പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കോയമ്പത്തൂർ തുടിയല്ലൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ അറസ്റ്റിലായി.
ജൂലൈ 15 ബുധനാഴ്ച വൈകിട്ട് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ വിനോദ് കുമാർ, അവിടെ നിന്നതിനെക്കുറിച്ച് വളരെ ആക്രോശത്തോടെ ചോദ്യം ചെയ്യുകയും തുടർന്ന് കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ മാത്രം സുഹൃത്തിൽ നിന്ന് മാറ്റി നിർത്തുകയുമായിരുന്നു.
ഈ സമയം വിനോദ് കുമാർ യുവതിയോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. അപമാനിക്കപ്പെട്ട യുവതി മാനസികമായി തകരുകയും വിവരം സുഹൃത്തിനോട് പറയുകയും ചെയ്തതിനെ തുടർന്ന് സുഹൃത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിന്‍റെ അതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
പരാതിയിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിനോദ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഉടൻ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Tags : Constable Arrested Woman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs