പ്രതീകാത്മക ചിത്രം
ഷില്ലോംഗ്: കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാരും. ഫൈനൽ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്. ഫുട്ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
"മേഘാലയയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?" - കോൺറാഡ് സാംഗ്മ വീഡിയോയിലൂടെ ചോദിച്ചു.
ഇന്ത്യൻ സമയം അനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. ഫൈനൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുക ബുദ്ധിമുട്ടാകും എന്നതിനാലാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മേഘാലയയിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം.
Tags : fifaworldcup final Meghalaya announces holiday