വിദഗ്ധ സമിതി അംഗങ്ങള്‍ പരിശോധന നടത്തുന്നു.
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗം നിഗമനത്തില്‍ എത്താനാകില്ലെന്നും ഭൗമശാസ്ത്രജ്ഞന്‍ ഡോ. സി. പി. രാജേന്ദ്രന്.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി പാലത്തിന് സമീപം കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ സമഗ്രാന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗമായ അദ്ദേഹം ദുരന്തപ്രദേശം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു.മേഖലയില്‍ അശാസ്ത്രീയ നിര്‍മാണം നടന്നോയെന്നു വിശദമായി പരിശോധിക്കും.
ദുരന്തകാരണം കണ്ടെത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തും. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്‍, നിര്‍മാണ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവയിലും പരിശോധന ഉണ്ടാകും.
കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചോ എന്നതില്‍ വ്യക്തത വരുത്തും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതികവശങ്ങള്‍ വിലയിരുത്തും. സമഗ്ര പഠനത്തിനുശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പി. പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്മിഷ്ട സിംഗ് (ഐഐടി പാലക്കാട്), പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന് ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോടെക്നിക്കല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍ഐടി, കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. എം. മധു കാര്‍ത്തിക് (ഐഐടി, പാലക്കാട്), ടണല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐഐടി, പാലക്കാട്) എന്നിവരുമടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ ദുരന്തരപ്രദേശം സന്ദര്‍ശിച്ചത്.
Tags : ExpertCommittee visits Kalladi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash