ശുചീകരണ പ്രവർത്തനങ്ങൾക്കിടെ കണ്ടെടുത്ത വോട്ടർ ഐഡി കാർഡുകൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മണ്ഡലേശ്വറിൽ നർമ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഞായറാഴ്ച നദീതീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് 343 വോട്ടർ ഐഡി കാർഡുകൾ കണ്ടെടുത്തത്.
വിവരമറിഞ്ഞ ഉടൻ തന്നെ താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കാർഡുകൾ കസ്റ്റഡിയിലെടുത്തു. ഇൻഡോറിലെ 'റാവു' അസംബ്ലി മണ്ഡലത്തിലുള്ള വോട്ടർമാരുടേതാണ് ഈ കാർഡുകൾ എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മണ്ഡലേശ്വർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയിൽ സംശയം ഉന്നയിച്ച ഡിസിസി പ്രസിഡന്റ് രവി നായിക്, കുറ്റക്കാർക്കെതിരെ എത്രയും പെട്ടെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നദിയിൽ കൂടുതൽ വോട്ടർ ഐഡി കാർഡുകൾ വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ പൊലിസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മണ്ഡലേശ്വർ സബ് ഡിവിഷണൽ ഓഫീസർ ശ്വേത ശുക്ല സ്ഥിരീകരിച്ചു.
Tags : VoterIDCard Voter IDCard Riverbank