ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ജയിലിൽ തനിക്കും ഭാര്യ ബുഷ്റ ബീവിക്കും ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും ജീവനോടെ പുറത്തുവരുമെന്ന് ഉറപ്പില്ലെന്നും ആരോപിച്ച് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
സുപ്രീംകോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവയിലെ ചീഫ് ജസ്റ്റീസുമാർക്ക് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇമ്രാൻ ഖാന്റെ അഭിഭാഷകൻ സൽമാൻ സഫ്ദർ ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കത്ത് പുറത്തുവിട്ടത്.
അഡിയാല ജയിലിൽ കഴിയുന്ന 74കാരനായ ഇമ്രാൻ ഖാൻ ദിവസം 22 മണിക്കൂർ വരെ ഏകാന്തതടവിൽ തന്നെ പാർപ്പിച്ചിരിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാനോ മക്കളായ കാസിം, സുലൈമാൻ എന്നിവരെ ഫോണിൽ വിളിക്കാനോ പുസ്തകങ്ങളും ടെലിവിഷനും ഉപയോഗിക്കാനോ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വലതുകണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടപ്പെട്ടതായും കഴിഞ്ഞ പത്തിന് രക്തസമ്മർദം അപകടകരമായ നിലയിലേക്ക് ഉയർന്നതായും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. ഹൃദയാഘാതത്തിനും മസ്തിഷ്ക രക്തസ്രാവത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്റ ബീവിക്ക് ഏപ്രിലിൽ കണ്ണിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും തുടർചികിത്സ ലഭിച്ചില്ലെങ്കിൽ അവരുടെ കാഴ്ച പൂർണമായി നഷ്ടപ്പെടുമെന്നും കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
നിരപരാധിത്വം തെളിയിക്കാൻ ഞാൻ ജീവനോടെ ഇരിക്കേണ്ടതുണ്ടെന്നും വൈകുന്നതിനുമുന്പ് മാനുഷിക പരിഗണന നൽകി നീതി നടപ്പാക്കണമെന്നുമുള്ള അഭ്യർഥനയോടെയാണ് ഇമ്രാൻ ഖാൻ കത്ത് അവസാനിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാനും 2025 ജനുവരി മുതൽ ബുഷ്റ ബീവിയും ജയിലിൽ കഴിയുകയാണ്.
Tags : open letter Medical treatment Denial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash