National
ന്യൂഡൽഹി: യാത്രക്കാരനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരനായ അങ്കിത് ധവാനെ കൈയേറ്റം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ചെക്കിംഗിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ആകെ അനുവദിച്ച 1630 തസ്തികകളിൽ 794 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്രസർക്കാർ.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 441 തസ്തികകൾ ഡിജിസിഎ സൃഷ്ടിച്ചതായും കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. മാനവശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലു മാസത്തിനിടെ 22 പുതിയ ഓഫീസർമാർ നിയമിതരായി.
62 ടെക്നിക്കൽ ഓഫീസർമാർ, അഞ്ച് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാർ, എട്ട് സ്റ്റെനോഗ്രാഫർമാർ എന്നിവരെ നിയമിച്ചു. ഓപ്പറേഷൻ ഓഫീസർമാരുടെ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷ നടത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഡിജിസിഎയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ല. എന്നാൽ അപേക്ഷകരുടെ കുറവും നിയമനം ലഭിച്ചവർ ജോലിയിൽ ചേരാതിരിക്കുന്നതും പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താറുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പൈലറ്റ് പരിശീലനത്തിനായി 2025ൽ രണ്ട് പുതിയ ഫ്ലൈയിംഗ് പരിശീലന സ്ഥാപനങ്ങൾക്ക് ഡിജിസിഎ അനുമതി നൽകി. 2021നെ അപേക്ഷിച്ച് പരിശീലന വിമാനങ്ങളുടെ എണ്ണത്തിൽ 73 ശതമാനം വർധനയാണ് 2025ൽ ഉണ്ടായത്. നിലവിൽ 379 പരിശീലനവിമാനങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
International
ന്യൂഡൽഹി: ദുബായി എയർഷോയിൽ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ചത് വിംഗ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശിലെ കാംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ദുബായിലെ അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവച്ചു. താഴെവീണ യുദ്ധവിമാനം പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
National
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിമാനത്തിന്റെ പൈലറ്റിനുമേൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ലെന്നു കേന്ദ്രം സുപ്രീംകോടതിയിൽ.
അപകടത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എഎഐബിയുടെ ഇടക്കാല റിപ്പോർട്ട് വന്നശേഷം ചില തെറ്റിദ്ധാരണകൾ ഉണ്ടായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണു ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. അപകടത്തെത്തുടർന്ന് ആരുടെയുംമേൽ ഇതുവരെയും കുറ്റം ചുമത്തപ്പെട്ടിട്ടില്ലെന്നും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് അപകടകാരണം കണ്ടെത്തുകയാണ് എഎഐബി അന്വേഷണത്തിന്റെ ഉദ്ദേശ്യമെന്നും കേസിൽ വാദം കേൾക്കവേ ബെഞ്ച് ഊന്നിപ്പറഞ്ഞു.
എഎഐബി നടത്തിയ അന്വേഷണരീതി ജീവിക്കാനുള്ള അവകാശത്തെയും സമത്വത്തെയും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യോമയാനമേഖലയിലെ ഒരു എൻജിഒയാണു കോടതിയെ സമീപിച്ചത്. വിമാനത്തിന്റെ പൈലറ്റിനെ അപകടത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം വാദംകേൾക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ജസ്റ്റീസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അഹമ്മദാബാദ് വിമാനാപകടം വളരെ നിർഭാഗ്യകരമാണ്. വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല. വിമാനദുരന്തത്തിൽ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ട കാര്യമില്ല.- ജസ്റ്റീസ് ബാഗ്ചി പറഞ്ഞു.
എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോൾ താനല്ലെന്ന് നിങ്ങളുടെ മകൻ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ വാൾട്ട് സ്ട്രീറ്റ് ജേണൽ ഉൾപ്പടെയുള്ള വിദേശ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനേയും സുപ്രീംകോടതി വിമർശിച്ചു.
വിദേശ മാധ്യമത്തിലെ റിപ്പോര്ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എന്നാൽ, ഈ റിപ്പോർട്ട് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിമാനദുരന്തം സംബന്ധിച്ച് ഇപ്പോൾ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് കോടതിയിൽ വാദിച്ചു. ഹർജി ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.