ലത്തീഫിന്റെയും ഉമർ നിസാറിന്റെയും സിസിടിവി ദൃശ്യം
ശ്രീനഗർ: കാഷ്മീർ താഴ്വരയെ വിറപ്പിച്ച ആക്രമണങ്ങളുടെ സൂത്രധാരൻ ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെയാണ് സുരക്ഷാ സേന ഇന്ന് നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്. ഒരു വർഷം മുന്പാണ് ലത്തീഫ് വീടുവിട്ടിറങ്ങി ഭീകരസംഘടനയിൽ ചേർന്നത്.
തെക്കൻ കാഷ്മീരിലെ കുൽഗാം അഷ്മുജി സ്വദേശിയായ ലത്തീഫ് ഭട്ട് ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം കുൽഗാം സർക്കാർ കോളജിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് കുടുംബം പുലർത്താനായി ആശാരിപ്പണി ചെയ്തു വരികയായിരുന്നു.
എന്നാൽ, തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായ ലത്തീഫ് 2025 നവംബറിൽ വീടുവിട്ടിറങ്ങുകയും ലഷ്കർ-ഇ-ത്വയ്ബയുടെ ഉപസംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ' ചേരുകയുമായിരുന്നു.ഒറ്റക്കൊല്ലം കൊണ്ട് സുരക്ഷാ സേനയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ലത്തീഫ് ഇടംപിടിച്ചിരുന്നു.
നവംബർ 11, 2026ൽകുൽഗാമിലെ അഖ്റാനിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ബൈക്കിലെത്തി 15 സെക്കൻഡിനുള്ളിൽ 30 റൗണ്ട് വെടിയുതിർത്ത ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ജൂലൈ, 2026ൽ അനന്ത്നാഗിൽ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷിയെ വെടിവെച്ച് കൊലപ്പെടുത്തി. ദിവസങ്ങൾക്കുള്ളിൽ കുൽഗാമിൽ ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയും ഇയാൾ കൊലപ്പെടുത്തി.
നവംബർ 16-ന് നടന്ന ഏറ്റുമുട്ടലിൽ കൂട്ടാളിയായ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടപ്പോൾ പരിക്കുകളോടെ ലത്തീഫ് രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സങ്കൽപോറയിലെ ഒരു മസ്ജിദിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി സൈന്യം കണ്ടെത്തിയത്.
22 വയസ് മാത്രമുള്ള യുവാവിനെ ജീവനോടെ പിടികൂടാനായിരുന്നു സൈന്യത്തിന്റെ ആദ്യ ശ്രമം.ലത്തീഫുമായി വീഡിയോ കോളിലൂടെ സംസാരിച്ച സൈന്യം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് വഴങ്ങാതെ ഇയാൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഒളിച്ചിരുന്ന മസ്ജിദിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിൽ അതീവ ജാഗ്രതയോടെ സുരക്ഷാസേന നടത്തിയ തിരിച്ചടിയിൽ ലത്തീഫ് കൊല്ലപ്പെട്ടു. ലത്തീഫിന്റെ അന്ത്യത്തോടെ കാഷ്മീർ താഴ്വരയിലെ പ്രാദേശിക ഭീകരവാദത്തിന് അന്ത്യമായതായാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലത്തീഫിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലിസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Tags : Terrorist Lashkar-e-Taiba Lateef Bhat