പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെയുള്ള അപ്പീലിൽ പ്രതിഭാഗത്തിനായി ഹാജരായത് മുതിർന്ന അഭിഭാഷകരുടെ നീണ്ട നിര. സിംഗിൾ ബെഞ്ചിനെ സമീപിച്ച മുൻ സിപിഎം നേതാവ് കെ. എം. ഷാജഹാന് കൃത്യമായ രാഷ്ട്രീയ താത്പര്യങ്ങളാണുള്ളതെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ വാദിച്ചു
പിണറായി വിജയനായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഓൺലൈൻ വഴി ഹാജരായപ്പോൾ, അദ്ദേഹത്തിന്റെ മകൾ ടി. വീണ, മരുമകനും നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കായി പ്രമുഖ അഭിഭാഷകൻ അഡ്വ. എൻ. ഹരിഹരൻ ഹാജരായി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളൊന്നും കേസിൽ നിലനിൽക്കുന്നില്ലെന്ന് പിണറായിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കമ്പനി ആക്ട് പ്രകാരമുള്ള ചില കാര്യങ്ങളിൽ എസ്എഫ്ഐഒക്ക് മാത്രമേ അന്വേഷണം നടത്താനാകൂ. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാവില്ല. കെ.എം. ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും, ഹർജി നൽകാൻ അദ്ദേഹത്തിന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും വീണയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഹർജിക്കാരന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന പ്രതിഭാഗ വാദത്തോട്, "ഹർജിക്കാരൻ നിലവിൽ ഒരു രാഷ്ട്രീയക്കാരനല്ലല്ലോ" എന്ന് കോടതി വാക്കാൽ ചോദിച്ചു. കേസിൽ വാദം കൂടുതൽ വിശദമായി തുടരും.
Tags : CMRL-Exalogic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash