Kerala
വൈപ്പിൻ: മുല്ലപ്പെരിയാറിൽ ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കായി പുതിയ തുരങ്കം നിർമിക്കുന്നതുവരെ രണ്ടു വർഷമായി മാലിപ്പുറത്ത് തുടരുന്ന അനിശ്ചിതകാല റിലേസമരം തുടരാൻ സമരസമിതിയുടെ ആഹ്വാനം. സമരം രണ്ടു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ സമരപ്പന്തലിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരമായി പുതിയ തുരങ്കം നിർമിക്കാൻ 2014ലാണ് സുപ്രീംകോടതി നിർദേശിച്ചത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനു താഴെയായി മറ്റൊരു തുരങ്കം നിർമിച്ച് ജലനിരപ്പു താഴ്ത്തി കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനാണ് കോടതി ഇങ്ങനെയൊരു പരിഹാരം നിർദേശിച്ചത്.
എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും സർക്കാരുകൾ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ തയാറാകാതെ വന്നതോടെയാണ് മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരം ആരംഭിച്ചത്. രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിന് പൊതുസമ്മേളനം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് രമേഷ് രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത തമിഴ് എഴുത്തുകാരൻ ചാരുനിവേദിത പ്രഭാഷണം നടത്തി.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊലിസ് അന്വേഷണത്തിൽ ഇതേ രീതിയിലുള്ള വീഴ്ചകൾ തുടരുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ കേസുകളുടെയും അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെടേണ്ടിവരുമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലിസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. യുപി പൊലിസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലതെന്നും പൊലിസ് സേനയെ പിരിച്ചുവിടുന്നതാകും ഉചിതമെന്നും കോടതി വിമർശിച്ചു.
ഈ അസംബന്ധം എവിടെയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. യുപി പൊലിസ് രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം. പരാതിക്കാരൻ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസിന് കൈമാറിയിട്ടും എഫ്ഐആറിൽ ഇയാളെ അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നാണ് കേസ്. പൊലിസ് അന്വേഷണ നടപടികളിലെ ഈ വൈരുധ്യമാണ് സുപ്രീംകോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
National
ന്യൂഡൽഹി: സ്കൂളുകളിലും ഹയർസെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് തടയുന്നതിനു കേന്ദ്രനിയമവും മാർഗനിർദേശങ്ങളും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി.
ഹർജിയിലെ ആവശ്യങ്ങളിൽ നേരത്തെ ഉത്തരവ് നിലവിലുണ്ടെന്നു കാണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ജസ്റ്റീസ് വി.മോഹനയും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം. നിർദേശങ്ങൾ നടപ്പാക്കുക എന്നതിനായി പുതിയ ഹർജി പരിഗണിക്കാനാവില്ലെന്നു പറഞ്ഞ കോടതി അധികൃതർക്ക് ഇതുസംബന്ധിച്ച പരാതി നൽകാൻ ഹർജിക്കാരന്റെ അഭിഭാഷകന് അനുമതി നൽകുകയും ചെയ്തു.
National
ന്യൂഡൽഹി: സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള 25 ശതമാനം സംവരണം (ഇഡബ്ല്യുഎസ് ക്വാട്ട) നടപ്പിലാക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മിഷ(എൻസിപിസിആർ) ന്റെ ഉദാസീന നിലപാടിനെതിരേ സുപ്രീംകോടതി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംവരണം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷനു നിർണായക പങ്കുണ്ടെന്ന് ജസ്റ്റീസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസിൽ അടുത്ത തവണ വാദം കേൾക്കുമ്പോൾ എൻസിപിസിആർ ചെയർമാനും ഡയറക്ടറും നേരിട്ടു ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
Kerala
ന്യൂഡൽഹി: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില് കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല് കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്. സുനില് കുമാര്.
National
ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭ്യമാകുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് അടുത്ത മാസം 13ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നൽകി.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള ചിഹ്ന തർക്കത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കും ആവശ്യമായ സത്യവാംഗ്മൂലങ്ങളും മറുപടികളും സമർപ്പിക്കാൻ കോടതി നാല് ആഴ്ച സമയം അനുവദിച്ചു.
തുടർന്ന് ലഭിക്കുന്ന രേഖകളും വാദങ്ങളും പരിഗണിച്ച് അടുത്ത മൂന്ന് മാസത്തിനകം വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി ഉപയോഗിക്കുന്നതു പരിശോധിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളി. കോടതി ഉത്തരവുകളിലൂടെ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും വ്യക്തമാക്കിയാണു നടപടി. പരിഷ്കാരങ്ങളുടെ ഭാഗമായി ഘട്ടംഘട്ടമായി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കൂവെന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
സുപ്രീംകോടതി വിധിന്യായങ്ങളുടെ ഹ്രസ്വവിവരണങ്ങൾ ഇപ്പോൾ ഹിന്ദിയിൽ നൽകുന്നുണ്ടെന്നും ഭാവിയിൽ മറ്റു പ്രാദേശിക ഭാഷകളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും എല്ലാ നടപടികളും ഇംഗ്ലീഷിലാണു നടത്തേണ്ടതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 348(1)(എ) വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹൈക്കോടതികളിൽ ഹിന്ദിയോ മറ്റു പ്രാദേശിക ഭാഷകളോ ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും സുപ്രീംകോടതിയുടെ കാര്യത്തിൽ അത്തരം ഇളവുകൾ നൽകിയിട്ടില്ല.
Kerala
ന്യൂഡൽഹി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.
കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന വാദമാണ് ഹൈക്കോടതി നിരസിച്ചത്. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട് മേപ്പാടി റേഞ്ചിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് അമ്പലമേട് പൊലിസ് രജിസ്റ്റർ ചെയ്ത ഈ വഞ്ചനാ കേസ്. നിലവിൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീംകോടതിയിൽ നിന്ന് അടിയന്തര ആശ്വാസം തേടുന്നത്.
National
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശനിയമം, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ആക്ട്, യുജിസി നിയമം തുടങ്ങിയവ അനുശാസിക്കുന്ന യോഗ്യതകളില്ലാത്ത അധ്യാപകരെ സ്കൂളുകളിലും കോളജുകളിലും നിയമിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണു നിയമപരമായ അടിസ്ഥാനയോഗ്യതകളില്ലാത്ത അധ്യാപകരെ നിയമിക്കാനോ സർവീസിൽ തുടരാനോ അനുവദിക്കരുതെന്ന് കർശന നിർദേശം നൽകിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും സർക്കാർ സർവീസിലേക്കു മാറ്റുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമപരമായ പദ്ധതികളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
അധ്യാപകരെയും മറ്റു ജീവനക്കാരെയും നേരിട്ട് സർക്കാർ സർവീസിലേക്കു പ്രവേശിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
National
ന്യൂഡൽഹി: ജന്തർമന്ദറിൽ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും സുപ്രീംകോടതി റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ ഇല്ലാതാകും.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ ഇനി പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സർക്കാരിന് പുറമെ ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സർക്കാരുകളും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ജൂലൈ 25ന് സിജെപി നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷകൾ സമർപ്പിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി. കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുകൂല നിലപാടിനെ തുടർന്ന് അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ പ്രതിഷേധ മാർച്ചിനാണ് സിജെപി പ്രവർത്തക സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇവ പാലിച്ചില്ലെന്നാരോപിച്ചാണ് സിജെപി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസുകൾ എടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് സിജെപിയുടെ പരാതി.
Kerala
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന കേസിന്റെ അന്തിമ വിധി അടുത്ത ഒക്ടോബർ മാസത്തോടെ ഉണ്ടായേക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റീസ്. സുപ്രീംകോടതിയുടെ ഒന്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസിൽ വാദം കേട്ടുതീർത്തത്.
ബോധ്ഗയ ക്ഷേത്രകേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതുസംബന്ധിച്ച സുപ്രധാന സൂചന നൽകിയത്. ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ്, ശബരിമല കേസിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തുടർന്ന് ബോധ്ഗയ കേസ് ഒക്ടോബർ ആറിലേക്ക് പരിഗണിക്കാൻ മാറ്റി വെക്കാമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ആദ്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. തുടർന്ന് ഈ ബെഞ്ച് രൂപീകരിച്ച സുപ്രധാന നിയമപരമായ ചോദ്യങ്ങളിലാണ് ഒന്പതംഗ വിശാല ബെഞ്ച് വാദം കേട്ടത്. ഒൻപതംഗ ബെഞ്ച് നൽകുന്ന ഉത്തരവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധനാ ഹർജികളിൽ വാദം കേട്ട് അന്തിമ വിധി പുറപ്പെടുവിക്കും.
National
ന്യൂഡൽഹി: നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സുപ്രീംകോടതിയുടെ അനുമതി. പശ്ചിമ ബംഗാൾ സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനും ഇഷ്ടമുള്ള ചികിത്സ തെരഞ്ഞെടുക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മൂന്നാഴ്ചത്തെ വിദേശയാത്രയ്ക്കാണ് ഉപാധികളോടെ അനുമതി നൽകിയത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഷേക് ബാനർജിയുടെ ആരോഗ്യവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശവും കോടതി അംഗീകരിച്ചു. ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കാതിരിക്കുക സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
അഭിഷേക് ബാനർജിക്കെതിരെ 15ഓളം കേസുകളുണ്ടെന്നും വിദേശത്തേക്ക് പോയാൽ ഇന്ത്യയിലേക്ക് മടങ്ങിവരാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ എസ്.വി. രാജു വാദിച്ചു. എന്നാൽ കേസുകൾ ഗുരുതര സ്വഭാവത്തിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതര കേസുകളുള്ളവർക്കുപോലും മുമ്പ് വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
യാത്രയുമായി ബന്ധപ്പെട്ട വിമാന വിവരങ്ങൾ, വിദേശത്തെ താമസസ്ഥലം, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും വിവരങ്ങൾ എന്നിവ കോടതിയിൽ സമർപ്പിക്കണമെന്നും അഭിഷേക് ബാനർജിക്ക് നിർദേശം നൽകി.
Kerala
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം.
അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 28ലെ സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും ഈ നടപടികൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 13 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും മുഴുവൻ വിവരങ്ങളും പരിശോധിക്കും. പ്രതിഷേധക്കാർക്കെതിരെ ഇനി തുടർനടപടികൾ ഉണ്ടാകില്ലെന്നും വിഷയം അവസാനിപ്പിച്ച് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ കർശന നടപടിയുമായി സുപ്രീംകോടതി. പ്രതിഷേധം സമാധാനപരമായിരുന്നെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് പോലീസിനെതിരെ ഒട്ടേറെ ഗുരുതര പരാതികൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ആക്രമണത്തിൽ 19 വയസുകാരന് കാഴ്ച നഷ്ടമായതും പോലീസിനെതിരായ ലൈംഗികാതിക്രമ പരാതികളും കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്.
ഹർജിക്കാർ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. അതേസമയം പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതുരണ്ടും ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇരുഭാഗത്തുനിന്നുമുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്നും വ്യക്തമാക്കി.
രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തും. അന്വേഷണത്തിനായുള്ള സമിതിയെ പിന്നീട് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ പാർലമെന്റ് മാർച്ചിനു നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ പോലീസിനെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി.
പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ കടുത്ത താക്കീത്. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കുമെന്ന് കോടതി അറിയിച്ചു. അതിനിടെ സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഒരു ജവാനാണെന്ന് സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിഷേധത്തിനു നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. മാർച്ച് നേരിട്ടതിൽ അടിമുടി ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആർഎഎഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു. മാർച്ച് നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദേശങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റി.
സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് സേന കർശന നിയന്ത്രണവും ഏർപ്പെടുത്തി.
National
ന്യൂഡൽഹി: സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില് മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ഡൽഹി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കവേ കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റീസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാല് കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റീസ് നൽകിയത്. ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
National
ന്യൂഡൽഹി: വിദ്യാർഥിസമരത്തിലെ പോലീസ് ആക്രമണവുമായി ബന്ധപ്പെട്ട ഹർജിയിൽ താൻ നടത്തിയ പരാമർശങ്ങൾ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. സമരക്കാർക്കെതിരേ പോലീസ് അതിക്രമം നടക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ബുധനാഴ്ച ചീഫ് ജസ്റ്റീസ് വിസമ്മതിച്ചുവെന്നായിരുന്നു മാധ്യമറിപ്പോർട്ടുകൾ.
എന്നാൽ അത്തരത്തിൽ യാതൊരു ഹർജിയും കോടതിക്കുമുന്പിൽ വന്നിരുന്നില്ലെന്നും കേവലം ഒരു പരാമർശം മാത്രമാണു നൽകിയിരുന്നതെന്നും ചീഫ് ജസ്റ്റീസ് ഇന്നലെ തുറന്ന കോടതിയിൽ വ്യക്തമാക്കി. വിഷയം ഒരു അഭിഭാഷകൻ വാമൊഴിയായി ഉന്നയിച്ചതിനെത്തുടർന്ന് രജിസ്ട്രിയുമായി ബന്ധപ്പെട്ട് പരിശോധിച്ചതിൽനിന്ന് യാതൊരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്നു വ്യക്തമായതായി ചീഫ് ജസ്റ്റീസ് പറഞ്ഞു.
വസ്തുതകൾ പരിശോധിക്കാതെ ഉത്തരവാദിത്വമില്ലാതെ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയും നീറ്റ് തട്ടിപ്പും മുൻനിർത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്നും പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഇല്ലാത്ത ഹർജിയിൽ കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കാണാൻ തങ്ങൾക്കു താത്പര്യമില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റീസിന്റെ പരാമർശങ്ങൾ തെറ്റായ രീതിയിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകൾ ഇനിയും അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയം കോടതി അതിഗൗരവത്തോടെയും കർശനമായും നിരീക്ഷിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറാൻ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഓൺലൈൻ രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നും വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് കോടതിയിൽ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർത്ഥിച്ചു. കോടതി കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
ചോദ്യച്ചോർച്ച തടയുന്നതിനായി 2024-ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്റ്റിൽ കൂടുതൽ കർശന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കുറ്റക്കാർക്ക് കൂടുതൽ തടവും ഉയർന്ന പിഴയും ഏർപ്പെടുത്തുന്നതിനൊപ്പം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
പോലീസ് അതിക്രമം സംബന്ധിച്ച ഹർജികൾ പരിഗണിക്കും
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനു നേരേ ഡൽഹി പോലീസും കേന്ദ്ര സായുധസേനയും നടത്തിയ അതിക്രമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കും.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് 27നാണ് ഹർജി പരിഗണിക്കുക.
വിദ്യാർഥികൾക്കു നേരേ പോലീസ് അമിത ബലപ്രയോഗം നടത്തുകയാണെന്നും ദിവസേനയെന്നോണം ഇത് ആവർത്തിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച് രണ്ടു ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്.
Kerala
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിലുള്ള സിജെപി പ്രതിഷേധത്തിന്റെ പേരിൽ അടച്ചിട്ട ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ ഉച്ചയോട് കൂടി തുറക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഇല്ലെങ്കിൽ വിഷയത്തിൽ കോടതി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി
മെട്രോ സർവീസുകൾ തടസ്സപ്പെട്ടതോടെ വക്കീലന്മാർക്കും കോടതി ജീവനക്കാർക്കും സമയത്തിന് എത്താൻ കഴിയാത്ത സാഹചര്യം സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതി തിരിച്ചറിയൽ കാർഡുള്ള അഭിഭാഷകർക്കും ജീവനക്കാർക്കും കൃത്യമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിലൂടെ പുറത്തുകടക്കാൻ അനുമതി നൽകണമെന്നാണ് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടത്.
വിഷയം മെട്രോ അധികൃതരുമായി ചർച്ച ചെയ്യാൻ സുപ്രീംകോടതി ഭരണവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ജന്തർ മന്തറിൽ സിജെപി സമരം ശക്തമായ പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്റ്റേഷൻ അടക്കം 16 മെട്രോ സ്റ്റേഷനുകളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹി മെട്രോ താത്കാലികമായി അടച്ചുപൂട്ടിയത്.
National
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ഫണ്ടിലേക്കും സംഭാവനകളിലേക്കുമുള്ള തുക മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പുതിയ എസ്ഐടി രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. കേസിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹർജിക്കാർക്ക് കോടതി കർശന മുന്നറിയിപ്പും നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പോലീസ് അന്വേഷണത്തിന്റെ മുദ്രവെച്ച റിപ്പോർട്ട് സമർപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിഷയം പരിശോധിച്ച എസ്ഐടിയെത്തന്നെ കേസിന്റെ അന്വേഷണം ഏൽപ്പിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
സംഭവം ഗൗരവമുള്ളതാണെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ചൂണ്ടിക്കാണിച്ച് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്ന് കോടതി ഓർമിപ്പിച്ചു. അതേസമയം, കേസിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്ഐടി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: എസ്ഐആർ പ്രക്രിയയിലൂടെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്തു എന്ന കാരണത്താൽ ഒരാളുടെ പൗരത്വം നഷ്ടപ്പെടില്ലെന്ന് സുപ്രീംകോടതി. പൗരത്വം നിർണയിക്കുന്നതിനുള്ള പരമാധികാരം തെരഞ്ഞെടുപ്പു കമ്മീഷനല്ലെന്ന ബിഹാർ എസ്ഐആർ കേസിലെ വിധിയും സുപ്രീംകോടതി ഇന്നലെ ഓർമിപ്പിച്ചു.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ പരിഗണിക്കുന്ന അപ്പീൽ ട്രൈബ്യൂണലുകളുടെ നടപടികൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ നിരീക്ഷണം.
സംശയസ്പദമായ പൗരത്വത്തിന്റെ പേരിൽ ഒരാളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാൽ പൗരത്വ നിയമപ്രകാരം അന്തിമ തീരുമാനത്തിനായി വിഷയം കേന്ദ്രസർക്കാരിന് കൈമാറാൻ തെരഞ്ഞെടുപ്പു കമ്മീഷന് ബാധ്യതയുണ്ടെന്ന് മുൻവിധിയിൽ വ്യക്തമാക്കിയതായി ബെഞ്ചിലെ അംഗം ജസ്റ്റീസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
അപ്പീലുകൾ തീർപ്പാകാതെ കിടക്കുമ്പോൾതന്നെ, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ, അന്നപൂർണ, യോജന തുടങ്ങിയ ക്ഷേമപദ്ധതികളും ജാതി സർട്ടിഫിക്കറ്റും പശ്ചിമബംഗാൾ സർക്കാർ നിഷേധിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ വോട്ടർപട്ടികയുടെ നിയന്ത്രണം കമ്മീഷനാണെങ്കിലും പൗരത്വം റദ്ദാക്കാൻ അവർക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ പരാതി പരിഗണിക്കുന്ന 19 അപ്പീൽ ട്രൈബ്യൂണലുകളിലായി 34 ലക്ഷത്തോളം അപ്പീലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും, ഇതുവരെ തീർപ്പാക്കിയ 38,000 അപ്പീലുകളിൽ 70 ശതമാനവും ഹർജിക്കാർക്ക് അനുകൂലമായാണ് വിധിച്ചതെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു.
അപ്പീൽ നടപടികൾ കൂടുതൽ സുതാര്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പശ്ചിമ ബംഗാൾ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ കേസും കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
National
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ ത്രിഭാഷാ നയം നടപ്പാക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും കേന്ദ്രസർക്കാരിന്റെ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു നിരീക്ഷണം. മൂന്നാം ഭാഷാപഠനം ആറാം ക്ലാസിൽതന്നെ ആരംഭിച്ച് എട്ടാം ക്ലാസോടെ അവസാനിപ്പിക്കുകയാണു വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
നവോദയ സ്കൂളുകളിലെ ത്രിഭാഷാ നയം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വർഷങ്ങളായി ഇത്തരം സ്കൂളുകളെ എതിർക്കുന്നത്. എന്നാൽ, ത്രിഭാഷാ നയത്തിൽ എവിടെയും ഹിന്ദി നിർബന്ധമാക്കണമെന്നു പറയുന്നില്ലെന്നും സംസ്ഥാന ഭാഷയും ഇംഗ്ലീഷും കൂടാതെ മറ്റേതെങ്കിലും ഒരു മൂന്നാം ഭാഷ പഠിച്ചാൽ മതിയാകുമെന്നും ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി.
സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിനെതിരായ പൊതുതാത്പര്യ ഹർജി നിലവിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. നയത്തിന് ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് അടുത്തയാഴ്ച വിഷയത്തിൽ വീണ്ടും വാദം കേൾക്കും. മറ്റൊരു ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിലാണ് ജസ്റ്റീസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച് അഭിപ്രായപ്രകടനം നടത്തിയത്.
National
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായി സംസാരിക്കുകയും കോടതി നടപടികൾ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ലക്നോ സർവകലാശാലയിലെ രണ്ട് നിയമവിദ്യാർത്ഥികൾ അറസ്റ്റിൽ. പ്രബൽ പ്രതാപ് സിംഗ്, ചന്ദർ ഭാൻ എന്നിവരാണ് പിടിയിലായത്. ഇവർ യഥാക്രമം മൂന്നാം വർഷം, രണ്ടാം വർഷം നിയമവിദ്യാർത്ഥികളാണ്.
ചീഫ് ജസ്റ്റിസിനെതിരെ മുദ്രാവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെയാണ് സുപ്രീംകോടതി പരിസരത്ത് വലിയ ബഹളമുണ്ടായത്. കോടതിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും സുപ്രീംകോടതിയുടെ അന്തസ്സിന് കളങ്കമേൽപ്പിക്കുന്ന രീതിയിൽ പെരുമാറിയതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഡൽഹി പോലീസിന് കൈമാറുകയുമായിരുന്നു.
നിയമവിദ്യാർത്ഥികളായിരുന്നിട്ടും കോടതിയുടെ മര്യാദകൾ ലംഘിച്ചുള്ള ഇവരുടെ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രവീന്ദ്ര പാൽ എന്ന ദാരാ സിംഗിനെ മോചിപ്പിക്കാൻ നീക്കം.
ജയിലിലെ 'നല്ല നടപ്പിന്റെ' അടിസ്ഥാനത്തിൽ ദാരാ സിംഗിനെ വിട്ടയക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ശിപാർശ ചെയ്തു. 26 വർഷമായി ദാരാ സിംഗ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈ ആദ്യം ചേർന്ന റിവ്യൂ ബോർഡ് യോഗത്തിലാണ് ഇദ്ദേഹത്തിന്റെ മോചനത്തിനുള്ള ശിപാർശ അംഗീകരിച്ചത്. കേസ് മുൻപ് ബോർഡ് മാറ്റിവെച്ചിരുന്നു. ദാരാ സിംഗിന്റെ സ്വദേശമായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ അധികാരികളിൽ നിന്ന് പുതുക്കിയ റിപ്പോർട്ട് ലഭിക്കുന്നതിനായി നടപടികൾ വൈകുകയായിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ മോചനത്തിന് വഴിയൊരുങ്ങിയത്.
1999 ജനുവരി 22-ന് കിയോഞ്ജാർ ജില്ലയിലെ മനോഹർപൂരിലാണ് സംഭവം നടന്നത്. ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും തങ്ങളുടെ വാഹനത്തിൽ ഉറങ്ങിക്കൊണ്ടിരിക്കെ, ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പുറത്തുനിന്ന് പൂട്ടി തീകൊളുത്തുകയായിരുന്നു. മതം മാറ്റം ആരോപിച്ച് നടത്തിയ ഈ കൊലപാതകം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായത്.
സംഭവത്തിൽ 51 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സിബിഐ കോടതി ദാരാ സിംഗ് ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ചു. ഒഡീഷ ഹൈക്കോടതി ചിലരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. ദാരാ സിംഗ് ഇപ്പോൾ കിയോഞ്ജാർ ജില്ലാ ജയിലിലാണ് കഴിയുന്നത്. ഇദ്ദേഹത്തിന്റെ മോചനം സാധ്യമായാൽ, സ്റ്റെയിൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരായി ആരും ജയിലിൽ ഉണ്ടാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർന്നുള്ള നടപടികൾ നിർണായകമായിരിക്കും.
National
ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്ഷേത്ര ട്രസ്റ്റിനു സുപ്രീംകോടതി നോട്ടീസ്. ഹര്ജികളില് ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്കണം.
കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. . പ്രത്യേക അന്വേഷണ സംഘത്തോട് ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഉത്തര്പ്രദേശ് സര്ക്കാര് പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്ജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില് സമഗ്ര ഫോറന്സിക് ഓഡിറ്റ് വേണമെന്നാണ് ആര്ജെഡി എംപി സുധാകര് സിംഗിന്റെ ഹര്ജിയിലെ ആവശ്യം. ഹര്ജികള് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹര്ജി പരിഗണിച്ചത്. നേരത്തെ ലക്നോ കോടതിയിലടക്കം വിഷയത്തില് ഹര്ജി വന്നിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നു കാട്ടി തള്ളുകയായിരുന്നു.
National
ന്യൂഡൽഹി: അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ എന്ന പദവിയിൽ നിയമനം നടത്തുന്നത്.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനു മുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിംഗ് കോൺസൽമാരെയും നിയമിച്ചു. അഭിഭാഷകരായ അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കോടതികളെ രാഷ്ട്രീയവേദിയാക്കരുതെന്നും രാഷ്ട്രീയപോരാട്ടങ്ങൾ കോടതിക്കുപുറത്താണ് നടത്തേണ്ടതെന്നും വീണ്ടും ഓർമിപ്പിച്ച് സുപ്രീംകോടതി.
കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ടിവികെ സർക്കാർ ശ്രമിക്കുന്നുവെന്നും അതു തടയാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികൾക്കെതിരേ പരസ്യപ്രസ്താവനകൾ നടത്തുന്നതിൽനിന്നു ടിവികെ നേതാക്കളെ വിലക്കണമെന്ന ഡിഎംകെയുടെ ആവശ്യം തള്ളിയ കോടതി കേസുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചു.
എതിരാളികളുടെ പ്രസ്താവനകളെ കോടതിവഴി തടയുന്നതിനുപകരം കൂടുതൽ പ്രസംഗങ്ങൾകൊണ്ട് അതിനെ നേരിടണമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിവികെ റാലിക്കിടെയുണ്ടായ കരൂർ ദുരന്തത്തിൽ 41 പേർ മരിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ആരോപണങ്ങളെച്ചൊല്ലി ഡിഎംകെ കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ടിവികെ അധികാരത്തിലെത്തിയതോടെ മന്ത്രിമാരുൾപ്പെടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഡിഎംകെ ഉന്നയിക്കുന്ന ആരോപണം.
പൊതുമരാമത്ത് മന്ത്രി ആദവ് അർജുന അടുത്തിടെ നടത്തിയ പരസ്യപ്രസ്താവനകൾ അന്വേഷണത്തെ ബാധിക്കുമെന്നും ഡിഎംകെ ആരോപിക്കുന്നു. കൂടാതെ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും കാരുണ്യ നിയമനങ്ങളും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈമാസം പത്തിന് കരൂർ സന്ദർശിക്കുമെന്ന മാധ്യമറിപ്പോർട്ടുകളും ഹർജിക്കാർ കോടതിയിൽ
Business
ലക്സംബർഗ് സിറ്റി: ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച് യൂറോപ്പിലെ പരമോന്നത കോടതി.
4.1 ബില്യണ് യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.
യൂറോപ്യൻ കമ്മീഷൻ 2018ൽ ആദ്യം 4.34 ബില്യണ് യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ് നിർമാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.
യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ൽ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ് യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിൾ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനിൽ അപ്പീൽ നല്കിയത്. ഈ അപ്പീൽ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആൽഫബെറ്റും നൽകിയ അപ്പീൽ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.
2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം 11 ബില്യണ് യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽനിന്ന് ലഭിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും കിടാരികളെയും അറുക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സമ്പൂർണ നിരോധനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതിയുടെ മേയ് 27-ലെ ഉത്തരവ് സംസ്ഥാനത്തെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും, ഹർജിയുടെ പരിധിയിൽ കവിഞ്ഞുള്ളതാണ് ഈ വിധിയെന്നും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
1958-ലെ 'തമിഴ്നാട് അനിമൽ പ്രിസർവേഷൻ ആക്ട്' പ്രകാരം, കൃഷിക്കും പ്രജനനത്തിനും അനുയോജ്യമല്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയ 10 വയസിന് മുകളിൽ പ്രായമുള്ള കന്നുകാലികളെ അറുക്കാൻ അനുമതിയുണ്ട്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് ഇതിനെ പൂർണമായും റദ്ദാക്കുന്ന തരത്തിലുള്ള സമ്പൂർണ്ണ നിരോധനമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോയമ്പത്തൂരിലെ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്ന് മാത്രമായിരുന്നു യഥാർത്ഥ ഹർജിയിലെ ആവശ്യം, എന്നാൽ കോടതി സംസ്ഥാനത്താകെ ബാധകമായ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
National
ന്യൂഡൽഹി: ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ജോലി ചെയ്യാനും പ്രജനനത്തിനും ശേഷിയില്ലാത്ത പത്ത് വയസിനു മുകളിലുള്ള പശുക്കളെ നിശ്ചിത ഉദ്യോഗസ്ഥരുടെ അനുമതിയോടെ അറക്കാൻ അനുവാദം നൽകുന്ന തമിഴ്നാട് മൃഗസംരക്ഷണ നിയമം 1958ന് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
മൃഗങ്ങളെ അറക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്താത്ത കേന്ദ്ര-സംസ്ഥാന നിയമങ്ങൾ മറികടന്ന് ഹൈക്കോടതി നിയമനിർമാണം നടത്തുകയാണു ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ഗോവധം നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിന്റെ വിവിധ നിയമങ്ങൾ മറികടന്നാണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ബക്രീദ് പ്രമാണിച്ച് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ. സൂര്യപ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാനത്തുടനീളം കന്നുകാലി കശാപ്പിന് പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി.
ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ ഉത്തരവാണ് കോടതി തള്ളിയത്.
ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868-ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയാറായില്ല.
2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും ഇങ്ങനെയുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2012-ൽ വ്യാജ ഉത്പന്നങ്ങൾ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
കേസ് നിലനിൽക്കെ ഇയാൾ വിദേശത്തുപോയി തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ഈ വിധി സർക്കാരിന് ഗ്രീൻ കാർഡ് ഉടമകളുടെ മേൽ അമിത അധികാരം നൽകുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്ന്ന് പരീക്ഷകള് മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്നിര്ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്, ഖത്തര്, സൗദി അറേബ്യ, യുഎഇ എന്നീ ഗള്ഫ് രാജ്യങ്ങളിലെ പരീക്ഷകള് സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്ന്ന് റഗുലര് വിദ്യാര്ഥികള്ക്കായി മാര്ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്ഥികളുടെ കാര്യത്തില് വ്യക്തമായ മാനദണ്ഡങ്ങള് ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്സു ജിഗര്കുമാര് പട്ടേല് എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
National
ന്യൂഡൽഹി: കാൽനടക്കാർക്ക് ഫുട്പാത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഭരണഘടനയുടെ വിവിധ വകുപ്പുകൾ പ്രകാരം മൗലികാവകാശമാണെന്നു സുപ്രീംകോടതി.
മോട്ടോർ വാഹനങ്ങളുടെ അവകാശത്തേക്കാൾ മുൻഗണന കാൽനടക്കാരുടെ അവകാശത്തിനാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കാൽനട യാത്രക്കാരുടെ റോഡിലെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമനിർമാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.
ഫുട്പാത്തിലൂടെ നടക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഉത്തരവാദികളായ തദ്ദേശ സ്ഥാപനങ്ങൾക്കെതിരേ നഷ്ടപരിഹാരത്തിനുള്ള അവകാശം പൗരന്മാർക്കുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കുന്ന ക്ലെയിമുകൾക്കു പുറമെയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ മോട്ടോർ വാഹന നിയമം കാൽനടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും അതിനാൽ പലപ്പോഴും കാൽനടക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കാൽനടക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾക്കെതിരേ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാനും അതു നടപ്പിലാക്കുന്നതിന് ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കാൻ ആവശ്യമായ നിയമരൂപരേഖ കേന്ദ്രസർക്കാരിനോടും ലോ കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ വിഷയത്തിലെ പുരോഗതി കോടതിയുടെ നിരന്തര നിരീക്ഷണത്തിലായിരിക്കും.
പിതാവിനൊപ്പം സ്കൂളിലേക്ക് പോകുംവഴി ടാങ്കർ ലോറിയിടിച്ച് അഞ്ചുവയസുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. കുട്ടിയുടെ കുടുംബത്തിന് ട്രൈബ്യൂണൽ നിശ്ചയിച്ച 4,70,000 രൂപയുടെ നഷ്ടപരിഹാരം സുപ്രീംകോടതി 11,44,628 രൂപയായി ഉയർത്തി.
National
ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരെ സമൂഹത്തിലെ "പരാദങ്ങൾ’ എന്ന് വിമർശിച്ച സുപ്രീംകോടതി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഇത്തരം കുറ്റവാളികൾ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിഹാർ സ്വദേശിയായ മനോജ് കുമാർ സിംഗ് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യവ്യാപകമായി ശൃംഖലയുള്ള ഇക്കൂട്ടർ സമൂഹത്തിനു ഭീഷണിയാണെന്നും ഇവർ ജയിലിൽ കഴിയുന്നതാണ് സമൂഹത്തിന് നല്ലതെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് അനുമതി നൽകി.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്കെതിരേ കടുത്ത നിലപാടാണ് സുപ്രീംകോടതിക്കുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി സിബിഐ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സർക്കാരുകൾ സിബിഐയ്ക്ക് സഹായം നൽകാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
National
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
National
ന്യൂഡൽഹി: അതിദാരിദ്ര്യത്തിൽ കഴിയുന്ന വയോധികയ്ക്കും കാഴ്ചപരിമിതിയുള്ള മകനും ജീവിതനിലവാരം ഉയർത്താനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും ഇടപെട്ട് സുപ്രീംകോടതി.
