District News
ചേര്‍ത്തല: കാർഷിക ഉത്പന്നങ്ങളുടെ വിലവർധനവിന്റെ ഫലം കർഷകർക്ക് കൂടുതൽ ലഭ്യമാക്കുകയും കാലാവസ്ഥാവ്യതിയാനത്തിൽ കർഷകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് കേര പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല വിടിഎഎം ഓഡിറ്റോറിയത്തിൽ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷങ്ങൾക്കു ശേഷമാണ് കാർഷിക മേഖലയ്ക്കായി മാത്രം ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്ര പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരിന് വലിയ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അല്‍സ് വർഗീസ്, ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ, പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ബെന്നി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: മത്സ്യത്തൊഴിലാളി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി ഫിഷറീസ് വകുപ്പും കേരള നോളഡ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കിയ തൊഴില്‍തീരം പദ്ധതിയിലൂടെ പരിശീലനം നല്‍കിയത് 203 പേര്‍ക്ക്. ഒമ്പതു ജില്ലകളിലെ 46 നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
പരിശീലന പരിപാടിയുടെ ഭാഗമായി ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി കോഴ്സിലൂടെ 33 ഉദ്യോഗാര്‍ഥികളെയും മൊബൈല്‍ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് കോഴ്സിലൂടെ 40 പേരെയും സിസിടിവി റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് കോഴ്സിലൂടെ 62 പേരെയും ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് കോഴ്സിലൂടെ 68 പേരെയുമാണ് ഇതുവരെ പരിശീലിപ്പിച്ചത്.
കരിയര്‍ കാറ്റലിസ്റ്റ് പ്രോഗ്രാം എന്ന പേരില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ സ്കില്‍ ഗ്യാപ് അനാലിസിസ്, ഡിഡബ്ല്യുഎംഎസ് ഓറിയന്റേഷന്‍, നൈപുണ്യ പരിശീലന കോഴ്സ് പരിചയപ്പെടുത്തല്‍, മോക്ക് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന്, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ 41,843 പേര് ഡിഡബ്ല്യുഎംഎസ് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലന പരിപാടിക്കു ശേഷം പ്രാദേശിക തലത്തിലുമ ദേശീയ തലത്തിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കാനാണ് തൊഴില്‍തീരം പദ്ധതി ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: യുവജനങ്ങളെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതികൂടിയാണ് കണക്ട് ടു വർക്ക് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പഠനം കഴിഞ്ഞു ജോലിക്കു തയാറെടുക്കുന്ന ധാരാളം പേർ നാട്ടിലുണ്ട്. ഓരോ ജോലിക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത മാത്രം പോരാ, പ്രത്യേകമായ നൈപുണ്യംകൂടിവേണം. അങ്ങനെ നൈപുണ്യം വേണ്ടവർക്കു പിന്തുണ നൽകുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
പരമാവധി ഒരു വർഷത്തേക്ക് ആയിരം രൂപ പ്രതിമാസം ലഭിക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരത്തിലധികം അപേക്ഷ ലഭിച്ചു. കുറച്ചുകാലം മുന്‍പുവരെ കണ്ടുവന്ന പ്രവണത എന്തെങ്കിലും കോഴ്സ് പഠിക്കുന്നു.
പഠനം അവസാനിക്കുന്നതോടെ കോഴ്സുമായുള്ള ബന്ധം അവസാനിക്കുന്നു എന്നതായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിക്കു മാറ്റം വന്നുതുടങ്ങി.
പഠനത്തിനുശേഷം തൊഴിലന്വേഷണം എന്ന രീതിയിൽ നിന്നു മാറി പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന കാഴ്ചപ്പാടിലേക്കു കുട്ടികളെത്തി.
ഇതിനായി നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണു കണക്ട് ടു വർക്ക് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, വി.കെ. പ്രശാന്ത് എംഎൽഎ, എ.എ. റഹിം എംപി എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതർക്കായുള്ള ഉജ്ജീവന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.
വയനാട് മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് വാണിമേൽ പഞ്ചായത്തിലും 2024 ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായി പ്രഖ്യാപിച്ച വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗിച്ച് ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പാക്കുക.
8.57 കോടി രൂപയുടെ വായ്പാ പദ്ധതി അംഗീകരിച്ച് വായ്പയ്ക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വയനാട് ജില്ലാ കളക്ടർ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും. പദ്ധതിക്കായി ഏകദേശ ചെലവായി കണക്കാക്കിയിട്ടുള്ള 20 കോടി രൂപ ഹൈക്കോടതി വിധി പ്രകാരം എസ്ഡിആർഎഫ് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്ത് കണ്ടെത്തും.
ഉജ്ജീവന വായ്പാ പദ്ധതിയുടെ സർക്കാർ വിഹിതം ബാങ്കുകൾക്ക് നൽകുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വായ്പ പദ്ധതികളുടെ കാലാവധി 2026 ഡിസംബർ 31 വരെയായിരിക്കും.
ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായ സൂക്ഷ്മ-ചെറുകിട-ഇടത്തര വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, അംഗീകൃത ഹോം സ്റ്റേകൾ, ദുരന്ത ബാധിതരായ ക്ഷീര കർഷകർ, കിസാൻ കാർഡ് ഉടമകൾ, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ, വാണിജ്യ വാഹന ഉടമകൾ എന്നിവരുടെ ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കാൻ സഹായകരമാക്കാനാണ് ഉജ്ജീവന വായ്പാ പദ്ധതി. ജില്ലാതല ബാങ്കേഴ്സ് സമിതിയിൽ അംഗങ്ങളായ ബാങ്കിംഗ്, ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ എന്നിവ മുഖേനെയുള്ള വായ്പകൾക്കാണ് ഉജ്ജീവന വായ്പ പദ്ധതിയിൽ സഹായത്തിന് അർഹത.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹമോചിതർ, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കായി 20 ശതമാനം സർക്കാരിന്റെ സബ്സിഡിയോടുകൂടി സ്വയംതൊഴിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയ്ക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി ലഭിക്കും.
നിലവിൽ കോർപറേഷനിൽ നിന്നും മറ്റ് വായ്പകൾ എടുത്തവർക്കും പ്രസ്തുത പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷകൾ ഓൺലൈനായും നൽകാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്കായി കോർപറേഷന്റെ www.ksmdfc.orgൽ നൽകിയിട്ടുള്ള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം.
Education
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുള്ള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടണം.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിംഗ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/PhD കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമാകണം.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാല, നിലവിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്സി, പിഎസ്സി, സർവീസ് സെലക്ഷൻ ബോർഡ്, കര- നാവിക- വ്യോമ സേന, ബാങ്ക്, റയിൽവേ, മറ്റു കേന്ദ്ര-സംസ്ഥാന പൊതുമേഖല റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ചു തയാറെടുക്കുന്നവരോ ആകണം അപേക്ഷകർ. അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.
യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബൽപോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം 1,000 രൂപ വീതം 12 മാസത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
District News
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിലെ തിരുനെല്ലി, നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയായ ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ നൂൽപ്പുഴ പഞ്ചായത്ത്തല ഉദ്ഘാടനം കുമഴി ഉന്നതിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ മുഴുവൻ ഉന്നതികളിലും കുടിവെള്ളം എത്തിക്കുമെന്നും ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ തുക ഇതിന് മതിയാകുന്നില്ലെങ്കിൽ എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽനൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ, കുമഴി എന്നീ ഉന്നതികളിലുമാണ് കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുക. നൂൽപ്പുഴഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഉസ്മാൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ട്രൈബൽ ഉദ്യോഗസ്ഥർ, ആശവർക്കർ, വിവധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വാർഡ് അംഗങ്ങളായ ബെന്നി കൈനിക്കൽ, പി. ബീന, പദ്ധതി സീനിയർ എൻജിനീയർ തോമസ് സെബാസ്റ്റ്യൻ, ടീം ലീഡർ ദീപു ജോസഫ്, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനീയർ നീരജ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ നിമിഷ മോൻസി, അഷ്ജിൻ സണ്ണി, ഒ.പി. ജയന എന്നിവർ നേതൃത്വം നൽക
Business
തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അവതരിപ്പിച്ചു. പ്രത്യേക മൂലധന ആസ്തികൾ വിറ്റുകിട്ടിയ തുകയോ അല്ലെങ്കിൽ നിക്ഷേപിക്കാത്ത ദീർഘകാല മൂലധന നേട്ടമോ ഉപഭോക്താക്കൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാനാകും.
നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതിനൊപ്പം മൂന്നു വർഷം വരെ നികുതി ഇളവുകൾ നേടാനും സാധിക്കും. സിജിഎഎസ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകൃത സ്ഥാപനമായി ഐസിഐസിഐ ബാങ്കിനെ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് പദ്ധതി അവതരിപ്പിച്ചത്.
Kerala
ചാലിശേരി (പാലക്കാട്): വിവിധ അയൽക്കൂട്ടങ്ങളിലായി 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളായ കുടുംബശ്രീയുടെ ത്രിതലസംഘടനാസംവിധാനം ലോകത്തിനുതന്നെ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രീ സംഘടിപ്പിക്കുന്ന 13-ാമത് ദേശീയ സരസ് മേള തൃത്താല ചാലിശേരിയിൽ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ കെ-ലിഫ്റ്റ് ഉപജീവന കാന്പയിൻവഴി ഇതിനകം മൂന്നു ലക്ഷത്തോളം പേർക്കു തൊഴിൽ നൽകാൻ സാധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതു കേരളത്തിന്റെ സന്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും വലിയ മാറ്റം കൊണ്ടുവരും.
പ്രാദേശികസംരംഭകരുടെ ഉത്പന്നങ്ങൾ പൊതുവിപണിക്കു പരിചയപ്പെടുത്തുന്ന വേദിയായി സരസ് മേളകൾ മാറുകയാണ്. ഗ്രാമീണവനിതകൾക്കു പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്രതലത്തിലുള്ള ഓർഡറുകൾ സ്വീകരിക്കാനും ഇത്തരം മേളകൾ വലിയ അവസരമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. വിവിധ മേഖലയിൽ മികവുതെളിയിച്ചവരെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പി. അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്സിൻ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22,700 പേർക്കുകൂടി നൽകുമെന്ന് മന്ത്രി ആർ. ബിന്ദു.
2018 ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച് പൂർണമായും കിടപ്പിലായവർ തുടങ്ങിയവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാൾക്ക് പ്രതിമാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരം നടപ്പാക്കിവരുന്ന ഈ പദ്ധതിയിൽ നിലവിൽ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിവരുന്നത്. നിലവിലെ ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞതായും നവംബറിലെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.