മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് ആവശ്യപ്പെട്ട് കെപിസിസി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ്
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
Tags : KPCC Congress Spokespersons Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash