സുപ്രീം കോടതി
ന്യൂഡൽഹി: എസ്ഐആറിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് രേഖാമൂലം 48 ചോദ്യങ്ങൾ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. 48 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സുപ്രീംകോടതി നിർദേശിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. കമ്മിഷനെതിരേ നിലവിൽ സമർപ്പിച്ചിട്ടുള്ള ഹർജിക്കൊപ്പമാണ് പുതിയ അപേക്ഷ.
എസ്ഐആറുമായി ബന്ധപ്പെട്ട് ആവർത്തിക്കുന്ന ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമായ മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മുന്നണി നേതാക്കൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറും സഹ കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും സത്യവാങ്മൂലം സമർപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒക്ടോബർ 15ന് പത്ത് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നിർദേശപ്രകാരം രണ്ട് സത്യവാങ്മൂലങ്ങൾ കമ്മിഷൻ ഫയൽ ചെയ്തിരുന്നു. എന്നാൽ ഇതിൽ പ്രധാന വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഭാനുപ്രകാശ് യെതൂരി സാക്ഷ്യപ്പെടുത്തിയ ഒക്ടോബർ 26ലെ എതിർ സത്യവാങ്മൂലത്തിലും നവംബർ 14ലെ അനുബന്ധ സത്യവാങ്മൂലത്തിലും, മൂന്നംഗ സമിതിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് എസ്ഐആർ ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ അവകാശവാദത്തെ സാധൂകരിക്കുന്നതിനുള്ള ഫയൽ നമ്പറുകളോ മീറ്റിംഗ് മിനിറ്റ്സോ ഇല്ലെന്ന് പ്രതിപക്ഷത്തിന്റെ അപേക്ഷയിൽ വാദിക്കുന്നു. രാജ്യവ്യാപകമായി എസ്ഐആർ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കമ്മിഷൻ തന്നെ 2025 ഓഗസ്റ്റിലെ ഒരു വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
വസ്തുതാപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് 2013ലെ ചട്ടങ്ങൾ പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനോട് പത്ത് വിഭാഗങ്ങളായി ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി നൽകണമെന്നാണ് പ്രതിപക്ഷം സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിലെ ആവശ്യം. കമ്മിഷനോട് ഉന്നയിക്കേണ്ട ചോദ്യങ്ങളും പ്രതിപക്ഷം പ്രസിദ്ധപ്പെടുത്തി.
സാങ്കേതിക സംവിധാനങ്ങൾ നിയന്ത്രിക്കുന്ന അധികാരികൾക്കു മാത്രമാണ് ചില പ്രധാന വിവരങ്ങൾ അറിയാൻ സാധിക്കുക. അത്തരം കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരോട് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം നൽകാൻ ആവശ്യപ്പെടാനും കോടതിക്ക് അധികാരമുണ്ടെന്ന് കെ.എസ്. പുട്ടുസ്വാമി കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയാണ് തെരഞ്ഞെടുപ്പു കമ്മിഷന് മുന്നിൽ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
Tags : supreme court questions Opposition Election Commission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash