തിരുവനന്തപുരം: ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി നബാർഡിൽ നിന്ന് 4,000 കോടി രൂപ വായ്പ എടുക്കാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു.
പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുൻപ് അനുവദിച്ച 9,000 കോടി രൂപ കൂടാതെ 4,000 കോടി രൂപ കൂടി വായ്പ എടുക്കാനാണ് അനുമതി നൽകിയത്. വായ്പയ്ക്കു സർക്കാർ ഗ്യാരന്റി അനുവദിക്കും. ധനവകുപ്പു നിശ്ചയിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടാകും കേരള വാട്ടർ അഥോറിറ്റി നബാർഡിൽനിന്നു വായ്പ എടുക്കുക. ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാകും നടപടി.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് മുൻപു മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതികളിൽ കരാർ നടപടികളുമായി മുന്നോട്ടു പോകാനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽനിന്നും ചെലവഴിക്കുന്നതിനും അനുമതി നൽകാനും തീരുമാനിച്ചു.
നിലവിൽ 10 പദ്ധതികളുടെ ടെൻഡർ നടപടി പൂർത്തിയായി. ഇവയുടെ ആകെ അടങ്കൽ തുക 153.37 കോടി രൂപയാണ്. നിലവിൽ കരാർ ഒപ്പിടാൻ ഉദ്ദേശിക്കുന്ന 10 പ്രവൃത്തികൾ കുടിവെള്ള പദ്ധതിയുടെ അവിഭാജ്യഘടകമാണ്. അതുകൊണ്ട് ഇവ പൂർത്തിയാക്കാതിരുന്നാൽ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കില്ല.
കരാർ ഒപ്പുവയ്ക്കാൻ അനുമതി നൽകിയ പദ്ധതികൾ എറണാകുളം- ശ്രീമൂലനഗരം ചെങ്ങമനാട് നെടുന്പാശേരി- പാറക്കടവ് പഞ്ചായത്ത്, വെങ്ങോല- രായമംഗലം- കരിപീലിപ്പാടി- രാമമംഗലം-മാറാടി- പാന്പക്കുട. ഇടുക്കി- കഞ്ഞിക്കുഴി- വാഴത്തോപ്പ്- മര്യാപുരം- കാമാക്ഷി- വാത്തിക്കുടി- വണ്ണാപുരം.
Tags : NABARD loan Jal Jeevan scheme