നരേന്ദ്ര മോദിയുമായി വി.ഡി. സതീശന്റെ കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളും പദ്ധതികളും ചർച്ചയായ കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു.
മിഷൻ സമുദ്ര പദ്ധതിയാണ് പ്രധാനമായും ചർച്ചയായതെന്ന് വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉത്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി.
1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളിൽ സംസ്ഥാനത്തിന് അർഹമായ പരിഗണനയും ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധിക വൈദ്യുതി, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : VDSatheesan NarendraModi NewDelhi NewsUpdate Headlines