Kerala
കൊച്ചി: കാലടിയിൽ പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്.
ശ്രീമൂലനഗരം അകവൂർ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്.
വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ഒന്നാം നമ്പർ ബുത്തിലാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു വോട്ട് ചെയ്യാനുള്ള സംവിധാനമില്ല. കഴിഞ്ഞ തവണത്തെ വീട്ടിൽ വോട്ട് ക്രമീകരണം ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉപേക്ഷിച്ചു. പകരം, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മറ്റു പ്രത്യേക പരിഗണന വേണ്ടവർക്കും പോളിംഗ് ബൂത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഇവർക്കു ക്യൂ നിൽക്കാതെ വോട്ട് രേഖപ്പെടുത്താൻ സംവിധാനമൊരുക്കും.
കോവിഡ് കാലത്തു നടന്ന 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന സ്പെഷൽ വോട്ടർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കിടപ്പുരോഗികൾക്ക് അടക്കം ഇത് ഏറെ ഗുണം ചെയ്തെങ്കിലും ഒട്ടേറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ഈ രീതി പിന്തുടർന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കോവിഡ് നിയന്ത്രണം നിലനിന്ന സമയത്ത് ആയതിനാൽ കോവിഡ് ബാധിച്ചവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ടെടുപ്പിന്റെ അവസാനസമയം വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നു. ഈ സമയം പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ചാണ് ബൂത്തിൽ ഇരുന്നത്.
പോളിംഗ് ബൂത്തുകളുടെ എണ്ണം ഇനിയും കുറയും
ഡിസംബർ ഒൻപതിനും 11നുമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇനിയും കുറയും. നേരത്തേ 33,757 പോളിംഗ് ബൂത്തുകളായിരുന്നു കണ്ടെത്തിയിരുന്നത്. പഞ്ചായത്ത് തലത്തിൽ 1200 പേർക്ക് ഒരു ബൂത്തും നഗരസഭാ തലത്തിൽ 1500 പേർക്കുമായി ക്രമീകരിച്ചിരുന്നു. വോട്ടർമാരുടെ എണ്ണം കുറവുള്ള ബൂത്തുകൾ ഏകീകരിച്ചപ്പോൾ ഇവയുടെ എണ്ണം 33,711 ആയി കുറഞ്ഞു.
ആന്തൂർ നഗരസഭയിലും മലപ്പട്ടം അടക്കമുള്ള രണ്ടു പഞ്ചായത്തുകളിലും 14 വാർഡുകളിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചതോടെ ഇവിടെയും വോട്ടെടുപ്പു വേണ്ടിവരില്ല. ഇതോടെ ഇവിടങ്ങളിലെ ബൂത്തുകളും വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും.
ബൂത്തിൽ ഇക്കുറി നാലു ജീവനക്കാർ മാത്രം
കഴിഞ്ഞ തവണ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പായതിനാൽ ഒരു ബൂത്തിൽ അഞ്ചു ജീവനക്കാരെ വീതമാണ് വിന്യസിച്ചിരുന്നത്. ഇത്തവണ ഒരു ബൂത്തിൽ നാലു ജീവനക്കാർ മാത്രം. പ്രിസൈഡിംഗ് ഓഫീസർ, ഒന്ന്, രണ്ട്, മൂന്നു പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് വിന്യസിക്കുക. പ്രിസൈഡിംഗ് ഓഫീസർ ഗസറ്റഡ് ഉദ്യോഗസ്ഥനാകും. ഒന്നാം പോളിംഗ് ഓഫീസറും മുതിർന്ന ഉദ്യോഗസ്ഥരാകും. പോളിംഗ് ബൂത്തുകളിൽ 1.30 ലക്ഷം ജീവനക്കാരുണ്ടാകും. റിസർവ് ജീവനക്കാർ അടക്കം 1.80 ലക്ഷം ജീവനക്കാരെയാകും വിന്യസിക്കുക.
വരണാധികളായി 1249 ഉദ്യോഗസ്ഥരെയും സഹ വരണാധികാരികളായി 1350 ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. ഇവർ നിലവിൽ പത്രിക സ്വീകരിക്കുന്നതും തള്ളുന്നതും അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുവരികയാണ്. കൂടാതെ, ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരായ 14 ജനറൽ നിരീക്ഷകരെയും 70 എക്സ്പെൻഡിച്ചർ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് വോട്ടർമാരെ സാനിറ്റൈസ് ചെയ്യാനും മറ്റുമായി സപ്പോർട്ടിംഗ് സ്റ്റാഫിനെ നിയോഗിച്ചിരുന്നു. ഇതാണ് ജീവനക്കാരുടെ എണ്ണം അഞ്ചായി ഉയരാൻ കാരണം.
സുരക്ഷയ്ക്കായി 70,000 പോലീസുകാർ
തദ്ദേശ തെരഞ്ഞെടുപ്പിനു സുരക്ഷ ഉറപ്പാക്കാനായി 70,000 പോലീസുകാരെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ചുരുങ്ങിയത് ഒരു പോലീസുകാരനുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസുകാരെയും കേന്ദ്രസേനയേയും വിന്യസിക്കും.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ യഥാർഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിഎൽഒമാർക്ക് പൗരത്വം തീരുമാനിക്കാൻ കഴിയില്ല എന്ന് കപിൽ സിബൽ വാദിച്ചു. ആധാർ രേഖയായി കണക്കിലെടുക്കണമെന്ന് കോടതി ഉത്തരവ് ബിഎൽഒമാർ പാലിക്കുന്നില്ല. ആധാർ അംഗീകരിക്കാനുള്ള നിർദ്ദേശം ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല എന്ന് സിബൽ സുപ്രിംകോടതിയിൽ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.