International
കാഠ്മണ്ഡു: നേപ്പാള് പ്രളയത്തില് മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
മലയാളികള് അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില് ജലനിരപ്പ് ഉയര്ന്നതിന് പിന്നാലെ നേപ്പാളില് വീണ്ടും പ്രളയ മുന്നറിയിപ്പ് നല്കി.
നേപ്പാള് സര്ക്കാരിന്റെ ഔദ്യോഗിക കണക്കുകള് പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള് അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള് ആയിരത്തിലധികം പേര്ക്കാണ് ജീവന് നഷ്ടമായത്.
വിവിധ ജല വൈദ്യുതി പദ്ധതികളില് പ്രവര്ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന് ഉണ്ടെന്നും നേപ്പാള് സര്ക്കാര് അറിയിച്ചു. ഇന്ത്യയില് നിന്നുള്ള തുരങ്ക രക്ഷാപ്രവര്ത്തന സംഘത്തിന്റെ നേതൃത്വത്തില് തെരച്ചില് മേഖലയില് തുടരുകയാണ്.
എന്നാല്, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയര്ന്നതിന് പിന്നാലെ നേപ്പാളില് വീണ്ടും പ്രളയം മുന്നറിയിപ്പ് നല്കി. ജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്ദേശം.
International
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്കു കടക്കുമ്പോഴും ദുരന്തമേഖലകളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ കാണാതായവരുടെ എണ്ണം കുത്തനെ ഉയർന്ന് 4,247ൽ എത്തിയതായി നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റി വ്യക്തമാക്കി. മുന്പെങ്ങുമില്ലാത്തവിധമുള്ള വൻ പ്രകൃതിദുരന്തമാണു രാജ്യം നേരിടുന്നതെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയ ഹിമപാതം
രസുവയിലെ ലങ്തങ്-ലിറങ് മേഖലയിൽ സമുദ്രനിരപ്പിൽനിന്ന് 5,200 മീറ്റർ ഉയരത്തിലുണ്ടായ വൻ ഹിമ പാറ വീഴ്ചയാണ് പ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരുടെ പ്രാഥമിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മഞ്ഞും പാറയും ചെളിയും നിറഞ്ഞ ശക്തമായ വെള്ളപ്പൊക്കം ലെന്ധെ, ഭോട്ടെകോശി, ത്രിശൂലി നദികളിലൂടെ കുത്തിയൊഴുകി ജനവാസകേന്ദ്രങ്ങളെയും ജലവൈദ്യുത പദ്ധതികളെയും മുക്കുകയായിരുന്നു.
തുരങ്കങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനം
ദുരന്തത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾ തകർന്നു. ത്രിശൂലി-എത്രി ഉൾപ്പടെ അരഡസനോളം ജലവൈദ്യുത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്താൻ അഹോരാത്രം തെരച്ചിൽ തുടരുകയാണ്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്കുകൾ.
നേപ്പാൾ സൈന്യത്തോടൊപ്പം ഇന്ത്യയിൽനിന്നുള്ള പ്രത്യേക തുരങ്ക രക്ഷാസേനയും ചൈനീസ് വിദഗ്ധരും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ചിലിമേ, ലങ്തങ് പ്രദേശങ്ങളിൽ വലിയ എർത്ത് മൂവിംഗ് മെഷീനുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. 21,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യത്താകെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
കാണാതായവരിൽ 592 വിദേശികളും
കാണാതായ 4,247 പേരിൽ 3,655 പേർ നേപ്പാൾ സ്വദേശികളും 592 പേർ വിദേശ പൗരന്മാരുമാണ്. കൂടാതെ രക്ഷാപ്രവർത്തനത്തിലും മറ്റും ഏർപ്പെട്ടിരുന്ന 102 നേപ്പാൾ സൈനികരെയും പോലീസുകാരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. 90,000ത്തിലധികം ആളുകളെ ദുരന്തം നേരിട്ടു ബാധിച്ചതായി റെഡ് ക്രോസ് വിലയിരുത്തുന്നു.
ദുരന്തം ടിബറ്റിലും കനത്ത നാശനഷ്ടമുണ്ടാക്കി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ടിബറ്റിൽ 16 പേർ മരിക്കുകയും 546 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തെരച്ചിൽ ഊർജിതമാക്കാനും ആവശ്യമായ ആശ്വാസനടപടികൾ കൈക്കൊള്ളാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒൻപത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
2502 പേരെ ഇനി കണ്ടെത്താനുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.
ഇതിന് പുറമെ ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു. രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും, ഇന്ത്യയുടെ എല്ലാ സഹായങ്ങൾക്കും നന്ദിയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 688 പേരുടെ മരണം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ സുരക്ഷിതമായി നേപ്പാൾ അതിർത്തി കടന്നു.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
National
ന്യൂഡൽഹി: നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്.
ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധന സാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്.
District News
കൊല്ലം: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാകുന്നതിനായി കൊല്ലം ശ്രീനാരായണ കോളജില് ആരംഭിച്ച ജില്ലാതല ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രത്തിന് വന് ജനപിന്തുണ.
സംസ്ഥാന നാഷണല് സര്വീസ് സെല് കൊല്ലം ശ്രീ നാരായണ കോളജിന്റെ(എന്എസ്എസ് യൂണിറ്റ് 27 എ & ബി) നേതൃത്വത്തില് ആരംഭിച്ച ശേഖരണ കേന്ദ്രത്തില് നിന്ന് സമാഹരിച്ച സാധനങ്ങള് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി, ശ്രീനാരായണ കോളജ് പ്രിന്സിപ്പല് പ്രഫ. ഡോ. എസ്. ലൈജുവില് നിന്നും സംസ്ഥാന എന്എസ്എസ് കോ - ഓര്ഡിനേറ്റര് ഡോ. മനു ഏറ്റുവാങ്ങി.
ചടങ്ങില് എന്എസ്എസ് പ്രോഗ്രാം ഓഫിസര്മാരായ പി.ജെ.അര്ച്ചന, ഗ്ലോബല് കേരള പ്രവാസി അസോസിയേഷന് (ജികെപിഎ) കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തര്, കേരള സിവില് ഡിഫന്സ് സേന കടപ്പാക്കട നിലയം വാര്ഡന് മുഹമ്മദ് സുഹൈല്, ശ്രീ ബ്രഹ്മനായകം മഹാദേവന് (മോട്ടിവേഷണല് സ്പീക്കര്), ടി.കെ.സുമേഷ് (എന്എസ്എസ് പ്രോഗ്രാം ഓഫിസര്, വര്ക്കല എസ്എന് കോളജ്), എന്എസ്എസ് വൊളണ്ടിയര് സെക്രട്ടറിമാരായ ജയകുമാര്, അഭിഷേക് എന്നിവരും എന്എസ്എസ് വോള ണ്ടിയര്മാരും പങ്കെടുത്തു. ജികെപിഎ കൊല്ലം ജില്ലാ കമ്മിറ്റിയാണ് കേന്ദ്രത്തിലേക്ക് ആദ്യഘട്ടത്തില് സഹായഹസ്തവുമായി എത്തിയത്.
District News
ഈരാറ്റുപേട്ട: പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയ രേഖകൾ ശരിയാക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ ഈരാറ്റുപേട്ട നഗരസഭയും ജീവനക്കാരുടെ സംഘടനയായ എഫക്ടും സംയുക്തമായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. തുടർദിനങ്ങളിലും ദുരിതബാധിതരുടെ രേഖകൾ സംബന്ധിച്ച് സേവനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രളയബാധിതര്ക്ക് കൈത്താങ്ങായി റോട്ടറി ക്ലബ്
പാലാ: വെള്ളപ്പൊക്കെത്തുടർന്നു ദുരിതത്തിലായ കുമരകത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്ക്ക് ആശ്വാസമായി പാലാ റോട്ടറി ക്ലബ്ബും എ.പി.ജെ. അബ്ദുള് കലാം ഇന്റര്നാഷണല് ഫൗണ്ടേഷനും. ദുരിതബാധിതർക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള് സംഘം വിതരണം ചെയ്തു. കൂടാതെ ചെങ്ങളത്തുള്ള ദുരിതാശ്വാസക്യാമ്പ് സന്ദര്ശിച്ച അംഗങ്ങള് ഭക്ഷണവും കൈമാറി.
സോണി ഏറത്ത്, നിഷ ജോസ്, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ബോബി തോമസ് കോക്കാട്ട്, പബ്ലിക് ഇമേജ് ചെയര്മാന് സന്തോഷ് മാട്ടേല്, ടോണി വൈപ്പന, അനില് വൈപ്പന, ഷാജി ഓസ്റ്റിന് എന്നിവരും ഫൗണ്ടേഷന് പ്രതിനിധികളും പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.
വ്യാപാരികള്ക്കും പ്രളയബാധിതര്ക്കും
സഹായധനം വര്ധിപ്പിക്കണം
പാലാ: വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിച്ച വ്യാപാരികള്ക്കും പ്രളയബാധിതര്ക്കും നിലവില് പ്രഖ്യാപിച്ച സാമ്പത്തികസഹായം വര്ധിപ്പിക്കണമെന്നു കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷന് മീനച്ചില് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി ജോര്ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എന്.കെ. ശിവന്കുട്ടി, പി. രാജേഷ്, ഗോപകുമാര്, ജോബി ജോര്ജ്, വി.പി. നാസര്, ഷാജി തോമസ്, ബേബി മാത്യു എന്നിവര് പ്രസംഗിച്ചു.
District News
കൃഷിനാശമുണ്ടായ പാടശേഖരങ്ങള് കളക്ടര്ക്കൊപ്പം സന്ദര്ശിച്ച് നാട്ടകം സുരേഷ് എംഎല്എ
കുമരകം: അയ്മനം, ആര്പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര്ന്ന് നാശനഷ്ടങ്ങള് നേരിട്ടവര്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എംഎല്എ ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന്കുമാര് മീണയ്ക്കൊപ്പം സന്ദര്ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമരകം ചീപ്പുങ്കലില്നിന്ന് ശിക്കാര വള്ളത്തില് ജനപ്രതിനിധികള്ക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്ക്കുമൊപ്പം യാത്ര തിരിച്ച എംഎല്എ പുഴകളില്നിന്നുള്ള ഒഴുക്ക് തടസപ്പെടുത്തുന്ന വിധത്തില് എക്കലടിഞ്ഞിരിക്കുന്ന വേമ്പനാട്ടുകായലിലെ മേഖലകളാണ് ആദ്യം സന്ദര്ശിച്ചത്. കുമരകം, ആര്പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കുന്നതിന് ജലനിരപ്പിനു മുകളില്വരെ അടിഞ്ഞുകൂടിയ മണ്തിട്ട നീക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധകള് ചൂണ്ടിക്കാട്ടി. ഇക്കാര്യം സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുമെന്നും എക്കല് നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം വേണ്ടതുണ്ടെന്നും എംഎല്എ പറഞ്ഞു.
മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിന്സിപ്പല് കൃഷി ഓഫീസര് ബിനു തോമസ് വിശദീകരിച്ചു. അയ്മനം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്ഡുകളിലായുള്ള നാലുതോട്, പുത്തന്കരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോന്കരി, വികെവി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതില് പുത്തന്കരിയില് മടവീണ് മോട്ടോറും മോട്ടോര്പുരയുമടക്കം ഒഴുകിപ്പോയി. അയ്മനത്ത് 622 ഹെക്ടര് സ്ഥലത്തെ വിതകഴിഞ്ഞ് ഒരു മാസമായ കൃഷിയാണ് നശിച്ചത്. മേനോന്കരി പാടം വിതയ്ക്കാനായി ഒരുക്കിയിട്ടിരിക്കുകയായിരുന്നു.
ഇവിടെ കിളിര്പ്പിച്ച വിത്തും ഉപയോഗശൂന്യമായി. കൃഷിനാശത്തില്നിന്ന് മേഖലയെ രക്ഷിക്കാന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വികെവി പാടശേഖര സമിതി പ്രസിഡന്റ് അനില്കുമാര്, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തില് കര്ഷകര് കരീമഠം ഗവണ്മെന്റ് വെല്ഫെയര് യുപി സ്കൂളിനുസമീപം എംഎല്എയ്ക്ക് നിവേദനം നല്കി.
ആര്പ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളക്കരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശേരി തൊള്ളായിരം, ചാലാകരി പാടശേഖരങ്ങളിലാണ് കൃഷിനാശമുണ്ടായത്. ചൂരത്തറയില് വിതച്ചിട്ട് 30 ദിവസമായതും കേളക്കരിയില് രണ്ടാഴ്ച മാത്രമായതുമായ കൃഷിയാണ് നശിച്ചത്. കാട്ടുകരി ചുഴലിക്കുഴിയില് എക്കലടിഞ്ഞത് നീക്കം ചെയ്യേണ്ടതുണ്ടെന്ന് വാര്ഡ് അംഗം പി.സി. മനോജ് ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്തംഗം സിനു ജയിംസ്, അയ്മനം പഞ്ചായത്തംഗങ്ങളായ ബിനുമോള്, സോഫിയ മോള്, ഷിബി വാഴയില്, ആര്പ്പൂക്കര പഞ്ചായത്തംഗങ്ങളായ സന്ധ്യ ശ്രീകാന്ത്, മായ ജി. നായര്, റോസിലി ടോമിച്ചന്, ദീപാ ജോസ്, സോബിന് തെക്കേടം, ജയ്മോന് രാജന്, ബിജി അജിത്കുമാര്, സിനു രാധാകൃഷ്ണന്, അജിത ബിജു, ആന്റണി അറയില്, കൃഷി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Kerala
കണ്ണൂര്: അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രതക്കുറവും മുൻകരുതൽ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയതുമാണ് ഇത്രത്തോളം വലിയ ദുരിതത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുമ്പോഴും സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരന്നു പ്രതിപക്ഷ നേതാവ്.
വയനാട് തുരങ്കപാത നിര്മാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥ മൂലമുണ്ടായതാണ്. അതി തീവ്രമഴയുണ്ടായിട്ടും ചട്ട പ്രകാരമുള്ള റെഡ് അലര്ട്ട് പ്രഖ്യാപിച്ചില്ല.
മഴ ആരംഭിച്ചതിനുശേഷമാണ് അലര്ട്ടുകള് വന്നത്. മണ്ണിടിച്ചില് പ്രതിരോധിക്കാനുള്ള മുന്കരുതലുകള് ഉണ്ടായില്ല. ഇതിനിടെ മുന്നറിയിപ്പില്ലാതെയാണ് മൂഴിയാര് ഡാം തുറന്നുവിട്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.
District News
കോട്ടയം: സര്ക്കാര് സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും അശ്രദ്ധയുമാണ് ജില്ലയില് വെള്ളപ്പൊക്കത്തിന്റെ ആഘാതം ആഴത്തിലുള്ളതാകാനും മരണം വര്ധിക്കാനും കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്. വാസവന്. ആവശ്യമായ മുന്കരുതലുകളോ ഇടപെടലോ സര്ക്കാര് നടത്തിയില്ല. ഉരുള്പൊട്ടലുണ്ടായ പ്രദേശങ്ങളില് മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാമായിരുന്നു. വാഹനമെത്താന് പ്രയാസമുള്ള ദുരിതാശ്വാസക്യാമ്പുകളില് ആംബുലന്സ് സര്വീസ് ഒരുക്കണമായിരുന്നു.
തണ്ണീര്മുക്കം ബണ്ടില് പോള അടഞ്ഞുകിടക്കുന്നതിനാല് കിഴക്കുനിന്നു വന്ന വെള്ളം കെട്ടിക്കിടക്കുന്നു. ഈരാറ്റുപേട്ടയില് വ്യാപാരികള്ക്ക് കോടിക്കണക്കിനു രൂപയുടെ നാശമാണുണ്ടായത്. പാലായിലും വലിയ നാശനഷ്ടമുണ്ടായി.
ജില്ലയിലാകെ വലിയതോതില് കൃഷിനാശമുണ്ടായി. കച്ചവടക്കാര്ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. ഉരുള്പൊട്ടലില് ഭാര്യയെയും മകനെയും വീടും നഷ്ടപ്പെട്ട പൂഞ്ഞാര് തെക്കേക്കര പയ്യാനിത്തോട്ടത്തെ ജോണിയുടെ കുടുംബത്തിന് വീട് വച്ചുനല്കണമെന്നും വി.എന്. വാസവന് ആ വശ്യപ്പെട്ടു. പത്രസമ്മേളനത്തില് സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.
നീക്കം വിലപ്പോകില്ല: യുഡിഎഫ്
കോട്ടയം: കാലവര്ഷക്കെടുതിയിലെ ദുരിതാശ്വാസപ്രവര്ത്തനത്തിന്റെ പേരില് സംസ്ഥാന സര്ക്കാരിനെതിരേയുള്ള നീക്കം വിലപ്പോകില്ലെന്ന് യുഡിഎഫ് ജില്ലാ കണ്വീനര് ഫില്സണ് മാത്യൂസ്. കാലവര്ഷം ശക്തമായ ദിവസം മുതല് സര്ക്കാര് സംവിധാനങ്ങള് വളരെ കാര്യക്ഷമമായിട്ടാണു പ്രവര്ത്തിച്ചുവരുന്നത്.
ജില്ലയില് ഏറ്റവും കൂടുതല് നാശം വിതച്ച ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും കൂടുതല് ദുരന്തങ്ങള് ഒഴിവാക്കാന് കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലിലൂടെയാണ്. ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സര്ക്കാര് ഏര്പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് വിട്ട് വീട്ടിലേക്കു മടങ്ങുന്നവര്ക്ക് സര്ക്കാര് പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സര്ക്കാര് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫില്സണ് മാത്യൂസ് പറഞ്ഞു.
Kerala
തൊടുപുഴ: അടിമാലി മേഖലയിൽ രാവിലെ മുതൽ തന്നെ ശക്തമായി മഴ പെയ്തു. മഴയെ തുടർന്ന് അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തുകൂടി ഒഴുകുന്ന ഓട നിറഞ്ഞ വെള്ളമാണ് വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറിയത്.
ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് മഴയെത്തുടർന്ന് വെള്ളം കയറിയത്. തോരാതെ മഴ പെയ്യുന്നതോടെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടവരുത്തുന്നു.
ഇന്നലെ രാവിലെ മുതൽ തന്നെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം മഴ കനത്തതോടെ അടിമാലി ടൗൺ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഓടകളിൽ നിന്നും വെള്ളം റോഡിലേക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് തിരച്ചുകയറി.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറിയിരുന്നു. ഇവിടെ എല്ലാവർഷവും മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാറുണ്ട്. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ലൈബ്രറി റോഡിന് സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. ചാറ്റുപാറ സബ് സ്റ്റേഷന് പടിയില് റോഡില് വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മഴയെ തുടർന്ന് വെള്ളം കയറിയിരുന്നു. ഓടകൾ നിറഞ്ഞതോടെ ബസ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടർന്ന് കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞദിവസം മുതൽ മഴ ശക്തമായതോടെ കൊച്ചി ധനുഷ്കോടി ദേശീയപാത നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതകൾ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സജ്ജമായി തുടരുന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലി കേന്ദ്രീകരിച്ച ശക്തമായ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീട്ടിന് സമീപം കഴിഞ്ഞവർഷം മഴയെ തുടർന്ന് ഇടിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞു. ചെറിയതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗത സ്തംഭിക്കുകയും ചെയ്തു. തുടർന്ന് മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്ക് സമീപം ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് പതിച്ചിരുന്നു. മണ്ടത്തയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല.
മഴ ശക്തമായി തുടർന്ന് മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽ തന്നെ മഴ ശക്തമായി തുടരുന്നു . ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ശക്തമായ മഴക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
പാലാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടപ്പാടി വഴനേക്കാവിനു സമീപം മൂന്ന് ഏക്കര് സ്ഥലത്തെ വാഴകൃഷി നശിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പത്താം വാര്ഡിൽ പാതാമ്പുഴ കറുകയില് നളിനാക്ഷന് നായര് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത 3200ഓളം വാഴയാണ് വെള്ളം കയറി നശിച്ചത്.
കാറ്റത്ത് ഒടിഞ്ഞുവീണും ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് തണ്ട് പഴുത്തുമാണ് വാഴ നശിച്ചതെന്നും വില്ലേജ്-കൃഷി ഓഫീസര്മാരോ പഞ്ചായത്ത് അധികൃതരോ സ്ഥലം സന്ദര്ശിച്ചില്ലെന്നും നളിനാക്ഷന് നായര് പറഞ്ഞു.
District News
തിരുവല്ല: മഴ കുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തെങ്കിലും അപ്പർ കുട്ടനാടിന്റെ പ്രളയ ദുരിതം ഒഴിയുന്നില്ല. പത്തനംതിട്ട ജില്ലയിൽ ഇന്നലെ റെഡ് അലർട്ടായിരുന്നെങ്കിലും കിഴക്കൻ മേഖലയിൽ മഴയ്ക്കു ശക്തി കുറവെന്നതും ഡാമുകളിൽ നിലവിൽ മുന്നറിയിപ്പുകളില്ലെന്നതും പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസമാണ്. നദികളിലെ ജലനിരപ്പും താഴ്ന്നു. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ മഴ മാറിനിന്നു.
തിരുവല്ല നഗരസഭ വാർഡുകളിലെ വീടുകളിൽ കയറിയ വെള്ളം ഒഴിഞ്ഞപ്പോൾ ക്യാന്പുകളിൽനിന്നും ആളുകൾ തിരികെയെത്തി ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകി. അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളും ശുചീകരിച്ചു തുടങ്ങി. മന്നംകരച്ചിറ ഗവ.യുപിഎസ്, നല്ലൂര്സ്ഥാനം എന്എസ്എസ് കരയോഗമന്ദിരം ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.
അതേസമയം ഇന്നലെയും പടിഞ്ഞാറന് മേഖലകളില് പുതിയ ക്യാമ്പുകള് തുടങ്ങി. 2018ലെ പ്രളയത്തിന് ശേഷം ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിലാണ് ഇത്രയധികം ആളുകള് ദുരിതാശ്വാസ ക്യാമ്പില് കഴിയേണ്ടി വരുന്നത്. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും മണിമല, പമ്പാ നദികള് നിറഞ്ഞൊഴുകുന്നത് ആശങ്കയ്ക്കു കാരണമാണ്. മഴ ശക്തിപ്പെട്ടാൽ നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാമെന്നതു തന്നെ കാരണം.
ആറന്മുള, ചെങ്ങന്നൂര്, തിരുവല്ല എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂർണമായി താഴ്ന്നിട്ടില്ല. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പൊതുഇടങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും സന്നദ്ധ പ്രവര്ത്തകരും രാഷ്ട്രീയ പ്രവര്ത്തകരും ചേര്ന്ന് ശുചീകരിച്ചു. വെള്ളം ഇറങ്ങിയതിനെതുടര്ന്ന് തിരുവല്ല - കുമ്പഴ റോഡ്, ചെങ്ങന്നൂര് - തെക്കേമല റോഡ്, കുളനട-ആറന്മുള റോഡ്, തിരുവല്ല - എടത്വ എന്നിവിടങ്ങളിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
Kerala
കുമരകം: നെഞ്ചുവേദനയെത്തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ എത്തിയ വീട്ടമ്മ മരിച്ചു. കുമരകം എട്ടങ്ങാടി ഭാഗത്ത് പടുവയിൽ വീട്ടിൽ ശോഭന 62) അന്തരിച്ചു.
ക്ലിനിക്കിലെ ഡോക്ടർ അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ശിപാർശ ചെയ്തെങ്കിലും വെള്ളപ്പൊക്കം മൂലം ആംബുലൻസോ മറ്റു വാഹനമാേ ലഭിക്കാത്തതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. തുടർന്ന് കുമരകത്തെ ഒരു സ്വകാര്യആശുപത്രിയിലെ ആംബുലൻസിൽ പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പരേത ചെങ്ങളം കറുകപ്പറമ്പ് കുടുംബാഗം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: രമണൻ. മക്കൾ:രമ്യ, രമിത. മരുമക്കൾ: പ്രമോദ്(രാമപുരം), അനീഷ് (ഏറ്റുമാനൂർ).
District News
എരുമേലി: മണിമലയാറിലെ ഓരുങ്കൽകടവിലെ പാലത്തിന് അടുത്ത് 22 വർഷമായി പെട്ടിക്കട നടത്തുകയാണ് എരുമേലി കൊച്ചുതോട്ടം ലീലാമ്മ എന്ന വയോധിക. 2018 മുതൽ പല തവണ വെള്ളപ്പൊക്കം വന്ന് കട ഒഴുക്കി കൊണ്ടുപോയി. അപ്പോഴൊക്കെ മണിമലയാറിൽ ഒഴുകിപ്പോയ തന്റെ ഉപജീവനമാർഗത്തെ ഓർത്ത് ലീലാമ്മ വിലപിച്ചില്ല. പോയ സ്ഥലത്ത് അടുത്ത തറ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലായിരിക്കും ലീലാമ്മ.
ഇത്തവണയും കട ഒഴുകിപ്പോയ സ്ഥാനത്ത് ചെറിയ കല്ലുകൾ പെറുക്കി വച്ച് തറ കെട്ടുകയാണ് ലീലാമ്മ. രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവനത്തിനും പെട്ടിക്കടയല്ലാതെ മറ്റ് മാർഗമില്ല. ആറിന്റെ പുറമ്പോക്കിലാണ് കട. അനധികൃതമാണ് ഇതെന്ന് അറിയാമെങ്കിലും ജീവിതമാർഗത്തിന് വേണ്ടിയാണ് പുറമ്പോക്കിൽ കട നടത്തേണ്ടി വരുന്നതെന്ന് ലീലാമ്മ പറയുന്നു. നദിയിലെ കടവിൽ കുളിക്കാൻ ശബരിമല സീസണിൽ ദിവസവും അയ്യപ്പ ഭക്തർ എത്തും. ഭക്തർക്കും നാട്ടുകാർക്കും സോപ്പ്, ഷാമ്പു, എണ്ണ എന്നിവ വിറ്റ് കിട്ടുന്ന തുകയാണ് നിത്യച്ചെലവിന് ആശ്രയമാകുന്നത്.
District News
കൽപ്പറ്റ: മഴക്കെടുതി നേരിടുന്നവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് ജനശക്തി കോണ്ഗ്രസ്-കേരള വെട്രി കഴകം മുന്നണി ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട കർഷകർക്ക് പരിഹാരധനം നൽകുക, വന്യമൃഗശല്യം കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എംജിടി ഹാളിൽ ജനശക്തി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കണ്വീനർ സബീർ ചക്കരപ്പറന്പ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സി. ദീപക്, സി.എ. ജോസഫ്, ശ്രീധർ ചിറക്കൽ, സജി അന്പലവയൽ, ജോയ് ഡേവിഡ്, അമ്മിണി കാട്ടിക്കുളം, റിയാസ് കോട്ടത്തറ, സതീശൻ വൈത്തിരി, ജോസഫ് വടുവൻചാൽ, ഹരിദാസ് പൊഴുതന, പ്രകാശൻ പടിഞ്ഞാറത്തറ, രാമചന്ദ്രൻ തലപ്പുഴ, ജോർജ് മീനങ്ങാടി, ഷൗക്കത്ത് നടവയൽ എന്നിവർ പ്രസംഗിച്ചു.
District News
തിരുവല്ല: വീടുകളിൽ വെള്ളം കയറിയതുമൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാരിൽ നിന്നു ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥിരമായ ഒരു ദുരന്തനിവാരണ സമിതി രൂപികരിക്കുകയും ഇതിലൂടെ വരും വർഷങ്ങളിൽ പ്രളയബാധിതപ്രശനങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുവാനും കഴിയും. വീടുകളിൽ വെള്ളം കയറിയതുമൂലം ദുരിതമനുഭവിക്കുന്നവർക്ക് വില്ലേജ് ഓഫീസർമാരുടെ ശിപാർശയുടെ അടിസ്ഥനത്തിലായിരിക്കും ധനസഹായം നൽകുക.
മണിമലയാറ്റിലെ വരാൽ തോട്ടിൽ പുതിയ ചീപ്പ് നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.സി. വിഷ്ണുനാഥ്, വർഗീസ് മാമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, നഗരസഭ അധ്യക്ഷ എസ്.ലേഖ, പുളിക്കിഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി സിഇഒ റവ.ഡോ.ബിജു പയ്യംമ്പള്ളിൽ, മെഡിക്കൽ മിഷൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ റോളി മാത്യു , ഫാ. ചെറിയാൻ മണപ്പുറത്ത്, യുഡിഎഫ് നേതാക്കളായ ആർ. ജയകുമാർ, ബിനു വി. ഈപ്പൻ, ലാൽ നന്ദാവനം, മർച്ചന്റ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്യാന്പിൽ കഴിയുന്നവരുടെ പരാതി കേട്ട മുഖ്യമന്ത്രി പരിഹാര നടപടികൾക്കാവശ്യമായ നിർദേശവും നൽകി.
District News
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണിമല, മൂങ്ങാനി പ്രദേശങ്ങളിലെ വ്യാപാരികൾക്ക് 32 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തൽ. മണിമലയാർ കരകവിഞ്ഞതോടെയാണ് മണിമല മുതൽ മൂങ്ങാനി വരെയുള്ള ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. മൂങ്ങാനി ഭാഗത്ത് 75 കടകളിലും മണിമല ബസ് സ്റ്റാൻഡ് ഭാഗത്ത് 50 കടകളിലുമാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
ആറ്റോരം ഹോട്ടൽ - 10 ലക്ഷം, റോയിസ് ദന്തൽ ക്ലിനിക് - അഞ്ച് ലക്ഷം, ബെസ്റ്റ് ബേക്കറി - രണ്ട് ലക്ഷം, കണ്ണന്താനം ഏജൻസീസ് - രണ്ട് ലക്ഷം, കൈരളി തീറ്റക്കട - 1,50,000, ഇളങ്ങല്ലൂർ ഹാർഡ് വെയേഴ്സ് - ഒരു ലക്ഷം, ഹോളി കിംഗ്സ് - 5,00,00, ചോയിസ് ലൈറ്റ് - 25000 എന്നിങ്ങനെയാണ് സ്ഥാപനങ്ങളിലെ നഷ്ട കണക്ക്. കൂടാതെ ചെറിയ സ്ഥാപനങ്ങളിലെല്ലാം കൂടെ 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടോടെ പെയ്ത ശക്തമായ മഴയിലാണ് മണിമല ടൗണിലേക്ക് വെള്ളം കയറിയത്. പുലർച്ചെയായതിനാൽ വ്യാപാരികൾക്ക് സാധനങ്ങൾ മാറ്റാൻ സാധിച്ചില്ല. പലരും അറിഞ്ഞെത്തിയെങ്കിലും റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ കടകളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ മണിമലയിലെ ഇരുനൂറോളം കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു.
2018 മുതലുള്ള മിക്ക വർഷങ്ങളിലും മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്ന് മണിമലയിലും പരിസര പ്രദേശങ്ങളിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം മണിമലയാറ്റിലെ മണൽ വാരി മാറ്റുകയാണ്. മണൽ വാരുന്നതിലൂടെ ആറിന്റെ ആഴം വർധിക്കുകയും വെള്ളം സ്വാഭാവിക ഒഴുക്കിലേക്ക് ആകുകയും കരയിലേക്ക് കയറുന്നത് കുറയുകയും ചെയ്യും. ആയതിനാൽ മണൽവാരലിനുള്ള നിയമപരമായ അംഗീകാരം സർക്കാർ നൽകണം
ജിജി ജോസഫ് (വ്യാപാരി, വാർഡ് മെംബർ).
District News
മാന്നാർ: പ്രളയം നാശം വിതച്ച അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ പൂർണമായും മുങ്ങി. മാന്നാർ, ചെന്നിത്തല, ബുധനൂർ, കടപ്ര പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. 2018 ലെ പ്രളയത്തിന് സമാനമായ സാഹചര്യങ്ങളാണ് എങ്ങും നിലനിൽക്കുന്നത്.
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ പാവുക്കര, വള്ളക്കാലി, മേൽപാടം എന്നിവിടങ്ങൾ വെള്ളത്തിനടയിലാണ്. ഈ പ്രദേശങ്ങളിൽ മാത്രമായി 200 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളെല്ലാം വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. വളർത്തുമൃഗങ്ങളെ മുൻകൂട്ടി തന്നെ പലരും കരയ്ക്കെത്തിച്ചിരുന്നു. വെള്ളം കയറാത്ത പാവുക്കര കടപ്ര മഠം ഭാഗത്ത് വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിലായി 9 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 42 കുടുംബങ്ങളിലെ നൂറിലധികം അംഗങ്ങളാണ് ക്യാമ്പിലുള്ളത്.
ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 1986 പേർ
ആലപ്പുഴ: ജില്ലയിൽ വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1986 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 41 ക്യാമ്പുകളിലായി 607 കുടുംബങ്ങളിലെ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളുമാണ് കഴിയുന്നത്.
ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 25 ക്യാമ്പുകളിലായി 428 കുടുംബങ്ങളിൽ നിന്നുള്ള 1409 പേരാണ് കഴിയുന്നത്. ഇതിൽ 594 പുരുഷന്മാരും 603 സ്ത്രീകളും 212 കുട്ടികളുമുണ്ട്.
കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 61 കുടുംബങ്ങളിൽ നിന്നുള്ള 193 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളിൽനിന്നുള്ള 37 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്കിയിട്ടുണ്ട്.
Kerala
റാന്നി: കനത്ത മഴയെത്തുടർന്ന് റാന്നിയിലെ വ്യാപാരികൾക്കുണ്ടായ വലിയ നാശനഷ്ടങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. വെള്ളം കയറി നശിച്ച കടകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചത്. ഓണം വിപണി ലക്ഷ്യമാക്കി നേരത്തെ സ്റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. പല കടകൾക്കും ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ സർക്കാർ സഹായം മാത്രമാണ് ഏക ആശ്രയം. മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികളുള്ളതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
2018 ലെ പ്രളയാനുഭവങ്ങൾ മുന്നിലുണ്ടായിട്ടും കൃത്യമായ മുന്നറിയിപ്പോ മുൻകരുതൽ നിർദേശങ്ങളോ ലഭിച്ചില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര നഷ്ടപരിഹാരം നൽകാനും സർക്കാരും ഉദ്യോഗസ്ഥരും വിഷയത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി തുടങ്ങിയ മിന്നൽപ്രളയത്തിൽ സംസ്ഥാനത്തു കനത്ത നാശനഷ്ടം. മൂന്നു കുട്ടികളടക്കം ഏഴ് ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപ്പെട്ടും വെള്ളക്കെട്ടിൽ വീണുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പത്തനംതിട്ട: ശക്തമായ പേമാരിയും ഉരുൾപൊട്ടലും മൂലം നദികൾ കരകവിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയക്കെടുതികൾ. കോടികളുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ തേറത്ത് മണ്ണിന് സമീപവും തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് തുമ്പാക്കുളം മേൽത്തട്ട് ഭാഗത്തും ഉണ്ടായ വൻ ഉരുൾ പൊട്ടലാണ് പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും മിന്നൽ പ്രളയത്തിന് കാരണമായത്. ഇതിനൊപ്പം സന്ധ്യമുതൽക്കേ നിലനിന്ന ശക്തമായ മഴയും പ്രളയത്തിനു കാരണമായി. കുറഞ്ഞ സമയത്തിനുള്ളിൽ അതി തീവ്രമഴ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തു.
Kerala
കോട്ടയം: എംജി സര്കലാശാല നാളെ നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചു. പുതുക്കിയ തീയതികള് പിന്നീട് അറിയിക്കും.
തുല്യതാ പരീക്ഷ മാറ്റി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര് സെക്കന്ഡറി വിഭാഗം ഇന്നു നടത്താനിരുന്ന തുല്യത പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കായികക്ഷമതാ പരീക്ഷ മാറ്റി
തിരുവനന്തപുരം: വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര് (തസ്തികമാറ്റം മുഖേന) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് ഈ മാസം നാല്, അഞ്ച് തീയതികളില് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില് നടത്താന് നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
District News
കോഴഞ്ചേരി: ശനിയാഴ്ച പുലർച്ചെ മുതൽ പുതമൺ, അയിരൂർ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ മേഖലകളിലേക്ക് പന്പാനദി കരകവിഞ്ഞ് വെള്ളം എത്തിത്തുടങ്ങി. പുലർച്ചെ അഞ്ചോടെ
ആറന്മുള സത്രകടവിൽ ജല നിരപ്പ് ഉയർന്നു തുടങ്ങിയത്. ഏഴു കഴിഞ്ഞപ്പോഴേക്കും വെള്ളം കോഴഞ്ചേരി - മാവേലിക്കര റോഡിലേക്ക് കയറാൻ തുടങ്ങി. വൈകാതെ വാഹന ഗതാഗതം നിലച്ചു. കോഴിപ്പാലം, പൂവത്തൂർ, തോട്ടപ്പുഴശേരി, ആറാട്ടുപുഴ, ഐക്കാട് പാലം എന്നിവിടങ്ങളിലും പ്രധാന പാട ശേഖരങ്ങളിലും വെള്ളം കയറി. ആറന്മുള പുഞ്ചയിലേക്ക് പ്രളയ ജലം വളരെ വേഗമാണ് എത്തിയത്.
കോഴഞ്ചേരി ടൗണിലേക്കും വെള്ളം എത്തി. താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. തോട്ടപ്പുഴശേരി, കോയിപ്രം, അയിരൂർ പഞ്ചായത്തുകളും പ്രളയക്കെടുതിയിലാണ്. കോഴഞ്ചേരി - റാന്നി, കോഴഞ്ചേരി - അയിരൂർ - റാന്നി, റാന്നി - തിരുവല്ല, കോഴഞ്ചേരി - മാവേലിക്കര,ആറന്മുള - പന്തളം, കോയിപ്രം - പൂവത്തൂർ, തെക്കേമല - ഇലവുംതിട്ട റോഡുകളിൽ വെള്ളം കയറി.
ടികെ റോഡിൽ മാരാമൺ, പുല്ലാട് ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
അബിൻ വർക്കി എംഎൽഎ രാവിലെ തന്നെ ആറന്മുളയിൽ ക്യാന്പ് ചെയ്തു രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഉച്ചകഴിഞ്ഞ് മന്ത്രി പി.സി. വിഷ്ണുനാഥും ആറന്മുളയിലെത്തി.
വള്ള സദ്യ നടന്നു; പള്ളിയോടങ്ങൾ സുരക്ഷിതം
അതി ശക്തമായ പ്രളയത്തിലും ആറന്മുള വള്ള സദ്യ മുടക്കമില്ലാതെ നടന്നു. ഇന്നലെ 11 വള്ള സദ്യകളാണ് ഉണ്ടായിരുന്നത്. എല്ലാ സദ്യകളും ആചാരപൂർവം നടത്താൻ കഴിഞ്ഞതായി പള്ളിയോട സേവാ സംഘം അറിയിച്ചു. നദിയിൽ ജല നിരപ്പ് അനിയന്ത്രിതമായി ഉയർന്നതിനാൽ പള്ളിയോടങ്ങൾ എത്തിയില്ല. എന്നാൽ പരമ്പരാഗത വേഷമണിഞ്ഞ് കരമാർഗം വഞ്ചിപ്പാട്ട് പാടി എത്തിയ ഓരോ കരകളിലേയും തുഴച്ചിൽകാരെ ആചാര പൂർവം സ്വീകരിച്ച് സദ്യ നടത്തി. കെഎസ്ആർടിസി യുടെ ഒമ്പത് ബസുകൾ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പയ്യന്നൂർ മുതൽ പാറശാല വരെയുള്ള തീർത്ഥാടകരുമായി എത്തി സദ്യ ആസ്വദിച്ച് മടങ്ങി.
വള്ള സദ്യ വഴിപാടുകളിൽ പങ്കെടുക്കാൻ ഇരുപതിൽ പരം പള്ളിയോടങ്ങൾ ആറന്മുള നെട്ടായത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ എല്ലാ പള്ളിയോടങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രളയത്തെ തുടർന്ന് ഇന്ന് മൂന്ന് വള്ള സദ്യകൾ മാത്രമെ നടക്കുകയുള്ളു എന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. പത്ത് വള്ള സദ്യകളായിരുന്നു നടക്കേണ്ടത്. എന്നാൽ ഏഴ് സദ്യകൾ പ്രളയം മൂലം മാറ്റിവച്ചു.
District News
ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേലകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞാണ് ജലം ഇരച്ചെത്തുന്നത്. അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടോടെ സമീപത്തെ പുരയിടത്തിൽനിന്നിരുന്ന ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്.
പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവക്ക് സമീപം നിന്നിരുന്ന മരങ്ങളാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിനുസമീപത്തെ ട്രാൻസ്ഫോർമർ നിലനിന്നിരുന്ന വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.
ലഭിച്ചത് 62.24 മില്ലി മീറ്റർ മഴ
ഇന്നലെ ജില്ലയിൽ 62.24 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മില്ലി മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലാണ്.
തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
കടലേറ്റം രൂക്ഷം
ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി. വീടുകൾ തകർച്ചാഭീഷണിയിലാണ്.
കുട്ടനാടിന് ആശങ്കവേണ്ട: ജില്ലാ കളക്ടർ
സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും ബോട്ടുകളും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
National
ഗോഹട്ടി: ആസാമിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 68 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒമ്പത് ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്, ശനിയാഴ്ചയോടെ ചരൈദിയോ, ദിബ്രുഗഡ്, ഗോലഘട്ട്, ജോർഹട്ട്, നാഗോൺ, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 6,54,800 പേരെയാണ് മഴക്കെടുതി ബാധിച്ചത്.
പ്രളയം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല ശിവസാഗറാണ്. ഇവിടെ ഏകദേശം 2.9 ലക്ഷം പേർ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നു. തൊട്ടുപിന്നിൽ ചരൈദിയോ (ഏകദേശം 1.9 ലക്ഷം പേർ), ജോർഹട്ട് (1.3 ലക്ഷത്തിലധികം പേർ) എന്നീ ജില്ലകളാണുള്ളത്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും നടത്തിവരികയാണെന്നും, ഇതിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട 18,902 പേർക്ക് സഹായം നൽകുന്നുണ്ടെന്നും അസം ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അസമിലെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 34,970.8 ഹെക്ടർ കൃഷിഭൂമിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഏജൻസിയുടെ ദൈനംദിന റിപ്പോർട്ട് വ്യക്തമാക്കുന്നു.
Kerala
ഗോഹട്ടി: ആസാമിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒമ്പത് ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചു. സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്, ശനിയാഴ്ചയോടെ ചരൈദിയോ, ദിബ്രുഗഡ്, ഗോലഘട്ട്, ജോർഹട്ട്, നാഗോൺ, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 6,54,800 പേരെയാണ് മഴക്കെടുതി ബാധിച്ചത്.
പ്രളയം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല ശിവസാഗറാണ്. ഇവിടെ ഏകദേശം 2.9 ലക്ഷം പേർ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നു. തൊട്ടുപിന്നിൽ ചരൈദിയോ (ഏകദേശം 1.9 ലക്ഷം പേർ), ജോർഹട്ട് (1.3 ലക്ഷത്തിലധികം പേർ) എന്നീ ജില്ലകളാണുള്ളത്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും നടത്തിവരികയാണെന്നും, ഇതിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട 18,902 പേർക്ക് സഹായം നൽകുന്നുണ്ടെന്നും അസം ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അസമിലെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 34,970.8 ഹെക്ടർ കൃഷിഭൂമിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഏജൻസിയുടെ ദൈനംദിന റിപ്പോർട്ട് വ്യക്തമാക്കുന്നു.
National
ഗോഹട്ടി: ആസാമിലെ വിവിധ ജില്ലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 31 പേർ മരിച്ചതായി റിപ്പോർട്ട്. 5.65 ലക്ഷം പേർ ദുരിതത്തിലായി.
ആസാം ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 പേരാണ് മരിച്ചത്. ശിവസാഗർ ജില്ലയിൽ നാല് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 13 പേരാണ് മരണപ്പെട്ടത്. ചരായിദേവിൽ രണ്ടു കുട്ടികളടക്കം അഞ്ചു പേരും, ഖോലഘട്ടിൽ രണ്ട് പേരും, ജോർഹട്ടിൽ ഒരു സ്ത്രീയും മരിച്ചു.
ബിശ്വനാഥ്, ചാരാദിയോ, ദീമാജി, ദിബ്രുഗഡ്, ഖോലാഘട്ട്, ജോർഹട്ട്, ശിവസാഗർ, ടിൻസുഖിയ എന്നിവിടങ്ങളിലായി നിരവധി വീടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു.
വെള്ളപ്പൊക്ക പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം രൂപയുടെ ധനസഹായ ധനവും പ്രഖ്യാപിച്ചു.
National
ജമ്മു/ശ്രീനഗർ: കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ ജമ്മുകാഷ്മീരിൽ 23 പേർ മരിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ പ്രളയജലം സംസ്ഥാനത്ത് വ്യാപകനാശം വിതയ്ക്കുകയാണ്.
ഒട്ടേറെ കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഞായറാഴ്ചയ്ക്കുശേഷം പൂഞ്ച്, രജൗരി, ദോഡ ജില്ലകളിലായി 23 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായി.
അമർനാഥ് യാത്ര, വൈഷ്ണോദേവി യാത്ര തുടങ്ങിയ തീർഥയാത്രകൾ തുടർച്ചയായ മൂന്നാംദിവസവും നിർത്തിവച്ചു.
ജമ്മുവിൽ പ്രളയമേഖലയിൽ കുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 2014 നുശേഷം കാഷ്മീർ താഴ്വരയിൽ അനുഭവപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രളയമാണിതെന്ന് പ്രദേശവാസികൾ പറയുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം വലിയ നാശം വിതച്ചത്. പ്രവിശ്യയുടെ മേയർ അടക്കമുള്ള പ്രമുഖരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും 80-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള നൂറിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
നദിക്കരയിലുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും ഹോട്ടലുകളും പൂർണ്ണമായും ഒലിച്ചുപോയി. മുൻപ് വിപണികളും കടകളും സജീവമായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചെളി മാത്രമാണ് ശേഷിക്കുന്നത്. പ്രളയത്തിൽ നഗരസഭാ കാര്യാലയം പൂർണമായും തകർന്നുപോയതായി പ്രാദേശിക സന്നദ്ധ സംഘടനയായ 'ഷ്പൂൾ' വ്യക്തമാക്കി.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വിദൂര വടക്കുകിഴക്കൻ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയെ കാണാതായതായും പ്രദേശവാസികൾ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വിവിധ നദികളിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്കും മുകളിലാണ്.
പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
Kerala
മൂവാറ്റുപുഴ: പ്രളയം മനുഷ്യനിര്മിതമാണെന്ന ആരോപണം ആവര്ത്തിച്ച് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്ഥി മാത്യു കുഴല്നാടന്. അന്നത്തെ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടാണ് മാത്യു കുഴല്നാടന് ആരോപണം കടുപ്പിച്ചത്.
2019 മേയ് 31ന് മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിന്റെ വിശദാംശങ്ങള് അദ്ദേഹം ഇന്നലെ മാധ്യമങ്ങള്ക്കു നല്കി. പുറത്തുവിട്ട ശബ്ദരേഖ വ്യാജമെങ്കില് തനിക്കെതിരേ നടപടിയെടുക്കാന് മാത്യു കുഴല്നാടന് വെല്ലുവിളിക്കുകയും ചെയ്തു.
