സ്മിത് മച്ചാർ
മുംബൈ: ഫ്ലൈ ദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ സ്വന്തം ജീവൻ തൃണവത്ഗണിച്ച് 180 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദനങ്ങളോടെ സ്മരിക്കുകയാണ് സുഹൃത്തുക്കളും വ്യോമയാന മേഖലയും.
സ്മിത്തിന്റെ നിശ്ചയദാർഢ്യവും അച്ചടക്കവുമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് സ്പൈസ് ജെറ്റിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ധരവ് ഗോസാലിയ പറഞ്ഞു.
ഇരുപതാം വയസിൽ മുംബൈ ഘാട്കോപ്പറിൽ അയൽക്കാരായിരുന്ന കാലത്താണ് ഇരുവരും ന്യൂസിലാൻഡിൽ പൈലറ്റ് പരിശീലനത്തിനു പോയത്. പിന്നീട് സ്പൈസ് ജെറ്റിൽ ബോയിംഗ് 737 വിമാനങ്ങൾ ഒന്നിച്ചു പറത്തി. 2022ലാണ് സ്മിത് ഫ്ലൈ ദുബായിലേക്കു മാറിയത്.
ഇന്ത്യൻ എയർഫോഴ്സിൽനിന്നു വിരമിച്ച പൈലറ്റുമാരിൽനിന്നുള്ള പരിശീലനം സ്മിത്തിന് മികച്ച അച്ചടക്കവും ശ്രദ്ധയും നൽകിയിരുന്നതായി ഗോസാലിയ ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർ നടത്തുന്ന ‘ചെയർ ഫ്ലൈയിംഗ്’പരിശീലനങ്ങൾ ഇത്തരം സങ്കീർണ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ വേഗത്തിലെടുക്കാൻ സഹായിക്കും.
വിമാനത്തിൽ എൻജിൻ തകരാറോ തീപിടിത്തമോ ഉണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലഭ്യമാണ്. എന്നാൽ കോക്പിറ്റിനുള്ളിൽ മറ്റൊരാൾ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കുമ്പോൾ ഒരു ഗൈഡ് ബുക്കും മുന്നിലുണ്ടാകില്ല. അവിടെയാണ് അസാമാന്യ ധൈര്യത്തിന്റെ പങ്കെന്നും അടിയന്തര ഘട്ടത്തിൽ എങ്ങനെ പെരുമാറണമെന്ന് സ്മിത് തങ്ങളെയെല്ലാം പഠിപ്പിച്ചുവെന്നും ഗോസാലിയ കൂട്ടിച്ചേർത്തു.
Tags : SmithMachar Colleague Courage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash FlyDubai Pilot