കേരള പിഎസ്സി ചെയർമാൻ എം.ആർ. ബൈജു (പ്രതീകാത്മ ചിത്രം)
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്സി ചെയർമാൻ എംആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം നടപടി കർശനമാക്കിയത്.
ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ അന്വേഷണസംഘം പിഎസ്സി ആസ്ഥാനത്തെത്തണമെന്നായിരുന്നു നേരത്തെ ചെയർമാനും അംഗങ്ങളും നിലപാടെടുത്തിരുന്നത്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് ചെയർമാൻ എത്തിയത്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിനെത്തുടർന്ന് പിഎസ്സിയിലെ നാല് അംഗങ്ങളിൽ മൂന്നുപേരെ അന്വേഷണസംഘം ഇതിനോടകം ചോദ്യം ചെയ്തു. അഭിമുഖ പരീക്ഷയുള്ളതിനാൽ ഒരംഗം ചോദ്യം ചെയ്യലിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുന്നുണ്ട്.
വിവിധ വിഷയങ്ങളിൽ ചെയർമാൻ അനാവശ്യമായി ഇടപെടുന്നുണ്ടെന്ന് കാണിച്ച് കമ്മീഷനിലെ ഒരംഗം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി സൂചനയുണ്ട്. നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ അംഗമാണ് ഈ മൊഴി നൽകിയതെന്നാണ് വിവരം.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അടുത്തിടെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് പുതിയ കേസുകൾ. ഇതോടെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
Tags : M.R. Baiju KeralaPsc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash