രാഹുൽ ഗാന്ധി, അമിത് ഷാ
സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ നിലനിന്നിരുന്ന മാനനഷ്ടക്കേസിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. രാഹുൽ നടത്തിയ പരാമർശങ്ങൾ മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവത്തിലുള്ളതല്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വ്യക്തമാക്കി.
വിധി പ്രസ്താവിക്കുന്ന വേളയിൽ രാഹുൽ ഗാന്ധി നേരിട്ട് സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിൽ ഹാജരായിരുന്നു. 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ അമിത് ഷാ കൊലപാതകക്കേസിലെ പ്രതിയാണെന്ന് രാഹുൽ ഗാന്ധി സംസാരിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് ഫയൽ ചെയ്തത്.
"സത്യസന്ധതയെക്കുറിച്ചും മര്യാദയെക്കുറിച്ചും സംസാരിക്കുന്ന പാർട്ടി (ബിജെപി) ഭരിക്കുന്നത് കൊലപാതകക്കുറ്റാരോപിതനായ വ്യക്തിയാണെന്ന് ആളുകൾ മറന്നുപോകുന്നു" എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രശസ്തമായ സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസിൽ 2014ൽ തന്നെ പ്രത്യേക സിബിഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ബിജെപി നേതാവ് കേസ് നൽകിയിരുന്നത്.
നേരത്തെ, 2019ൽ "എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേരുണ്ട്" എന്ന പരാമർശത്തിൽ ഗുജറാത്ത് കോടതി രാഹുലിന് രണ്ട് വർഷത്തെ തടവുശിക്ഷ വിധിക്കുകയും തുടർന്ന് അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുപ്രീംകോടതി ഈ ശിക്ഷാവിധി സ്റ്റേ ചെയ്തതിനെത്തുടർന്നാണ് അദ്ദേഹത്തിനു ജനപ്രതിനിധിയായി തുടരാൻ സാധിച്ചത്.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash