Kerala
തിരുവനന്തപുരം: പിഎംശ്രീ വിവാദത്തിനുശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. എകെജി സെന്ററിൽ വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കരാര്‍ ഒപ്പിട്ടതിലെ സാഹചര്യവും മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താത്കാലിക വിരാമമായത്. സിപിഎം - സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും.
കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ പറയുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അതേസമയം പിഎം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
കണ്ണൂരിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുത്.
ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പിന്നോട്ടുമാകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ബിഹാര്‍ മോഡല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കും.
പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഈ വിഷയത്തിനെതിരെ പോരാടിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പുവെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവർത്തിച്ചു.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ചയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകുന്നേരം 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്ലബിള് പിബിയും ഇന്ന് ചേരും.
Editorial
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടത്തിപ്പിനുള്ള പിഎം ശ്രീ പദ്ധതി രണ്ടു തലത്തിലാണ് വിവാദമായിരിക്കുന്നത്. ഒന്ന്: പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന ആരോപണം. രണ്ട്: അതിനെ എതിർക്കാൻ മുന്നിലുണ്ടായിരുന്ന ഇടതു സർക്കാർ, പാർട്ടിയിലോ മുന്നണിയിലോ അംഗീകാരം വാങ്ങാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ഒരാഴ്ചയ്ക്കുള്ളിൽ, പറഞ്ഞതെല്ലാം വിഴുങ്ങി ഒപ്പിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്, മുഖ്യമന്ത്രിയുടെയും മക്കളുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളിൽനിന്നു രക്ഷപ്പെടാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതോടെ, സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമൊക്കെ ന്യായീകരണ മൂഡിലായി. 1,466 കോടി രൂപ കിട്ടുമെന്നും സംഘപരിവാർ അജണ്ടയൊന്നും നടപ്പാക്കണമെന്ന നിർബന്ധമില്ലന്നുമാണ് ഇപ്പോഴത്തെ ന്യായം.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും പറഞ്ഞിരിക്കുന്നത്, കേന്ദ്രസിലബസ് നിർബന്ധമല്ല എന്നാണ്. പക്ഷേ, പിഎം ശ്രീയുടെ ലക്ഷ്യംതന്നെ എൻഇപിയുടെ നടപ്പാക്കലാണെന്നിരിക്കെ ഇത്തരം ഭാഷ്യങ്ങളുടെ ഭാവിയെന്തെന്ന് ആർക്കും ഒരുറപ്പുമില്ല. ഇക്കാര്യത്തിൽ ഒന്നര വർഷം മുന്‍പേ ധാരണയായിരുന്നെന്ന സഞ്ജയ് കുമാറിന്റെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ സിപിഎം-ബിജെപി രഹസ്യബാന്ധവം കെട്ടുകഥയല്ലാതാകും. പിഎം ശ്രീ, സിഎം ശ്രീയാകുകയാണോ?
ഇനി പദ്ധതിയെക്കുറിച്ചു പറയാം. 2020ല്‍ കേന്ദ്രം പ്രഖ്യാപിച്ച എൻഇപിയുടെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യം. നിലവിൽ കേരളത്തിലെ ജവഹർ നവോദയ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമായി 47 സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാന സർക്കാരിന്റെ സ്കൂളുകളെ ഉൾപ്പെടുത്തണോ എന്നതു മാത്രമാണ് വിഷയം. അഞ്ചു വർഷത്തേക്കുള്ള പദ്ധതിക്കായി 27,360 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേടുപാടുകള്‍ ഇല്ലാത്ത സ്കൂള്‍ കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റാമ്പുകള്‍, വിദ്യാർഥികളുടെയും അധ്യാപകരുടെയം നിശ്ചിത നിലവാരം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സ്കൂളുകളെയാണ് തെരഞ്ഞെടുക്കുന്നത്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
ഒരു സ്കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. എൻഇപി നടപ്പാക്കുകയും സ്കൂളിന്റെ പേരിനു മുന്നിലായി പിഎം ശ്രീ എന്ന് ചേര്‍ക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. എന്‍സിഇആര്‍ടി സിലബസ് ആയിരിക്കും നടപ്പിലാക്കുക. വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക മുന്നേറ്റത്തിനു വഴിതെളിക്കുന്നതാണ് മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം. പക്ഷേ, പാഠ്യപദ്ധതികളിൽ ഉൾപ്പെടെ ചരിത്ര അപനിർമിതിയിലൂടെ സംഘപരിവാർ ഭാഷ്യങ്ങൾ കുത്തിത്തിരുകിയിട്ടുള്ള ബിജെപി, പിഎം ശ്രീയിൽ അതിനു ശ്രമിക്കില്ലെന്ന് വിശ്വസിക്കാനാകില്ല.
വിവാദത്തിലേക്കു തിരിച്ചുവരാം. ഹിന്ദുത്വവത്കരണമാണ് ലക്ഷ്യമെന്നു പറഞ്ഞ് ഇതിനെ തുടക്കം മുതൽ വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമായിരുന്നു. വിദ്യാഭ്യാസത്തിലും ചരിത്രത്തിലും കാവിവത്കരണം നടപ്പാക്കുമെന്നതായിരുന്നു പ്രധാന ആക്ഷേപം. എൻഇപിയിലെ ഹിന്ദിക്കും സംസ്കൃതത്തിനും പ്രാധാന്യം നല്കുന്ന ത്രിഭാഷാ നയത്തിനെതിരേയാണ് തമിഴ്നാട് രംഗത്തെത്തിയത്. ഇതിന്റെ പേരിൽ അവർക്കും എസ്എസ്എ (സർവ ശിക്ഷാ അഭിയാൻ) ഫണ്ട് തടഞ്ഞെങ്കിലും സുപ്രീംകോടതിയെ സമീപിച്ചതോടെ കുടിശികയിൽ ഒരു വിഹിതം നൽകാൻ കേന്ദ്രം നിർബന്ധിതമായി. കോടതിവിധി വരാനിരിക്കുന്നതേയുള്ളൂ.
കേരളവും സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പോയില്ല. ഇതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പിടുകയും ചെയ്തു. ഇതോടെ, പശ്ചിമബംഗാളും തമിഴ്നാടും ഒഴികെ കോൺഗ്രസ് ഭരിക്കുന്നത് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും പദ്ധയിൽ ചേർന്നു.
സ്വന്തം നിലപാടുകളെയും ഇടതു താത്പര്യങ്ങളെയും വിഴുങ്ങിക്കൊണ്ട് എൻഇപി കരിക്കുലം നടപ്പാക്കുന്നത് നിർബന്ധമല്ലെന്ന പുതിയ വെളിപാടുമായി സിപിഎം എത്തിയിരിക്കുകയാണ്. അപ്പോൾ സ്വാഭാവികമായും ചോദ്യങ്ങളുണ്ടാകും. ഇത്രനാൾ കാവിവത്കരണത്തെക്കുറിച്ചു പറഞ്ഞത് കാര്യങ്ങൾ പഠിക്കാതെയാണോ? കരിക്കുലത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു തീരുമാനം എടുക്കാമെങ്കിൽ മുന്നണിയിലുള്ളവർ അറിയാതെ ഒളിച്ച് ഒപ്പിടാൻ പോയതെന്തിന്? സംഘപരിവാർ അജൻഡയ്ക്കു വഴങ്ങാതെ മുന്നോട്ടു പോകാനാകാത്തവിധം ഇടതു പ്രത്യയശാസ്ത്രം ദുർബലമായോ?
കടുത്ത സാന്പത്തിക തകർച്ചയിലാണോ സംസ്ഥാനം? മുഖ്യന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഈ വിഷയത്തിലല്ലെങ്കിൽ മറ്റെന്തിനായിരുന്നു? പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്ന ബിജെപി-സിപിഎം ബാന്ധവത്തിന് മുഖ്യമന്ത്രിയാണോ ചരടു വലിക്കുന്നത്? ആ ബാന്ധവം സിപിഐയുടെ എതിർപ്പിനെപ്പോലും അവഗണിക്കാൻ തക്കവിധം ശക്തമാണോ? ഈ ബന്ധം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീളുമോ? ബിജെപിയുടെ കോൺഗ്രസ് മുക്ത കേരള താത്പര്യത്തെ സിപിഎം സഹായിക്കുന്നുണ്ടോ?.... പിഎം ശ്രീ നിരവധി ചോദ്യങ്ങളെ സജീവമാക്കിയിരിക്കുകയാണ്.
ഇതെന്തു സർക്കാരാണെന്നോ സഖ്യകക്ഷികളെയും ജനത്തെയും ഇരുട്ടിലാക്കിയെന്നോ ഒന്നും ചോദിക്കുന്നതിൽ അർഥമില്ല. ഇരട്ടത്താപ്പു രാഷ്ട്രീയം ജനത്തെ പണ്ടേ ഇരുട്ടിലാക്കിക്കഴിഞ്ഞു. പിഎം ശ്രീ അതിൽ പുതിയതു മാത്രമാണ്. പദ്ധതിയുടെ ഗുണഗണങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടും. പക്ഷേ, അതിനുവേണ്ടി തലയിൽ മുണ്ടിട്ടു പോയത് എന്തിനാണെന്നു സിപിഎം പറയാതെ അറിയില്ല.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളത്തിലെ സ്കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കിമാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമായാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങൾക്കാണ് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകുന്നത്.
അതിനാലാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പദ്ധതി ആരംഭിച്ചത് മുതൽ ശക്തമായി എതിർത്തിരുന്ന പിണറായി സർക്കാർ ധൃതിപിടിച്ച് അതിന്റെ ഭാഗമായത് മുഖ്യമന്ത്രി ഈ മാസം പത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാൻ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.