അർച്ചന ചൗധരി
ഹൈദരാബാദ്: കാമുകനുമായി വീഡിയോ കോളിൽ ദീർഘനേരം സംസാരിച്ചതിന് പിന്നാലെ യുവതി ഫ്ലാറ്റിൽ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിനിയും ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ അർച്ചന ചൗധരിയാണ് (29) മരിച്ചത്. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് സംഭവം.
ഉത്തരാഖണ്ഡ് സ്വദേശിയും യുവതിയുടെ സഹപ്രവർത്തകനുമായ യുവാവുമായി നാല് വർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പുലർച്ചെ കാമുകനെ വീഡിയോ കോളിൽ വിളിച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അർച്ചന യുവാവിനെ വീഡിയോ കോളിൽ വിളിക്കുന്നത്. ആ സമയത്ത് യുവാവ് അമ്മയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കോളിനിടെ മുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കുരുക്കിട്ടിരിക്കുന്നത് അർച്ചന കാമുകനെ കാണിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പുലർച്ചെ അഞ്ചരയോടെ യുവാവ് അർച്ചന താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് യുവാവ് ഉടൻ തന്നെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Tags : Suicide SoftwareEngineer Die VideoCall