സോനം വാംഗ്ചുക്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് ഒടുവിൽ അവസാനിച്ചത്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രാജ്യത്ത് വരാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സോനം വാംഗ്ചുക് എക്സിൽ കുറിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്‍റ് അംഗങ്ങൾ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് കത്തുകൾ നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കും, രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ചർച്ചകളിലെ നിബന്ധനകളെക്കുറിച്ച് ഉടൻ തന്നെ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കും. അതുവരെ രാജ്യത്ത് എവിടെയും ഒരിടത്തും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാംഗ്ചുക് കൂട്ടിച്ചേർത്തു.
Tags : SonamWangchuk CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines