പ്രളയത്തിന്‍റെ ദൃശ്യം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയെ കാണാതായതായും പ്രദേശവാസികൾ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വിവിധ നദികളിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്കും മുകളിലാണ്.
പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
Tags : Floods Dead Evacuated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs