പിഎസ്സി
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഒന്നാം പ്രതി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജികളിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നാളെ വിധി പറയും.
പരീക്ഷാ നടത്തിപ്പിൽ ഉണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നും പ്രതികൾക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പൂർണമായും കംപ്യൂട്ടർ സംവിധാനത്തിലൂടെ നടത്തുന്ന പരീക്ഷയിൽ എങ്ങനെ തിരിമറി നടത്താൻ കഴിയുമെന്നും, സംവിധാനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തങ്ങൾ നിരപരാധികളാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ, പ്രതികൾക്കു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾക്കു ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ അഭിഭാഷക വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സതീഷ് ഉൾപ്പടെയുള്ള പ്രതികളെ വിജിലൻസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ പ്രത്യേക വിജിലൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യാപേക്ഷയിലെ ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയാനായി നാളത്തേക്കു മാറ്റിയത്.
Tags : Bail Vigilence Court PSC Exam Irregularity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash