇടത്താവളങ്ങളിലേക്കും ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ മേല്‍നോട്ടം വ്യാപിച്ചിട്ടുളളതായും കോടതി വ്യക്തമാക്കി. പേട്ടതുള്ളലിനു രാസ കുങ്കുമവും സിന്ദൂരവും ഉപയോഗിക്കുന്നത് കോടതി നേരത്തേതന്നെ നിരോധിച്ചിട്ടുണ്ട്.
Tags : Erumeli Pilgrims KeralHighCourt Facilities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash