മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽനിന്ന് എകപക്ഷീയമായി പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിനില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു.
പൊതുതാത്പര്യാർഥം ഈ കരാർ 30 ദിവസത്തെ നോട്ടീസ് നൽകി റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നതിനുള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനാണ്. കഴിഞ്ഞ സർക്കാർ പിഎംശ്രീ പദ്ധതി നടപ്പാക്കാമെന്നു സമ്മതിച്ചു ധാരണാപത്രത്തിൽ ഒപ്പിടുകയും ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിന്മാറാൻ സംസ്ഥാനത്തിനു വ്യവസ്ഥ ഇല്ലാതിരിക്കുകയും വഴി ഉണ്ടായിട്ടുള്ള പ്രതിസന്ധിയാണ് സർക്കാരിനു മുന്നിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സിലബസ് അല്ലാതെ മറ്റൊരു പാഠ്യപദ്ധതിയും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ കഴിയില്ലെന്നുള്ളതുതന്നെയാണ് സർക്കാരിന്റെ നിലപാട്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഉപസമിതി രണ്ടുതവണ യോഗം ചേർന്നു. ഉപസമിതിയുടെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിക്കു കാലാവധി തുടർച്ച
നിലവിലുള്ള പിഎംശ്രീ പദ്ധതിയുടെ കാലാവധി അടുത്ത വർഷം അവസാനിക്കുമെങ്കിലും പദ്ധതിക്കു തുടർച്ചയുണ്ടാകുമെന്നും അതിനാൽ കേരളം ഇനി പിഎം ശ്രീ നടപ്പാക്കിയാലും പദ്ധതിക്കു കാലാവധി തുടർച്ച ലഭിക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ രേഖാമൂലം അറിയിപ്പൊന്നും കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Tags : PMSHRI Scheme Unilaterally Withdraw Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash