ഗോൾ നേടിയ മെസിയുടെ ആഹ്ലാദം
അറ്റ്ലാന്റ: മേജർ ലീഗ് സോക്കറിൽ സൂപ്പർതാരം ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ അറ്റ്ലാന്റ യുണൈറ്റഡിനെ തകർത്ത് ഇന്റർ മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമിയുടെ ജയം. വെറും നാല് മിനിറ്റിനിടെയായിരുന്നു മെസിയുടെ ഇരട്ടഗോളുകൾ പിറന്നത്.
മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ജർമൻ ബെർതെറാമെയാണ് ഇന്റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്. ആ നീക്കത്തിനു പിന്നിലും മെസിയുടെ കാൽസ്പർശമുണ്ടായിരുന്നു.
പിന്നാലെ രണ്ടാം പകുതിയിൽ സാക്ഷാൽ മെസി അവതരിച്ചു. 56-ാം മിനിറ്റിൽ ബെർതെറാമെയുടെ പാസ് സ്വീകരിച്ച് അറ്റ്ലാന്റൻ പ്രതിരോധ നിരയെ കീറിമുറിച്ച് സൂപ്പർതാരം തൊടുത്ത ഷോട്ട് വല തുളച്ചുകയറി.
തൊട്ടുപിന്നാലെ 60-ാം മിനിറ്റിൽ മെസിയുടെ രണ്ടാം ഗോൾ പിറന്നു. ലൂയിസ് സുവാരസ് നൽകിയ പാസ് സ്വീകരിച്ച് ഗോൾകീപ്പറെ കാഴ്ചക്കാരാക്കി മെസി തന്റെ രണ്ടാം ഗോളും വലയിലാക്കി. 89-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫാഫാ പികോ അറ്റ്ലാന്റയുടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും അത് മത്സരഫലത്തെ ബാധിച്ചില്ല.
ഈ സീസണിലെ മികച്ച ഫോം തുടരുന്ന മെസി നിലവിൽ 25 ഗോളുകളോടെ എംഎൽഎസ് ടോപ് സ്കോറർ പട്ടികയിൽ ബഹുദൂരം മുന്നിലാണ്.
Tags : LionelMessi InterMiami Atlanta Football MajorLeague