പ്രതീകാത്മക ചിത്രം
കോട്ടയം: വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിൽ വരുത്തിയ വർധന ആശ്വാസമാണെങ്കിലും വേണ്ടത് വാഹനാപകടത്തിലെ നഷ്ടപരിഹാരത്തിനുള്ള എംഎസിടി മാതൃകയിലുള്ള ട്രൈബ്യൂണൽ സംവിധാനമാണ്. മോട്ടോർ വാഹനാപകടങ്ങളിൽ എംഎസിടി വഴി നഷ്ടപരിഹാരം നിർണയിക്കുന്നതുപോലെ, വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും യഥാർഥ നഷ്ടം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പ്രായോഗികമായ നിയമസംവിധാനം വേണമെന്നാണ് മലയോരജനതയുടെ ആവശ്യം.
2018 മുതൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിവന്നിരുന്നത്. 2024ൽ ദുരന്ത പ്രതികരണ നിധിയിൽനിന്ന് നാലു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചപ്പോഴും ആകെ തുക 10 ലക്ഷത്തിൽതന്നെ നിലനിർത്തി. വനംവകുപ്പിന്റെ വിഹിതം ആറു ലക്ഷമായി കുറയ്ക്കുകയായിരുന്നു. ഈ പ്രശ്നം ഗൗരവമായി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഫാം എന്ന കർഷക സംഘടന നൽകിയ കേസിലൂടെയാണ്. കാട്ടാന ആക്രമണത്തിൽ അച്ഛൻ നഷ്ടപ്പെട്ട ആദിവാസി ബാലനുവേണ്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഈ കേസിന്റെ തുടർ നടപടികളിലൂടെ വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ അപര്യാപ്തതയും വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ പ്രകാരം ലഭിക്കേണ്ട തുകകളുടെ കണക്കുകൂട്ടലിലെ പ്രശ്നങ്ങളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഈ കേസിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രധാനപ്പെട്ട രേഖയാണ്.
നഷ്ടപരിഹാരം നൽകുന്നതിലെ അവ്യക്തതകളും വിവിധ പദ്ധതികൾ പ്രകാരം അർഹമായ തുകകൾ ലഭ്യമാക്കുന്നതിലെ പ്രശ്നങ്ങളും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തുടർന്നുള്ള നടപടികളിലൂടെയാണ് നഷ്ടപരിഹാരം 14 ലക്ഷം രൂപയായത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിലാണ് ഇപ്പോൾ 25 ശതമാനം വർധന നടപ്പാക്കിയിരിക്കുന്നത്.
മരിച്ച വ്യക്തിയുടെ വരുമാനം, പ്രായം, ആശ്രിതരുടെ എണ്ണം, കുടുംബത്തിനുണ്ടാകുന്ന ഭാവിയിലെ സാമ്പത്തിക നഷ്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നിർണയിക്കണം. ഒരു നിശ്ചിത തുക എല്ലാവർക്കും നൽകുന്ന രീതിക്കപ്പുറം, ഓരോ കേസും പ്രത്യേകം പരിഗണിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന സംവിധാനം ഉണ്ടാകണം.അമിക്കസ് ക്യൂറി റിപ്പോർട്ടും ഈ ആവശ്യത്തിന് നിയമപരമായ പ്രാധാന്യം നൽകുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ, റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടി പരിഗണിച്ച് എംഎസിടി മാതൃകയിലുള്ള ട്രൈബ്യൂണൽ സംവിധാനം നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വനാതിർത്തികളിലും മലയോര മേഖലകളിലും ജീവിക്കുന്ന മനുഷ്യരുടെ ആവശ്യം.
Tags : wildlife attacks Deepika DeepikaNewspaper BreakingNews Death due to