സോനം വാംഗ്ചുക്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.
വാംഗ്ചുക്കിന്‍റെ ആരോഗ്യനില വഷളാകുകയാണെന്നും അതിനാൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂലൈ 24 ലേക്ക് മാറ്റി.
സോനം വാംഗ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്‍റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഓരോ പൗരന്‍റെയും ജീവൻ വിലപ്പെട്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, വാംഗ്ചുക്കിന്‍റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, ആരോഗ്യം കൂടുതൽ വഷളാകുന്നതിനു മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
വാംഗ്ചുക്കിന്‍റെ സ്വന്തം ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവാദം നൽകുന്നില്ലെന്നും എന്ത് മരുന്നുകളാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
Tags : DelhiHighCourt SonamWangchuk Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs