National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് ഒടുവിൽ അവസാനിച്ചത്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രാജ്യത്ത് വരാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സോനം വാംഗ്ചുക് എക്സിൽ കുറിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് കത്തുകൾ നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കും, രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ചർച്ചകളിലെ നിബന്ധനകളെക്കുറിച്ച് ഉടൻ തന്നെ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കും. അതുവരെ രാജ്യത്ത് എവിടെയും ഒരിടത്തും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാംഗ്ചുക് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് സിജെപി നേതൃത്വം.
രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും, ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന സോനത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു.
അതേസമയം നിക്ഷ്പക്ഷമായ ഒരിടത്ത് മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് സിജെപി നേതൃത്വം അറിയിച്ചു. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പോലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
സോനം വാംഗ്ചുക്കിനെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും തടസമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് നീക്കം. ഉത്തരവിന് പിന്നാലെ കോടതിക്ക് നന്ദി അറിയിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി.
ആരോഗ്യനില വഷളായിരുന്ന സോനത്തെ സമരക്കാർക്കിടയിൽ നിന്ന് കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ ആയിരുന്നു പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സോനത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ ആയിരുന്നു കോടതിയെ സമീപിച്ചത്.
അതേസമയം തിങ്കളാഴ്ച ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 70 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പോലീസ് അടിച്ചോടിച്ചിരുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയവർ പ്രതിഷേധം തുടരുകയാണ്.
അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.
വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുകയാണെന്നും അതിനാൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂലൈ 24 ലേക്ക് മാറ്റി.
സോനം വാംഗ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, വാംഗ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, ആരോഗ്യം കൂടുതൽ വഷളാകുന്നതിനു മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
വാംഗ്ചുക്കിന്റെ സ്വന്തം ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവാദം നൽകുന്നില്ലെന്നും എന്ത് മരുന്നുകളാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്ച നടത്തുന്ന പാർലമെന്റ് മാർച്ച് രാജ്യത്തിന്റെ ‘രണ്ടാം സ്വാതന്ത്ര്യസമര’മാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്.
അനീതിക്കും ഭയത്തിനുമെതിരെയുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. നിലവിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുക്, ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ മുഖേന എഴുതി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള അനീതികളിൽനിന്നും, തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതുപോലെയുള്ള ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാംഗ്ചുക് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.
നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.
എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കവെ, വൈകാരിക പ്രതികരണവുമായി സോനം വാംഗ്ചുകി.
എന്ത് വിലകൊടുത്തും ജൂലൈ 20 വരെ താൻ ജീവനോടെയിരിക്കുമെന്ന് സോനം വാംഗ്ചുകി പറഞ്ഞു. നീണ്ടുനിൽക്കുന്ന ഉപവാസം മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായ ഘട്ടത്തിലെത്തിയെന്നും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വാംഗ്ചുകി. ജന്തർ മന്ദിറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, തന്റെ ശാരീരികാവസ്ഥ ദുർബലമാണെങ്കിലും ആത്മവിശ്വാസം തകർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുറമേ താൻ ബലഹീനനായിരിക്കാം, എന്നാൽ ഉള്ളിൽ താൻ വളരെ ശക്തനാണ്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തുന്ന സമാധാനപരമായ മാർച്ചിനായി നമുക്ക് ഈ ഊർജ്ജം ആവശ്യമാണ്. ജൂലൈ 20ലെ മാർച്ച് പരാജയപ്പെട്ടാൽ താൻ ഒരു പ്രേതമായി തിരിച്ചുവരുമെന്നും വാംഗ്ചുകി കൂട്ടിച്ചേർത്തു.
അതിനിടെ, സോനം വാംഗ്ചുകിന്റെ ആരോഗ്യനില പ്രതിദിനം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ അടിയന്തര വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാലം നിരാഹാരം നടത്തിവരുന്ന സോനം വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതി പ്രതിദിനം നിരീക്ഷിക്കാൻ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വാംഗ്ചുക്കിന്റെ മെഡിക്കൽ പരിശോധനകൾ പതിവായി നടത്തുന്നതിന് എതിർപ്പൊന്നുമില്ലെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതൊരു പൗരന്റെയും ജീവിതം വിലയേറിയതാണെന്നും അത് രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തണമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം പ്രതിദിനം ശക്തി പ്രാപിക്കുകയാണ്. സമാജ്വാദി പാർട്ടി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ നേതാക്കളെല്ലാം ജന്തർ മന്തറിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ശിവസേനയുടെ ഉദ്ധവ് താക്കറെയുമെല്ലാം പിന്തുണ നൽകിയിട്ടുണ്ട്.
Leader Page
ന്യൂഡല്‍ഹി: താന്‍ ഗാന്ധിയോ ഹീറോയോ അല്ലെന്നും വെറുമൊരു സാധാരണ പൗരനാണെന്നും കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക്. പരീക്ഷാ ക്രമക്കേടുകളടക്കം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കാന്‍ ആരെങ്കിലും നയിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നും പൗരന്മാരെന്ന നിലയില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരണമെന്നും ഡല്‍ഹി ജന്തര്‍ മന്തറില്‍ രണ്ടാഴ്ചയായി നിരാഹാര സമരം തുടരുന്ന വാംഗ്ചുക് പറഞ്ഞു.
? പരീക്ഷാ ക്രമക്കേടിനെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടി തുടങ്ങിയ പ്രക്ഷോഭത്തില്‍ പങ്കാളിയായി നിരാഹാരം തുടങ്ങിയതിനെക്കുറിച്ച് ഇപ്പോഴെന്തു തോന്നുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ആളുകളോട് നന്ദി പറയുന്നു. എന്നാല്‍ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ എന്നെ നിരാശനാക്കി. പലരും എന്നെ 21-ാം നൂറ്റാണ്ടിലെ ഗാന്ധിയെന്നും ആധുനിക ഗാന്ധിയെന്നും വിളിക്കുന്നു. മറ്റുള്ളവര്‍ എന്നെ ഹീറോയെന്നു വിളിക്കുന്നു. ഈ അഭിപ്രായങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഞാന്‍ ഗാന്ധിയോ ഹീറോയോ അല്ല. എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ഒരു സാധാരണ പൗരന് മാത്രമാണ്.
? യുവാക്കളോട് എന്താണു പറയാനുള്ളത്.
ദയവായി മറ്റൊരാളില്‍ ഒരു ഹീറോയെ അന്വേഷിക്കരുത്. നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഹീറോയാകുക. ഒരു പൗരനെന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക.
? പരീക്ഷാ ക്രമക്കേടിന്റെ ദുരന്തമായി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതു വേദനിപ്പിച്ചോ
വിദ്യാര്‍ഥികളുടെ ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പ്രതിഷേധം. മേയ് മാസത്തിലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് 20 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. അടുത്ത വര്‍ഷം എണ്ണം 40 അല്ലെങ്കില്‍ 80 ആയി ഉയരാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ തടയുന്നതിനാണ് പ്രതിഷേധിക്കുന്നത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം.
? ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ തുടക്കത്തിലുള്ളതുപോലെ ആളുകളുടെ പങ്കാളിത്തം കുറയുന്നുണ്ടോ.
ജീവനൊടുക്കിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ നിങ്ങളുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ നിങ്ങളും സമരത്തില്‍ ചേരുമായിരുന്നു. പക്ഷേ അതിനായി കാത്തിരിക്കരുത്. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ എല്ലാ ദിവസവും വരാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ദിവസമെങ്കിലും ഞങ്ങളോടൊപ്പം ചേരുക. ഡല്‍ഹിയില്‍ വരാന്‍ കഴിയാത്തവര്‍ എവിടെയായിരുന്നാലും ഒരു ഉപവാസമനുഷ്ഠിക്കുകയും നിങ്ങളുടെ സന്ദേശം പങ്കിടുകയും ചെയ്യുക. ഞങ്ങളെപ്പോലെ 24 ദിവസം പട്ടിണി കിടക്കേണ്ടതില്ല. ഭക്ഷണം കഴിച്ചിട്ടു വരാം. നിഷ്ക്രിയരായി തുടരുന്നതിനു പകരം പൗരനെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് 20ലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ കൂടുതലാളുകള്‍ വരിക.
? രണ്ടാഴ്ച നിരാഹാരം കിടന്നപ്പോള്‍ ക്ഷീണമില്ലേ.
13 ദിവസം കഴിഞ്ഞിട്ടും എനിക്കു കുഴപ്പമൊന്നുമില്ല. ചെറിയ ക്ഷീണമുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. ആദ്യദിവസമുണ്ടായ വിശപ്പ് പിന്നീടില്ല. നിരാഹാരവുമായി ശരീരം പൊരുത്തപ്പെടുന്നതിനാല്‍ ആദ്യദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ്. ഇപ്പോള്‍ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെട്ടു. അസ്ഥികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ എനിക്കിപ്പോഴും ഊര്‍ജസ്വലത തോന്നുന്നുണ്ട്.
? ആരോഗ്യം വഷളായാല്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റില്ലേ.
എന്റെ ജീവന് ഒരു ഭീഷണിയുമില്ല. അവരെന്നെ നീക്കം ചെയ്താല്‍, അത് ഞങ്ങളുടെ അവകാശങ്ങളുടെ ലംഘനമായിരിക്കും. സമാധാനപരമായ പ്രതിഷേധമാണു നടത്തുന്നത്. രാജ്യവും ലോകവും നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഉറ്റുനോക്കുകയാണ്. ഇതൊരു ഔദാര്യമല്ല; അവകാശമാണ്. ആര്‍ട്ടിക്കിള്‍ 19 പ്രകാരം സമാധാനപരമായ പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശം തുടര്‍ന്നും ബഹുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
? വിദ്യാഭ്യാസമന്ത്രിയുടെ രാജി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനു മുമ്പായി വിദ്യാഭ്യാസമന്ത്രിയുടെ രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന് യുവാക്കള്‍ക്കിടയില്‍ വീണ്ടും ജനപ്രീതി നേടാനാകും. യുവാക്കള്‍ക്കിടയില്‍ നിലവില്‍ വലിയ രോഷമുണ്ട്.
ഇതവര്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ ചെയ്യും.
National
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തില്‍ പങ്കുചേര്‍ന്ന വിദ്യാഭ്യാസ വിചക്ഷണനും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാംഗുചുകിന്റെ നിരാഹാരസമരം 15-ാം ദിവസത്തിലേക്ക് കടന്നു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി പ്രധാന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപി തുടങ്ങിയ പ്രതിഷേധസമരം ഇന്ന് 23-ാം ദിവസത്തിലേക്ക് പ്രവേശിച്ചു.
വാംഗ്ചുകിന്റെ നിരാഹാരസമരം 14 ദിവസം പിന്നിട്ടിട്ടും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. നിരാഹാരം ആരംഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭാരം 7.5 കിലോഗ്രാം കുറഞ്ഞു.
പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറഞ്ഞതിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിരാഹാരസമരത്തില്‍നിന്നു പിന്മാറില്ലെന്ന് വാംഗ്ചുക് വ്യക്തമാക്കി. ജൂണ്‍ 28നാണ് വാംഗ്ചുക് സമരത്തില്‍ ചേര്‍ന്നു നിരാഹാരം തുടങ്ങിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൗരന്മാരെയും സിജെപി ക്ഷണിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ എംപിമാരെ പ്രേരിപ്പിക്കുന്നതിനാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതെന്ന് വാംഗ്ചുക് പറഞ്ഞു.