മഴക്കാലത്തിന് മുമ്പുതന്നെ തോട്ടപ്പിള്ളി സ്പില്വേയ്ക്കു സമീപമുള്ള മണ്ണ് മുഴുവന് നീക്കം ചെയ്യണമെന്ന് സര്ക്കാര് ഉത്തരവിറക്കി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രളയത്തേക്കാള് സര്ക്കാര് പ്രാധാന്യം നല്കിയത് കോടികള് വിലയുള്ള കരിമണല് മറിച്ചുവില്ക്കാനാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
മുന്വര്ഷത്തെ അനുഭവം വച്ച് മഴയെത്തുമ്പോള് മണ്ണ് ഒഴുകിപ്പോകാതെ നോക്കണമെന്ന് ഉത്തരവില് പറയുന്നു. ഡാം മാനേജ്മെന്റിന്റെ ഉത്തരവാദിത്വമുള്ള ജലവിഭവ വകുപ്പിന് എന്താണു മണലില് കാര്യം എന്ന ചോദ്യം മാത്യു കുഴല്നാടന് ഉന്നയിച്ചു.
പ്രളയവിഷയത്തില് സിപിഎമ്മും ബിജെപിയുമായി ഡീല് നടന്നെന്നും കുഴല്നാടന് ആരോപിച്ചു. കേരളത്തില് തീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്ക്കാര് നല്കിയിരുന്നു. അക്കാര്യം അന്നു ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി പോലും ഇപ്പോള് ഒന്നും മിണ്ടുന്നില്ലെന്നും ഇതു ഡീലിന്റെ ഭാഗമാണെന്നും മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി.
International
മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് വാഹനം ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. മരിച്ചവർ പാലക്കാട് തൃത്താല സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമാൻ അധികൃതരുമായി ഏകോപനം നടത്തി തിരച്ചിൽ ശക്തമാക്കണമെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
International
നെയ്റോബി: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കെനിയയിൽ 62 പേർ മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട മരണസംഖ്യ 42 ആയിരുന്നു.
സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള പ്രളയക്കെടുതിയാണ് നിലവിൽ കെനിയ അഭിമൂഖീകരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മിക്ക റോഡുകളും വെള്ളത്തിനിടയിലാണ്. പലയിടത്തും വൈദ്യുതി-ജലവിതരണം പൂർണമായി തടസപ്പെട്ട നിലയിലാണ്.
പ്രളയക്കെടുതിയിൽ ഏറ്റവുമധികം പേർ മരണപ്പെട്ടത് രാജ്യതലസ്ഥാനമായ നെയ്റോബിയിലാണ്. 33 പേരാണ് നെയ്റോബിയിൽ മാത്രം മരണപ്പെട്ടത്.
International
കൊളംബോ: പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഒൻപത് മാസം ഗർഭിണിയായ സ്ത്രീയെ രക്ഷപ്പെടുത്തി അടിയന്തര വൈദ്യസഹായം നൽകിയെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ഇതുവരെ 90 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കടുവെല, ബദുള്ള, പുട്ടാളം എന്നിവിടങ്ങളിലാണ് സംഘത്തിന്റെ സാന്നിധ്യമുള്ളത്. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ നടപ്പാക്കുന്ന ഇടപെടലിന്റെ ഭാഗമായി, ദുരിതബാധിത മേഖലകളിൽ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ 5.5 ടൺ സഹായവസ്തുക്കൾ എത്തിച്ചതായും ഹൈക്കമ്മീഷൻ വ്യക്തമാക്കി.
ബദുള്ള മേഖലയിൽ കാണാതായവർക്കായി എൻഡിആർഎഫ് തെരച്ചിലും നടത്തുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുകന്യ ട്രിങ്കോമാലിയിൽ എത്തിച്ച സഹായവസ്തുക്കൾ ശ്രീലങ്കൻ വ്യോമസേന വായുമാർഗം കിഴക്കൻ മേഖലയിലെത്തിച്ചു വിതരണം ചെയ്തു. ദിത്വ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമാണ് ശ്രീലങ്കയിൽ ഉണ്ടായിരിക്കുന്നത്.
നവംബർ 16 മുതൽ ആരംഭിച്ച പ്രതികൂല കാലാവസ്ഥയിൽ ഇതുവരെ 465 പേർ മരിക്കുകയും 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ 25 ജില്ലകളിലായി 382,651 കുടുംബങ്ങളിലെ 1,373,899 പേരെ ബാധിച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ പറയുന്നു.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 200 കടന്നു. 150 ഓളം പേരെ കാണാതായി. ഇരുപത് ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു. കൊളംബോയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഡിസംബർ 16 വരെ രാജ്യത്ത് സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.
District News
ചമ്പക്കുളം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്ന് പലായനവും അതിന്റെ കാരണവും.
ആവർത്തിച്ചുണ്ടാകാറുള്ള വെള്ളക്കെട്ടും അതുമൂലമുള്ള യാത്രാക്ലേശവും ദുരിതങ്ങളുമൊക്കെയാണ് കുട്ടനാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്നവരെ പാലായനത്തിനു പ്രേരിപ്പിക്കുന്ന പ്രധാനപ്രശ്നമായി പലരുമിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ശൃംഖലയായുള്ള പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി സംരക്ഷിക്കപ്പെടുകയും പന്പിംഗിന്റെ ബലത്തിൽ വെള്ളംകയറാതെ പിടിച്ചുനിൽക്കുകയും ചെയ്യുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ഗതാഗതം, വെള്ളപ്പൊക്കമുണ്ടായാലും മുടങ്ങില്ല. പക്ഷേ, ഞാണിേ·ൽകളിപോലുള്ള മഴക്കാലത്തെ രണ്ടാംകൃഷിയോടു കർഷകരും പാടശേഖരസമിതികളും സാധാരണഗതിയിൽ താൽപര്യം കാണിക്കാറില്ല.
കൃഷിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ തകരുന്നതു പതിവാണ്. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകാറുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടെങ്കിലും മാറിക്കിട്ടും. പക്ഷേ, നെൽക്കൃഷിയില്ലാത്തപ്പോൾ വെള്ളം ആരു വറ്റിക്കും എന്നു ചോദിച്ചു ചോദിച്ച് തങ്ങളുടെ നാവിലെ വെള്ളം വറ്റുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി ഓരോ പാടശേഖരത്തിലും അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നെൽക്കൃഷിയില്ലാത്തപ്പോഴും ഇതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ, വലിയൊരു പരിധിവരെ ദുരിതനിവാരണം സാധ്യമാകും. പ്രാദേശികപ്രത്യേകതകൾക്കനുസൃതമായി ദുരിതനിവാരണത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ, പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും, കുട്ടനാട്ടുകാരുടെ അതിജീവനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന കർമ്മപരിപാടികളുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുമെന്നതുറപ്പാണ്.
ജീവിതം പ്രതിസന്ധിയിൽ
വെള്ളക്കെട്ടു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കാറുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും. മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളുടെ ഉള്ളിലുള്ള വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. തൂന്പുകളും ഷട്ടറുകളും തുറന്നും അടച്ചും ആവശ്യാനുസരണം പന്പുകൾ പ്രവർത്തിപ്പിച്ചുമൊക്കെ ജലനിരപ്പുക്രമീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഇതിനാവശ്യമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.
തുക കൂട്ടണം
പാടശേഖരത്തിൻറെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിൻറെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിൻറെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിൻറെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
Kerala
ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.