മുഖ്യമന്ത്രി വി.ഡി. സതീശന്
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന അഞ്ചുവര്‍ഷത്തെ ‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം’ കാമ്പയിന് ഗാന്ധിജയന്തി ദിനമായ ഇന്നു തുടക്കമാകും.
ഈ മാസം ഏഴുവരെ സര്‍ക്കാര്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സംസ്ഥാനവ്യാപക ശുചീകരണ യജ്ഞവും സംഘടിപ്പിക്കും.
സംസ്ഥാനതല ഉദ്ഘാടനം എറണാകുളം നോര്‍ത്ത് പറവൂരിലെ സണ്ണി കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. തദ്ദേശ മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിക്കും.
2031 മാര്‍ച്ച് 30ന് സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്നും തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന് ഏകോപിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കാമ്പയിന് ലോഗോയും രൂപരേഖയും പുറത്തിറക്കുമെന്നും മന്ത്രി കെ.എം. ഷാജി അറിയിച്ചു.
പൊതുശൗചാലയങ്ങളുടെ പ്രവര്‍ത്തന മാര്‍ഗരേഖ, ശുദ്ധീകരിച്ച മലിനജലം സുരക്ഷിതമായി പുനരുപയോഗിക്കുന്നതിനുള്ള ‘സേഫ് റെസ്ക്യൂ ട്രീറ്റഡ് വേസ്റ്റ് വാട്ടര്‍ പോളിസി 2026’, ഖരമാലിന്യ പരിപാലന ചട്ടങ്ങളുടെ ജനപ്രതിനിധികള്‍ക്കായുള്ള പരിശീലന മോഡ്യൂള്‍ എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്യും.
മാലിന്യ ഉത്പാദനം മുതല്‍ സംസ്കരണം വരെയുള്ള മുഴുവന്‍ ഘട്ടങ്ങളും ഡിജിറ്റലായി നിരീക്ഷിക്കുന്നതിനൊപ്പം നിയമാവബോധം ശക്തമാക്കാനും നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും പദ്ധതിയുണ്ട്.
Tags : Nirmalam NewEra CleanKerala campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash