x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പിഎം ശ്രീയില്‍ ഒപ്പിട്ടത് ദുര്‍ബല നിമിഷത്തില്‍': കുറ്റസമ്മതവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട് ബ്യൂറോ
Published: November 18, 2026 03:50 PM IST | Updated: November 18, 2026 03:50 PM IST

ടി.പി. രാമകൃഷ്ണൻ (File Photo)

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ മുമ്പ് ഇടതു സര്‍ക്കാര്‍ അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ചെയ്തത് ഒരിക്കലും ശരിയായില്ല. അതൊരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയതാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഒപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും യഥാർഥ നിലപാട്. ബിആര്‍സികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്ര സഹായം ആവശ്യമായിരുന്ന സാഹചര്യമാണ് അന്ന് അത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.

പിഎംശ്രീ പദ്ധതി കേരളത്തെ സംബന്ധിച്ച് നിലവില്‍ അത്ര പ്രധാനപ്പെട്ട ഒരു വിഷയമേയല്ല. ഇവിടെയുള്ള സ്‌കൂളുകളും ആവശ്യമായ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഇത്തരം കേന്ദ്ര പദ്ധതികളുടെ പിന്നാലെ പോകേണ്ട അവസ്ഥ കേരളത്തിനില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.

എന്നാല്‍ അധികാരം ലഭിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പിഎംശ്രീ പദ്ധതിയെ അതിശക്തമായി എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ തങ്ങളുടെ മുന്‍ നിലപാടുകള്‍ പൂര്‍ണമായി മാറ്റിമറിക്കുകയാണുണ്ടായത്.

നിയമസഭയില്‍ പോലും കരാര്‍ ഒപ്പിട്ടതിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തിയ മുസ്‌ലിം ലീഗ് ഇപ്പോള്‍ അതിനെതിരേ ഒരക്ഷരം മിണ്ടുന്നില്ല. ഭരിക്കാനായി എന്ത് വൃത്തികേടും കാണിക്കാം എന്ന അനീതിപരമായ നിലപാടാണ് ലീഗ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡില്‍ മുസ്‌ലിം അല്ലാത്തവരെയും നിയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരേ എല്‍ഡിഎഫ് ശക്തമായി രംഗത്തുവന്നിരുന്നുവെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അമുസ് ലിങ്ങളെ ബോര്‍ഡില്‍ നിയമിക്കുന്നത് കേരളം സര്‍വ്വകാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടിന് നേരിട്ടുള്ള വെല്ലുവിളിയാണ്.

വഖഫ് ബോര്‍ഡില്‍ ആര്‍ക്കാണോ യഥാര്‍ഥത്തില്‍ പ്രാതിനിധ്യം വേണ്ടത് അവര്‍ മാത്രം ഉണ്ടായാല്‍ മതിയെന്നതാണ് ഇടതുമുന്നണിയുടെ ഉറച്ച നിലപാട്. എന്നാല്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന് ഈ മതനിരപേക്ഷ നിലപാടിന് തികച്ചും എതിരായ സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്.

അധികാരത്തില്‍ കടിച്ചുതൂങ്ങാനായി ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags : PMSHRI LDF Convener TPRamakrishnan

Recent News

Corehub Up