പ്രതീകാത്മക ചിത്രം
ഇൻഡോർ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ മുംബൈ ജൂഹുവിൽ വെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണം സംഘടിപ്പിക്കുകയും ഷൂട്ടർമാർക്ക് തോക്ക് എത്തിച്ചുനൽകുകയും ചെയ്ത 22-കാരനായ എഞ്ചിനീയർ പ്രാഞ്ചൽ ഠാക്റാലിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
വിദേശത്ത് ഒളിവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രമുഖനായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് പ്രാഞ്ചൽ ആക്രമണം ആസൂത്രണം ചെയ്തത്. എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ പ്രാഞ്ചൽ ഠാക്റാൾ, പാനിപ്പത്തിൽ ഒരു വ്യവസായിയെ ആക്രമിച്ച കേസിൽ ജയിലിലാവുകയും ഈ വർഷം മാർച്ച് മാസത്തിൽ ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ഉടൻ തന്നെ ഇയാൾ അനിൽ പണ്ഡിറ്റുമായി ചേർന്ന് ടൈഗർ ഷ്രോഫിനെതിരെയുള്ള പദ്ധതി തയ്യാറാക്കി.
പോലീസിന്റെ കണ്ണ് വെട്ടിക്കാൻ എൻക്രിപ്റ്റഡ് ആപ്പ് വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. പ്രാഞ്ചലിന്റെ ഫോൺ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിലൂടെ അനിൽ പണ്ഡിറ്റിന്റെ അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഒക്ടോബർ 18-ന് വൈകുന്നേരം ജൂഹുവിലെ പുഷ്പ നാർസി പാർക്കിൽ വെച്ച് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കോട്ടയിൽ വെച്ച് മൂന്ന് ഷൂട്ടർമാരെ പൊലിസ് പിടികൂടിയിരുന്നു.
കനത്ത സുരക്ഷ കാരണം മറ്റൊരു പ്രമുഖനെ ലക്ഷ്യമിട്ടത് മാറ്റിയാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണം നടത്തിയതെന്ന് പൊലിസ് വ്യക്താമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതി പ്രാഞ്ചൽ ഠാക്റാലിനെ ഒക്ടോബർ 31 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു.
Tags : TigerShroff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash