അലക്സാണ്ടർ വുചിച്ച്
ബെൽഗ്രേഡ്: സെർബിയൻ രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൃഷ്ടിച്ചുകൊണ്ട് ഭരണാധികാരി അലക്സാണ്ടർ വുചിച്ച് പെട്ടെന്ന് പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ അണിനിരന്ന പ്രതിപക്ഷ മുന്നണിയായ 'സ്റ്റുഡന്റ് ലിസ്റ്റ്' ചരിത്രവിജയം സ്വന്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച് പ്രധാനമന്ത്രിയായി തിരിച്ചെത്താമെന്ന വുചിച്ചിന്റെ രാഷ്ട്രീയ തന്ത്രമാണ് ഇവിടെ തിരിച്ചടിയായത്. തലസ്ഥാനമായ ബെൽഗ്രേഡിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് വുചിച്ച് പ്രതിപക്ഷത്തിന്റെ വിജയം അംഗീകരിച്ചത്. എന്നാൽ, ഈ പരാജയത്തിന് പിന്നിൽ വിദേശ ഇടപെടലുകൾ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചെങ്കിലും അതിനുള്ള തെളിവുകളൊന്നും പുറത്തുവിട്ടില്ല. ഏകദേശം 65 ലക്ഷം ജനസംഖ്യയുള്ള സെർബിയയിൽ പ്രതിപക്ഷ മുന്നണിക്ക് 20 ലക്ഷത്തോളം വോട്ടുകൾ ലഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 14 വർഷമായി സെർബിയൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന വുചിച്ചിന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിനെതിരെ തെരുവിൽ സമരം നയിച്ചിരുന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഈ ഉജ്ജ്വല വിജയം സെർബിയൻ രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
Tags : serbia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash