പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കേരളത്തില്‍ നിന്നുള്ള എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ശക്തമായി രംഗത്തിറങ്ങിയിട്ടും ഗോവ-മംഗളൂരു വന്ദേ ഭാരത് സര്‍വീസ് കോഴിക്കോട്ടേക്കില്ല.
ട്രെയിന്‍ യശ്വന്ത്പുരിലേക്ക് (ബംഗളൂരു) നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി ഉത്തര കന്നഡ എംപി വിശ്വേശ്വര്‍ ഹെഗ്ഡേ കഗേരിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏതാനും മാസം മുമ്പാണ് റെയില്‍വേ മന്ത്രിക്കു കത്തയച്ചത്.
അതിനിടെ ബംഗളൂരുവിനും തീരദേശ ഗോവയ്ക്കും ഇടയില്‍ റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ വിശ്വേശ്വര്‍ ഹെഗ്ഡെ എംപിയും റെയില്‍വേ മന്ത്രിക്കു കത്ത് സമര്‍പ്പിച്ചിരുന്നു.
പുതിയ തീരുമാനം കര്‍ണാടകയുടെ തീരദേശ മേഖലയ്ക്ക് വലിയ ആശ്വാസം പകരുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടിയാണ്.
മലബാര്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷനില്‍നിന്ന് മംഗലാപുരം മേഖലയെ മാറ്റി ബംഗളൂരു ഡിവിഷന്റെ ഭാഗമാക്കിയ തീരുമാനത്തിനു പിന്നാലെയാണ് കേരളത്തിനു തിരിച്ചടിയായി റെയില്‍വേ മന്ത്രാലയത്തിന്റെ മറ്റൊരു നടപടി. രാജ്യത്തെ 40-ാമത് വന്ദേ ഭാരത് ട്രെയിനായിട്ടാണ് മംഗളൂരു-ഗോവ സര്‍വീസ് ആരംഭിച്ചത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസവും രാവിലെ 8.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.45ന് മഡ്ഗാവിലെത്തുന്ന രീതിയിലാണു ട്രെയിനിന്റെ സമയക്രമം.
മംഗളൂരു-തിരുവനന്തപുരം, കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളില്‍ പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. അതേസമയം, മഡ്ഗാവ്-മംഗളൂരു വന്ദേഭാരതില്‍ 30 മുതല്‍ 35 ശതമാനം വരെ മാത്രമാണു ബുക്കിംഗ്. അതുകൊണ്ട് സര്‍വീസ് ലാഭകരമാക്കാന്‍ ട്രെയിന്‍ കോഴിക്കോട്ടേക്കു നീട്ടണമെന്നാണ് എം.കെ. രാഘവനും പി.ടി. ഉഷയും അടക്കമുള്ള എംപിമാര്‍ ആവശ്യപ്പെട്ടിരുന്നത്.
മലബാര്‍ മേഖലയിലേക്കു സര്‍വീസ് നീട്ടിയാല്‍ വലിയ വിജയമാകുമെന്നു കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മംഗളൂരു കേന്ദ്രീകരിച്ചുള്ള പ്രാദേശിക രാഷ്ട്രീയ എതിര്‍പ്പുകളാണു കോഴിക്കോട്ടേക്കു സർവീസ് നീട്ടുന്നതിനു തടസമായത്.
ഗോവ-മംഗളൂരു സര്‍വീസ് കോഴിക്കോട്ടേക്കു നീട്ടുകയാണെങ്കില്‍ വടക്കന്‍ കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും കൊല്ലൂര്‍ മൂകാംബിക, ഉഡുപ്പി, മുരുഡേശ്വര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്കും ഉപകാരമാകുമായിരുന്നു. നിലവില്‍ ട്രെയിനിന്റെ യാത്രാശേഷിയുടെ 30 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.
രാത്രികാലങ്ങളില്‍ ട്രെയിന്‍ മംഗളൂരുവില്‍ വെറുതെ കിടക്കുകയാണ്. ഈ സമയം ഉപയോഗപ്പെടുത്തി കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടുന്നതു യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.
കോഴിക്കോട്ട് ട്രെയിന്‍ രാത്രി സൂക്ഷിക്കാന്‍ പ്ലാറ്റ്ഫോം സൗകര്യമുണ്ടെന്നും ട്രാക്കുകള്‍ക്ക് അധിക ട്രെയിനുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള രാഷ്ട്രീയസ്വാധീനം കര്‍ണാടകയുടെ ഭാഗത്തുനിന്നുണ്ടായെന്നാണു സൂചന.
Tags : Goa Mangaluru VandeBharat Service Bengaluru InsteadKozhikode Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash