National
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ക്രൈസ്തവ സഭകളുടെയും മിഷനറി സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിയമസഭയിൽ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടിഷ് കാലം മുതൽ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോയെന്നും പരിശോധിക്കും. നിയമവിരുദ്ധമായ കൈയേറ്റങ്ങളും വ്യാജ രേഖ ചമയ്ക്കലുകളും കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
റവന്യു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ഓഡിറ്റിംഗ് നടത്തുക. നിയമപരമായ രേഖകളുള്ള സ്ഥാപനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ ലംഘിക്കുകയോ വസ്തുതകൾ മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ആ കേസുകൾ വിശദമായി പരിശോധിക്കുകയും ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളിൽ സംരക്ഷണം തേടി ക്രൈസ്തവ സംഘടനകളുടെ പ്രതിനിധിസംഘം മുംബൈ പോലീസ് കമ്മീഷണറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത്.
പ്രാർഥനായോഗങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകൾ തടസമുണ്ടാക്കുന്നുവെന്ന് കാണിച്ച് ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിൽ 25 സംഘടനകളാണു പോലീസിന് നിവേദനം നൽകിയത്. കൂടാതെ, ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരേയും ക്രൈസ്തവ സംഘടനകളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂമിതർക്കം ബിജെപി എംഎൽഎ ദേവയാനി ഫരാന്ദെ നിയമസഭയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് ക്രൈസ്തവസഭയുടെ ഭൂമിയിന്മേൽ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനായി ക്രൈസ്തവസ്ഥാപനങ്ങൾക്കു നൽകിയ ഭൂമി യഥാർഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ കൃത്രിമം കാണിച്ച് സ്വകാര്യ ബിൽഡർമാർക്ക് വാണിജ്യ ആവശ്യങ്ങൾക്കായി കൈമാറിയെന്നാണ് എംഎൽഎ ആരോപിച്ചത്.
നാസിക്കിലെ ഈ ഭൂമി ഇടപാട് ഏതാണ്ട് 5,000ത്തോളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും 1932നു മുന്പുള്ള ഔദ്യോഗിക ഭൂമിരേഖകൾ ഓഫീസുകളിൽനിന്നു കാണാതായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാരിന്റെ നീക്കത്തിൽ സംശയമുണ്ടെന്നും ഇത് ക്രൈസ്തവസമൂഹത്തെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്നും അസോസിയേഷൻ ഓഫ് കൺസേൺഡ് ക്രിസ്ത്യൻസ് സെക്രട്ടറി മെൽവിൻ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനു മുന്പും ശേഷവും മറ്റു പല മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ റീട്ടെയ്ൽ കന്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുകയാണെന്ന് നോയൽ ടാറ്റ (69) പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച നടന്ന കന്പനിയുടെ 47-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് സംസാരിക്കവേ, “നിങ്ങൾക്ക് അറിയാവുന്നത് പോലെ, ചെയർമാൻ എന്ന നിലയിലുള്ള എന്റെ അവസാനത്തെ വാർഷിക പൊതുയോഗമായിരിക്കും ഇത്,” എന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബറിൽ അദ്ദേഹത്തിന് 70 വയസ് തികയും.
ടാറ്റ ഗ്രൂപ്പിന്റെ കോർപറേറ്റ് നയങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസും, നോണ്-എക്സിക്യൂട്ടീവ് ഡയറക്ടർമാരുടേത് 70 വയസുമാണ്.
ട്രെന്റ് ലിമിറ്റഡിനെ ഒരു സാധാരണ റീട്ടെയ്ൽ സ്ഥാപനത്തിൽനിന്നും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും മൂല്യമുള്ള ഉപഭോക്തൃ ബിസിനസുകളിൽ ഒന്നായി വളർത്തിയെടുത്ത ഒരു അധ്യായത്തിനാണ് നോയലിന്റെ പടിയിറക്കത്തോടെ വിരാമമാകുന്നത്. അദ്ദേഹത്തിന്റ ചെയർമാൻ സ്ഥാനത്തിനു കീഴിൽ 2014 സാന്പത്തികവർഷത്തിൽ 2333 കോടി രൂപ വാർഷിക വരുമാനത്തിൽനിന്ന് 2026 സാന്പത്തികവർഷത്തിൽ 19,701 കോടി രൂപയായി വർധിച്ചു. ഇക്കാലയളവിൽ നഷ്ടത്തിൽനിന്നിരുന്ന കന്പനിയുടെ ലാഭം ഇന്ത്യൻ റീട്ടെയ്ൽ മേഖലയിലെ തന്നെ ഏറ്റവും മികച്ച വരുമാന നിരക്കുകളിലൊന്നിലേക്ക് ഉയരുകയും ചെയ്തു.
ട്രെന്റിന്റെ ഈ വളർച്ചയുടെ കഥ തുടങ്ങുന്നത്, ലാക്മെ ബ്രാൻഡ് വിറ്റഴിച്ചുകൊണ്ട് ടാറ്റ ഗ്രൂപ്പ് സൗന്ദര്യവർധക ബിസിനസ് അവസാനിപ്പിച്ചതിന് ശേഷം നോയൽ ടാറ്റയുടെ മാതാവ് സിമോണ് ടാറ്റ 1998ൽ അവർ തുണിത്തരങ്ങളുടെ വിപണി മേഖലയിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. ആ വർഷം നോയൽ ടാറ്റ ഡയറക്ടറായി ബോർഡിൽ ചേർന്നു. 1999 ജൂണിൽ അദ്ദേഹം കന്പനിയുടെ ആദ്യ മാനേജിംഗ് ഡയറക്ടറായി. 2014 ഏപ്രിലിലാണ് കന്പനിയുടെ ചെയർമാനാകുന്നത്.
“ഒരു വെസ്റ്റ്സൈഡ് സ്റ്റോറിൽ നിന്ന് തുടങ്ങി 1,200-ലധികം സ്റ്റോറുകളുടെ ശൃംഖലയിലേക്കുള്ള യാത്ര സ്ഥിരതയാർന്ന വളർച്ചയുടേതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളുടെ ബിസിനസ്സ് പോർട്ട്ഫോളിയോയിലേക്ക് ശക്തമായ വളർച്ചാ യന്ത്രങ്ങളെ കൂട്ടിച്ചേർത്തു അതിൽ എടുത്ത പറയേണ്ടവയാണ് ‘സൂഡിയോ’യും ‘സ്റ്റാറും’ . ഇവയിപ്പോൾ ഞങ്ങളുടെ ബിസിനസിന്റെ ഗണ്യമായ ഒരു ഭാഗമായി മാറിയിരിക്കുന്നു,”കന്പനിയുടെ 2026 വാർഷിക റിപ്പോർട്ടിൽ ടാറ്റ പറഞ്ഞു.
Kerala
കോഴിക്കോട്: മുന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പുസ്തകവുമായി പി.വി.അന്വര്. പിണറായിസത്തിന്റെ തുടക്കം മുതല് ഒടുക്കം വരെഎന്ന പേരിലാണ് പുസ്തകം.
ജനങ്ങള് അറിഞ്ഞിരിക്കേണ്ട സംഭവപരമ്പരകളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം ആരംഭിച്ചതായും അന്വര് പറഞ്ഞു
International
ദുബായ്: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള (ഓർഗനൈസേഷൻ ഓഫ് ഓയിൽ ഓഫ് പെട്രോളിയം എക്സ്പോർട്ട് കൺട്രീസ്) അഞ്ചു പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിച്ച് യുഎഇ. റഷ്യ ഉൾപ്പെടുന്ന ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് അംഗത്വവും യുഎഇ ഉപേക്ഷിക്കും. മേയ് ഒന്നിനാണ് തീരുമാനം പ്രാബല്യത്തിലാകുക.
എണ്ണ ഉത്പാദനത്തിലെ നിയന്ത്രണങ്ങളും അയൽരാജ്യമായ സൗദി അറേബ്യയുമായുള്ള ബന്ധം വഷളാകുന്നതുമാണ് ഒപെക് വിടാൻ യുഎഇയെ പ്രേരിപ്പിച്ചത്. സാന്പത്തിക വിഷയത്തിലും മേഖലയിലെ രാഷ്ട്രീയത്തിലും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
1967ൽ അബുദാബി എമിറേറ്റ്സ് ഒപെകിൽ അംഗമായി. തുടർന്ന് 1971ൽ യുഎഇ നിലവിൽ വന്നതോടെ ആ പേരിൽ അംഗത്വമെടുത്തു. സൗദി, ഇറാക്ക് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് യുഎഇ. 2019ൽ ഖത്തറും ഒപെക്കിൽനിന്നു പിന്മാറിയിരുന്നു. ഒമാൻ, ബഹറിൻ എന്നീ രാജ്യങ്ങളും ഒപെക്കിൽ അംഗങ്ങളല്ല.
രാജ്യതാത്പര്യം മുൻനിർത്തി കൂടുതൽ സ്വതന്ത്രമായ ഉത്പാദനം ലക്ഷ്യമിട്ടാണു നിർണായകമായ തീരുമാനത്തിലെത്തിയതെന്നാണ് യുഎഇയുടെ ഔദ്യോഗിക വിശദീകരണം. എണ്ണവിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വതന്ത്രമായ ഉത്പാദനവും വിതരണവും അനിവാര്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തൽ.
ഹോർമുസിലും അറേബ്യൻ ഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുത്പാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എണ്ണയുത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച രാജ്യം എന്നനിലയിൽ കൂടുതൽ സ്വതന്ത്രമായ ഉത്പാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യുഎഇ വിലയിരുത്തുന്നു.
ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മകൂടിയാണ് ഒപെക്. ഇറാക്ക്, സൗദി അറേബ്യ, കുവൈറ്റ്, വെനസ്വേല തുടങ്ങി 13 രാജ്യങ്ങളാണു കൂട്ടായ്മയിലുണ്ടായിരുന്നത്. എണ്ണയുത്പാദനത്തിന്റെ 80 ശതമാനം കൈയാളുന്ന കൂട്ടായ്മയിൽനിന്ന് രണ്ടു വർഷം മുമ്പ് അങ്കോള പുറത്തുപോയിരുന്നു.
യുഎഇകൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 11 ആയി ചുരുങ്ങും. ആഗോളതലത്തിൽ എണ്ണവിലയെയും ഉത്പാദനത്തെയും നിയന്ത്രിക്കാനുള്ള ഒപെകിന്റെ നിർണായക സ്വാധീനത്തെ യുഎഇയുടെ പിന്മാറ്റം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഒപെകിൽനിന്ന് പുറത്തുപോയാലും എണ്ണയുത്പാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
Kerala
അങ്കമാലി: പിഡിഡിപി സ്ഥാപക ചെയര്മാന് ഫാ. ജോസഫ് മുട്ടമനയുടെ പേരിലുള്ള ക്ഷീരകര്ഷക അവാര്ഡുകൾ പ്രഖ്യാപിച്ചു. മേക്കടമ്പ് കഴന്നൂള്ളൂര് പൈലി, മേതല പെര്യുവങ്കല് എബി ജോര്ജ് എന്നിവര് ഒന്നാം സമ്മാനത്തിനും ഷോളയാര് വലികത്ത് വി.എ. സിറാജുദ്ദീന്, കല്ലൂര്ക്കാട് പാലക്കോട്ടില് പി.ജെ. തോമസ് എന്നിവര് രണ്ടാം സമ്മാനത്തിനും അര്ഹരായി.
പ്രതിദിനം 25 ലിറ്റര് പാല് അളക്കുന്നവരെ എ വിഭാഗത്തിലും 25 ലിറ്ററില് കൂടുതല് പാല് അളക്കുന്നവരെ ബി വിഭാഗത്തിലും ഉള്പ്പെടുത്തിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാര്ക്ക് 25,000 രൂപയും രണ്ടാം സമ്മാനക്കാര്ക്ക് 15,000 രൂപയും പ്രശംസാപത്രവും നല്കും.
എറണാകുളം, കോട്ടയം, തൃശൂര് ജില്ലകളില് പ്രവര്ത്തിക്കുന്ന 138 ക്ഷീരസംഘങ്ങളില് തെരഞ്ഞടുക്കപ്പെട്ട കര്ഷകര്ക്കാണ് അവാര്ഡുകള് നല്കുന്നതെന്ന് പിഡിഡിപി ചെയര്മാന് ഫാ. തോമസ് വാളൂക്കാരന് പത്രസമ്മേള്ളനത്തില് പറഞ്ഞു.
നാളെ രാവിലെ 10.30ന് ബെന്നി ബെഹനാന് എംപി അവാര്ഡുകള് വിതരണം ചെയ്യും. ബിഷപ് മാര് തോമസ് ചക്യത്ത് അധ്യക്ഷത വഹിക്കും. ഡോ. ആര്. രാജീവ്, അങ്കമാലി നഗരസഭാ ചെയര്പേഴ്സണ് റീത്ത പോള്, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, മെര്ളി ആന്റണി തുടങ്ങിയവര് പങ്കെടുക്കും.
പത്രസമ്മേളനത്തില് വൈസ് ചെയര്മാന് ഫാ. ആന്സന് നടുപറമ്പില്, ഒ.പി. മത്തായി, പി.ഡി. ജോണി എന്നിവരും സംബന്ധിച്ചു.
International
വാഷിംഡ്ടൺ ഡിസി: പത്ത് ദിവസത്തെ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വൈകുന്നേരം അഞ്ചിന്(ഇന്ത്യൻ സമയം 3.30)ന് വെടിനിർത്തൽ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.
"ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഞാൻ സംസാരിച്ചു. തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരംഅഞ്ചിന് 10 ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്'.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കും'.-ട്രംപ് കൂട്ടിച്ചേർത്തു.
34 വർഷത്തിനിടെ ഇസ്രായേലും ലെബനനും ആദ്യമായി വാഷിംഗ്ടണിൽ വച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരോട് നിർദ്ദേശിച്ചതായും ട്രംപ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതിയുടെ സീൽ പതിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതിനെക്കുറിച്ചു വിശദ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ.
അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷച്ചുമതല. 48 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വീഴ്ചയുണ്ടെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേ നടപടിയുണ്ടാകുമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കത്തിനെതിരേ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയതോടെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ബിജെപിയുടെ സീലുള്ള കത്ത് രാഷ്ട്രീയപാർട്ടികൾക്ക് അയച്ചത് കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേൽക്കർ പറഞ്ഞു. പിശക് കണ്ടെത്തിയപ്പോൾത്തന്നെ തിരുത്തുകയും ഇക്കാര്യം രാഷ്ട്രീയപാർട്ടികളെ അറിയിക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതിനുള്ള മാർഗനിർദേശം ആവശ്യപ്പെട്ടു സംസ്ഥാന ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കത്ത് നൽകിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2019ലെ കത്തിന്റെ പകർപ്പും വച്ചിരുന്നു. ഇതിൽ ബിജെപി സീൽ പതിപ്പിച്ചിരുന്നു. ഈ കത്താണ് സിപിഎമ്മിനു ലഭിച്ചത്.
കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേത്തുടർന്നാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കമ്മീഷൻ പരാതി പ്രകാരം ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സമൂഹ മാധ്യമത്തിൽനിന്നു നീക്കാനും ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ട് എക്സിന് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം കത്തു നൽകി. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളിൽനിന്നു വിവാദകത്ത് നീക്കിത്തുടങ്ങി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മാധ്യമ പ്രവർത്തകർക്കു കേരള പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകുകയും ചെയ്തെന്നാണ് വിവരം.
നിയമലംഘനമുണ്ടന്നു ബോധ്യപ്പെട്ടാൽ ഐടി ആക്ട്പ്രകാരം പോലീസ് നടപടിയെടുക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു രത്തൻ യു. കേൽക്കർ നൽകിയ മറുപടി. ഇത്തരമൊരു പിശക് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്നും ഒന്നും മറച്ചുവച്ചിട്ടില്ലെന്നും കേൽക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ.
വ്യാഴാഴ്ച രാത്രി കോണ്ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി.
കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു.
കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു.
സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ആർഎസ്പിക്കു ലഭിച്ച സീറ്റിലാണു മത്സരിക്കുന്നത്. കേരള കോണ്ഗ്രസ് ജേക്കബ്, സിഎംപി, ആർഎംപി, മാണി സി. കാപ്പൻ, പി.വി. അൻവർ എന്നിവർക്കും സീറ്റുണ്ട്.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കേന്ദ്ര മന്ത്രി കൂടിയായ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും.
സിപിഎം വിട്ടു ബിജെപിയിലെത്തിയ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ദേവികുളത്തും സിപിഐ വിട്ടു വന്ന മുൻ എംഎൽഎ കെ.അജിത്ത് വൈക്കത്തും സ്ഥാനാർഥികളാണ്. കോണ്ഗ്രസ് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലെത്തിയ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോണ്ഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ.രശ്മി ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. പൂഞ്ഞാറിൽ പി.സി.ജോർജും പാലായിൽ മകൻ ഷോണ് ജോർജും സ്ഥാനാർഥികളാണ്.
1. മഞ്ചേശ്വരം - കെ. സുരേന്ദ്രൻ
2. ഉദുമ -മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട് -ബൽരാജ് എം
4. പയ്യന്നൂർ -എ.പി. ഗംഗാധരൻ
5. അഴീക്കോട് -കെ.കെ. വിനോദ് കുമാർ
6. കണ്ണൂർ -സി.രഘുനാഥ്
7. മാനന്തവാടി - പി.ശ്യാം രാജ്
8. സുൽത്താൻബത്തേരി- എ.എസ്.കവിത
9. വടകര -അഡ്വ. കെ. ദിലീപ്
10. കുറ്റ്യാടി -രാമദാസ് മണലേരി
11. നാദാപുരം -സി.പി. വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി - സി.ആർ. പ്രഫുൽ കൃഷ്ണൻ
13. പേരാന്പ്ര -എം. മോഹനൻ മാസ്റ്റർ
14. ബാലുശേരി - സി.പി.സതീശൻ
15. എലത്തൂർ- ടി.ദേവദാസ്
16. കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് - ടി.റനീഷ്
18. ബേപ്പൂർ -അഡ്വ. കെ .പി. പ്രകാശ് ബാബു
19. കുന്നമംഗലം - വി.കെ. സജീവൻ
20. ഷൊർണൂർ -സങ്കു ടി. ദാസ്
21. ഒറ്റപ്പാലം -മേജർ രവി
22. മലന്പുഴ -സി.കൃഷ്ണകുമാർ
23. പാലക്കാട് - ശോഭാ സുരേന്ദ്രൻ
24. ചേലക്കര -കെ.ബാലകൃഷ്ണൻ
25. മണലൂർ -അഡ്വ. കെ.കെ. അനീഷ് കുമാർ
26. തൃശൂർ - പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രൻ
29. പാലാ - ഷോണ് ജോർജ്
30. വൈക്കം- കെ.അജിത്ത്
31. കാഞ്ഞിരപ്പള്ളി -അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ - പി.സി. ജോർജ്ജ്
33. അന്പലപ്പുഴ -അരുണ് അനിരുദ്ധൻ
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂർ -എം.വി. ഗോപകുമാർ
36. തിരുവല്ല - അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി -വി.എസ്. ജിതിൻ ദേവ്
38. കുന്നത്തൂർ - രാജി പ്രസാദ്
39. കൊട്ടാരക്കര -ആർ. രശ്മി
40. ചാത്തന്നൂർ - ബി.ബി. ഗോപകുമാർ
41. ആറ്റിങ്ങൽ - അഡ്വ. പി. സുധീർ
42. നെടുമങ്ങാട് - യുവരാജ് ഗോകുൽ
43. കഴക്കൂട്ടം -വി.മുരളീധരൻ
44. വട്ടിയൂർക്കാവ് - ആർ.ശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖർ
46. പാറശാല -അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട -പി.കെ. കൃഷ്ണദാസ്
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തൃശൂരിൽ പദ്മജ വേണുഗോപാലും ഷൊർണ്ണൂരിൽ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.
ഒറ്റപ്പാലത്ത് സംവിധായകൻ മേജർ രവിയാണ് സ്ഥാനാർഥി. മലമ്പുഴയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വീണ്ടും മത്സരിക്കും.
സിപിഎം വിട്ടെത്തിയ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ദേവികുളത്ത് ജനവിധി തേടും. കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മി കൊട്ടാരക്കരയിൽ മത്സരിക്കും. സിപിഐ വിട്ടെത്തിയ കെ. അജിത്താണ് വൈക്കത്തെ സ്ഥാനാർഥി.
മറ്റ് സ്ഥാനാർഥികൾ
ഉദുമ-മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട്-എം. ബൽരാജ്, പയ്യന്നൂർ-എ.പി. ഗംഗാധരൻ, അഴീക്കോട്-കെ.കെ. വിനോദ് കുമാർ, കണ്ണൂർ-സി. രഘുനാഥ്, മാനന്തവാടി-പി. ശ്യാം രാജ്, സുൽത്താൻബത്തേരി-എ.എസ്. കവിത, വടകര-കെ. ദിലീപ്, കുറ്റ്യാടി-രമാദാസ് മണലേരി, നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടി-സി.ആർ. പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര-കെ. മോഹനൻ മാസ്റ്റർ.
ബാലുശേരി-സി.പി. സതീശൻ, എലത്തൂർ-ടി. ദേവദാസ്, കോഴിക്കോട് സൗത്ത്- ടി. റെനീഷ്, ബേപ്പുർ-കെ.പി. പ്രകാശ് ബാബു, കുന്നമംഗലം-വി.കെ. സജീവൻ, ചേലക്കര-കെ. ബാലകൃഷ്ണൻ, മണലൂർ-കെ.കെ. അനീഷ്കുമാർ, ഇരിങ്ങാലക്കുട-സന്തോഷ് ചെറാകുളം, അമ്പലപ്പുഴ-അരുൺ അനിരുദ്ധൻ, ചെങ്ങന്നൂർ-എം.വി. ഗോപകുമാർ, കരുനാഗപ്പള്ളി-വി.എസ്. ജിതിൻ ദേവ്, കുന്നത്തൂർ-രാജി പ്രസാദ്.
ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, ആറ്റിങ്ങൽ-പി. സുധീർ, നെടുമങ്ങാട്-യുവരാജ് ഗോകുൽ, പാറശാല-ഗിരീഷ് നെയ്യാർ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കും.
കുട്ടനാട്ടിൽ തോമസ് കെ.തോമസ്, മലപ്പുറത്ത് കെ.ടി. മുജീബ് എന്നിവർ ജനവിധി തേടും. എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ പരസ്യ തർക്കം നിലനിന്നിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ എതിർപ്പ് തള്ളി പ്രവർത്തക കൺവൻഷൻ വിളിച്ച ജില്ലാ നേതൃത്വം മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം എന്നാവശ്യപ്പെട്ടിരുന്നു.
തന്റെ പേരാണോ അയോഗ്യതയെന്നായിരുന്നു ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ ചോദ്യം. എന്നാലിപ്പോൾ മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ട് എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Sports
മുംബൈ: ഇന്ത്യന് ടീമിന്റെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് നേട്ടത്തിന്റെ ചൂടുമാറുന്നതിനു മുമ്പ്, 2026 സീസണ് ഐപിഎല് മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ (ബോര്ഡ് ഓഫ് കണ്ട്രോള് ഫോര് ക്രിക്കറ്റ് ഇന് ഇന്ത്യ).
ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രഖ്യാപിച്ചത്. 12-ാം തീയതി ആദ്യ 20 മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്, പറഞ്ഞതിലും ഒരുദിനം നേരത്തേ ഐപിഎല്ലിന്റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ചിന്നസ്വാമിയില് ഉദ്ഘാടനം
2026 സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും മുന്ചാമ്പ്യന്മാരായ സണ്റൈസേഴ്സ് ഹൈദരാബാദും തമ്മില് മാര്ച്ച് 28ന് രാത്രി 7.30നു നടക്കും. ആര്സിബിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. 18 വര്ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, 2025ല് വിരാട് കോഹ്ലിയുടെ ആര്സിബി ഐപിഎല്ലില് കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.
അഹമ്മദാബാദിലെ ഫൈനലില് പഞ്ചാബ് കിംഗ്സിനെയായിരുന്നു ആര്സിബി കീഴടക്കിയത്. തുടര്ന്ന് ട്രോഫി പര്യടനത്തിനുശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയപ്പോള് ഉണ്ടായ തിക്കിലും തിരക്കിലും 11 പേര് മരണപ്പെട്ടു. ഈ സംഭവത്തിനുശേഷം ഐപിഎല് 2026 സീസണ് ഉദ്ഘാടന മത്സരത്തിനുതന്നെ ചിന്നസ്വാമി വേദിയാകുന്നു എന്നതാണ് ശ്രദ്ധേയം.
മുംബൈ Vs കോല്ക്കത്ത
ഐസിസി 2026 ലോകകപ്പില് ഇന്ത്യയുടെ കിരീട നേട്ടത്തില് നിര്ണായക പങ്കുവഹിച്ച് ഹാര്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്സിന്റെ ആദ്യ മത്സരം മാര്ച്ച് 29ന് കോല്ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേയാണ്. 2026ല് ഇന്ത്യക്കു ട്വന്റി-20 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന് സൂര്യകുമാര് യാദവ്, 2024ല് ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന് രോഹിത് ശര്മ എന്നിവര് ഹാര്ദിക്കിന്റെ കീഴില് മുംബൈക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് രാത്രി 7.30നാണ് മത്സരം.
സഞ്ജു Vs രാജസ്ഥാന്
ചെന്നൈ സൂപ്പര് കിംഗ്സിന്റെ മലയാളി സൂപ്പര് താരം സഞ്ജു സാംസണ് തന്റെ പഴയ ക്ലബ്ബായ രാജസ്ഥാന് റോയല്സിന് എതിരേ ഇറങ്ങുന്നു എന്നതാണ് മാര്ച്ച് 30നുള്ള സിഎസ്കെ Vs ആര്ആര് മത്സരത്തിന്റെ പ്രത്യേകത. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലാണ് മത്സരം.
സഞ്ജു സാംസണ് ചെന്നൈ സൂപ്പര് കിംഗ്സിനായി ഇറങ്ങുന്ന ആദ്യ സീസണ് ആണിത്. രാജസ്ഥാന് റോയല്സില്നിന്ന് 18 കോടി രൂപയ്ക്ക് ട്രാന്സ്ഫറിലൂടെയാണ് സഞ്ജു സിഎസ്കെയില് എത്തിയത്. 2026 ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലെയര് ഓഫ് ദ ടൂര്ണമെന്റാണ് സഞ്ജു. സൂപ്പര് താര പരിവേഷത്തിലെത്തുന്ന സഞ്ജുവില്നിന്ന്, ഇന്ത്യയെ ലോകകപ്പില് എത്തിച്ചതുപോലുള്ള മിന്നും ഇന്നിംഗ്സുകളാണ് ചെന്നൈ സൂപ്പര് കിംഗ്സ് ആരാധകര് പ്രതീക്ഷിക്കുന്നത്. 2023 എഡിഷനിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് അവസാനമായി ഐപിഎല് ചാമ്പ്യന്മാരായത്.
19-ാം സീസണ്
മാര്ച്ച് 28 മുതല് മേയ് 31വരെയാണ് ഐപിഎല്ലിന്റെ 19-ാം സീസണ്. കോല്ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്സ്, ചെന്നൈ സൂപ്പര് കിംഗ്സ് ടീമുകളുടെ മത്സരങ്ങള് അരങ്ങേറുന്ന ബംഗാള്, ആസാം, തമിഴ്നാട് എന്നിവിടങ്ങളില് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല് ഷെഡ്യൂള് രണ്ടുഘട്ടമാക്കാന് ബിസിസിഐ നിര്ബന്ധിതമായത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി' എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അമിത് ഷാ അഭിസംബോധന ചെയ്തു.
ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡിഎഫും യുഡിഎഫും തമ്മിൽ 'മാച്ച് ഫിക്സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
കോർ കമ്മിറ്റി യോഗങ്ങളിലും ബിജെ പി - എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് ഉള്പ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേമം വാര്ഡിലാണ് ഷജീര് ജനവിധി തേടുന്നത്. സ്ഥാനാർഥികളുടെ പേരും വാർഡും: ജി. രവീന്ദ്രന്നായര് (സൈനിക സ്കൂള് ), പി.ആര്.പ്രദീപ് (ഞാണ്ടൂര്കോണം), കെ.ശൈലജ (ചെമ്പഴന്തി), വനജ രാജേന്ദ്രബാബു (മണ്ണന്തല), മണ്ണാമൂല രാജേഷ് (തുരുത്തുമൂല).
വി.മോഹന് തമ്പി (വലിയവിള), ജി.പത്മകുമാര് (മേലാംകോട്), എസ്.ശ്രുതി (കാലടി), സി.എസ്.ഹേമ (കരുമം), ഐ. രഞ്ജിനി (വെള്ളാര്), യു.എസ് രേഷ്മ (കളിപ്പാന്കുളം), എ.ബിനുകുമാര് (കമലേശ്വരം), കെ.എസ്. ജയകുമാരന് (ചെറുവയ്ക്കല്), വി.ജി. പ്രവീണ സുനില് (അലത്തറ) എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില് ഇടം നേടിയത്.
കെ.എസ്.ശബരിനാഥൻ ഉൾപ്പടെ 48 പേരുകള് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. സപ്ലൈകോ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാളെ മുതൽ ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരും.
നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർധിപ്പിക്കാൻ പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വിൽപ്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോ അരി നൽകും. നിലവിൽ ഇത് 10 കിലോയാണ്.
സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭ്യമാക്കും. ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പ്രധാന ഓഫറുകളും ഇളവുകളും
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും. ശബരി ഉത്പന്നങ്ങൾക്ക് 50 ശതമാനം കിഴിവ്. വൈകുന്നേരം അഞ്ചിന് മുന്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും.
1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്റെ ശബരി ഗോൾഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്.