പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാന്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവിലാണ് തീരുമാനം.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിന്നാണ് നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പ് പദ്ധതിക്ക് 68 ലക്ഷം അനുവദിച്ചത്. ഒരു വിദ്യാർഥിക്ക് പ്രതിവർഷം 15,000 രൂപയാണ് സ്കോളർഷിപ്പ് തുക.
ആകെ 453 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 453 വിദ്യാർഥികൾക്ക് 15,000 രൂപ വീതം നൽകാനായി 67.95ലക്ഷം രൂപ ആവശ്യമാണ്. ഭരണനിർവഹണ ചെലവുകൾക്കുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
Tags : MotherTeresa Scholarship Scheme Granted Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship