ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൃഷ്ണഗിരിയിലെ ഉത്തങ്കരൈയിൽ തിങ്കളാഴ്ച രാവിലെ 7:45 -നാണ് അപകടം ഉണ്ടായത്.
കൃഷ്ണഗിരിയിൽ നിന്ന് തിരുവണ്ണാമലയിലേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിലൊന്നിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും തീ പടർന്നുപിടിച്ച് രണ്ട് ബൈക്കുകളും യാത്രികരും കത്തുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ രണ്ടുപേർ മരിച്ചതായി പൊലിസ് വ്യക്തമാക്കി. പരിക്കേറ്റവർ മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലിസ് ഉടൻതന്നെ സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊരു ബൈക്ക് പൂർണമായി കത്തിനശിച്ചതിനാൽ അതിന്റെ നമ്പർ കണ്ടെത്താൻ സാധിച്ചിട്ടില്ല. തീപിടുത്തത്തിൽ മരിച്ചവരുടെ വിവരങ്ങളും കണ്ടെത്തിയിട്ടില്ല.
Tags : Accident BikeAccident Fire Burnt Death