ഒഡീഷ സ്വദേശികളായ കുടുംബത്തിന്റെ നിസഹായാവസ്ഥ മാധ്യമ റിപ്പോർട്ടിലൂടെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
സർക്കാരിൽനിന്നു ലഭിക്കുന്ന പെൻഷനും റേഷനും ഉപയോഗിച്ചാണ് വയോധികയായ രാധിക ഭൂവേയും ജന്മനാ കാഴ്ചയില്ലാത്ത മകൻ ജപ ഭൂവേയും ജീവിക്കുന്നത്. എന്നാൽ കുടുംബത്തിനു ലഭിക്കുന്ന ആനുകൂല്യം അന്തസുള്ള ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അമ്മയ്ക്കും മകനും നിലവിൽ ലഭിക്കുന്ന സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒഡീഷ സംസ്ഥാന നിയമസേവന അഥോറിറ്റി മെംബർ സെക്രട്ടറിയോട് കുടുംബത്തെ നേരിട്ടു സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം ഇവർക്കു പുതിയ വീട് നൽകാൻ സാധിക്കുമോയെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കണം.
കൂടാതെ, കാഴ്ചപരിമിതിയുള്ള മകനെ പാരാലീഗൽ വോളന്റിയറായി നിയമിക്കാനും മറ്റ് ഭിന്നശേഷിക്കാർക്കു നിയമപരമായ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.
ഈ സേവനങ്ങൾക്ക് ഓണറേറിയമായി കുറവില്ലാത്ത സംഖ്യ നൽകാനും കോടതി ഉത്തരവിട്ടു. ജീവിതത്തിന് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലീഗൽ സർവീസ് അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
National
ന്യൂഡൽഹി: വിവരാവകാശ പ്രവർത്തനം (ആർടിഐ) ഇപ്പോൾ പുതിയൊരു ബിസിനസായി മാറിയിരിക്കുന്നുവെന്ന് വാക്കാൽ അഭിപ്രായം പ്രകടിപ്പിച്ച് സുപ്രീംകോടതി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നാരോപിച്ചു വിവരാവകാശ പ്രവർത്തകനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ പ്രവർത്തകനായ രാകേഷ് കുമാർ ബെൽ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നടത്തുന്ന റോഡ് നിർമാണം തടയാൻ വിവരാവകാശ പ്രവർത്തകന് ആരാണ് അധികാരം നൽകിയതെന്ന് ജസ്റ്റീസുമാരായ സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.
പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനുമുന്പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.
തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.
National
ന്യൂഡൽഹി: റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ ഗാർഹിക പരിചരണത്തിന് പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഓരോ മൂന്നു വർഷം കൂടുന്പോഴും ഈ തുകയിൽ പത്തു ശതമാനം വർധന വരുത്തണം. വീട്ടമ്മമാരുടെ സേവനത്തെ രാഷ്ട്രനിർമാണത്തിന് തുല്യമായി കണക്കാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോലിയില്ലാത്ത വീട്ടമ്മമാർ റോഡപകടത്തിൽ മരിച്ചാൽ അവരുടെ കുടുംബത്തിൽ നഷ്ടപരിഹാരമായി കുറഞ്ഞ തുകയായിരുന്നു ഇൻഷ്വറൻസ് കന്പനികളിൽനിന്നു ലഭിച്ചിരുന്നത്. കുടുംബത്തിലെ ആശ്രിതർ എന്നു കണക്കാക്കിയായിരുന്നു ഇത്തരമൊരു രീതി.
എന്നാൽ ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബത്തിന് ആശ്രിതരാണെന്ന തെറ്റായ ധാരണ മാറണമെന്നും കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് അവരുടെ അധ്വാനം അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനം രാജ്യത്തിന്റെ ജിഡിപിയിൽ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും എന്നാൽ അതു സാന്പത്തികമായി ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2001ൽ ഹരിയാനയിൽ നടന്ന ഒരു റോഡപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വർധിപ്പിച്ചു നൽകിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇനിമുതൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകൾ നഷ്ടപരിഹാരം കണക്കാക്കുന്പോൾ ‘ഗാർഹിക പരിചരണത്തിനുള്ള നഷ്ടം’ എന്ന പ്രത്യേക ഇനത്തിൽ പ്രതിമാസം 30,000 രൂപ വീതം ചേർക്കണം. വീട്ടമ്മമാർക്ക് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ഈ തുക ‘സ്റ്റാൻഡ്ഇൻ’ വരുമാനമായി കണക്കാക്കുക.
അതേസമയം, വീട്ടമ്മമാർ ജോലിക്കു പോകുന്നവരാണെങ്കിൽ അവരുടെ യഥാർഥ വരുമാനത്തിന് പുറമെ ഈ തുകകൂടി ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടർന്ന് പരീക്ഷകൾ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രൈവറ്റ് വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിർണയ നയം രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം സ്കൂൾ റിക്കാര്ഡിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് പ്രവാസിവിദ്യാർഥി സമർപ്പിച്ച ഹർജിയിലാണു കേന്ദ്രസർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
സമാന അവസ്ഥയുള്ള വിദ്യാർഥികൾക്കായി ചില നയങ്ങൾ രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ ഹർജി 22ന് പരിഗണിക്കാൻ മാറ്റി.
യുദ്ധസാഹചര്യം മുൻനിർത്തി ബഹറിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. തുടർന്ന് റെഗുലർ വിദ്യാർഥികൾക്കായി മാർച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിർണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാർഥികളുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതിരുന്നത് ഫലപ്രഖ്യാപനം വൈകുന്നതിനു കാരണമായി.
ഇതോടെയാണു വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ വാദം കേട്ട കോടതി അർധരാത്രി വരെ ഇരുന്നിട്ടാണെങ്കിലും പരിഹാരം കണ്ടെത്താൻ ബോർഡിനോട് പറഞ്ഞിരുന്നു.
അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന്റെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമുള്ള പോർട്ടൽ തുറന്നുനൽകുന്നതിനുള്ള സമയപരിധി നീട്ടി നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
സമയപരിധി നീട്ടിനൽകുന്നത് ഫലപ്രഖ്യാപനം വൈകാൻ കാരണമാകുമെന്നും വ്യക്തിപരമായി പരാതിയുള്ള വിദ്യാർഥികൾക്ക് നേരിട്ടു കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദ്യാർഥിസംഘടനയായ എൻഎസ്യുഐ സമർപ്പിച്ച ഹർജിയിലാണു നടപടി.
National
ന്യൂഡൽഹി: കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ കുട്ടികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിനു വിധേയമാക്കാവൂ എന്ന് സുപ്രീംകോടതി.
കസ്റ്റഡി തർക്കത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ മനഃശാസ്ത്ര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
മക്കളുടെ കസ്റ്റഡിക്കുവേണ്ടി മാതാപിതാക്കൾ നിയമപോരാട്ടം നടത്തുന്പോൾ കുടുംബ കോടതികൾ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
കുട്ടിയെ മനഃശാസ്ത്രപരമായി വിലയിരുത്തേണ്ടത് അനിവാര്യമാണെങ്കിൽ നിലവിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ചശേഷം ഒരു സ്വതന്ത്ര ചൈൽഡ് സൈക്കോളജിസ്റ്റ് മാത്രമേ അത് ചെയ്യാവൂ.
കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കാത്ത രീതിയിൽ വളരെ കുറഞ്ഞ സന്പർക്കം മാത്രമേ ഇതിനായി പാടുള്ളൂവെന്നും കോടതി പറഞ്ഞു. കുട്ടികൾ വളരുന്നതിനനുസരിച്ച് കുടുംബ കോടതികൾ കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തണം.
മാതാപിതാക്കളിൽ ഒരാളോട് കുട്ടിക്കുള്ള അകൽച്ച, തെറ്റായ ഓർമകൾ സൃഷ്ടിക്കപ്പെടൽ എന്നിവയെക്കുറിച്ച് കോടതികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം സ്വാധീനങ്ങളിൽനിന്ന് കുട്ടിക്ക് സംരക്ഷണം നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.
കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതിനാൽ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ മാതാപിതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കൾക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കേസുകൾ നിലവിലുണ്ടെങ്കിൽ ആ വിവരം കുടുംബ കോടതിയെ കൃത്യമായി അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറഞ്ഞു.
കൂടാതെ കുട്ടികളുടെ മനോനില വിശകലനം ചെയ്യാൻ ആലോചിക്കുന്നതിനുമുന്പ് മാതാപിതാക്കളുടെ മനോനില വിശകലനം ചെയ്യുന്നതിന് കുടുംബ കോടതികൾ മനഃശാസ്ത്രഞ്ജനെ നിയോഗിക്കണം. കുഞ്ഞ് ആരുടെയൊപ്പം കഴിയുന്നുവോ ആ വ്യക്തിയുടെ മനോനില നിർബന്ധമായും പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
National
ന്യൂഡൽഹി ∙ പെൺമക്കൾ വിവാഹിതരായെന്ന കാരണത്താൽ ആശ്രിതനിയമനത്തിനു പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്ന നിർണായകവിധിയുമായി സുപ്രീംകോടതി. ജഡ്ജിമാരായ പി.എസ്.നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
റേഷൻ കടയുടമയുടെ മകൾ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. പിതാവിന്റെ മരണത്തിന് പിന്നാലെ, റേഷൻ കട തനിക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മകൾ കോടതിയെ സമീപിച്ചത്.
വിവാഹിതരായ സ്ത്രീകൾ കുടുംബം എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്നും ആശ്രിതനിയമനത്തിനു പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുടുംബം എന്നതിന്റെ നിർവചനത്തിൽനിന്ന് ഇവരെ ഒഴിവാക്കുന്നത് അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും വിരമിക്കുന്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.
തൊഴിലുടമ നൽകുന്ന ഔദാര്യമല്ല പെൻഷനെന്നും മറിച്ച് ദീർഘകാലത്തെ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുക്കുന്ന ഭരണഘടനാപരമായ അവകാശമാണതെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താത്കാലിക ജീവനക്കാർക്കു പെൻഷൻ നൽകുന്നത് വലിയ സാന്പത്തികബാധ്യത വരുത്തുമെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ദീർഘകാലം സേവനം നൽകിയ ജീവനക്കാർക്കു കേവലം തസ്തികയുടെ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരേതരത്തിലുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ഒരുകൂട്ടം ജീവനക്കാർക്കു മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തരംതിരിവുകൾക്ക് കാരണമാകുമെന്നും ഭരണഘടനാധാർമികതയ്ക്കു നിരക്കാത്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തപാൽ വകുപ്പിൽ മൂന്നു പതിറ്റാണ്ടായി താത്കാലിക ജീവനക്കാരനായിരുന്ന, അന്തരിച്ച സൂരജ് സാഹി എന്ന ജീവനക്കാരന്റെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
National
ന്യൂഡൽഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തി പങ്കിടുന്ന അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ സംരക്ഷിതവനങ്ങളിലുള്ള കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.
വനം കൈയേറിയതായി കണ്ടെത്തിയ സർവീസിലുള്ളവരും വിരമിച്ചവരുമായ 118 സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശനമായ അച്ചടക്ക-നിയമനടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകൾ നിലനിൽക്കെതന്നെ കളക്കാട് മുണ്ടന്തുറൈ കടുവ സങ്കേതം, ശ്രീവില്ലിപുത്തൂർമേഘമലൈ കടുവ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം എന്നിവയുൾപ്പെടെയുള്ള അഗസ്ത്യമല മേഖലയിലെ കൈയേറ്റങ്ങൾ പതിറ്റാണ്ടുകളായി തുടരുന്നതായും വർധിച്ചുവരുന്നതായും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേവലം ഭരണപരമായ ഉത്തരവാദിത്വത്തിന്റെ പ്രശ്നം മാത്രമല്ലിതെന്നും മറിച്ച് പരിസ്ഥിതിപ്രാധാന്യമുള്ള മേഖലകളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ഭരണഘടനാപരമായ ചുമതലയെയും ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ റിസർവ് വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പ്രശ്നങ്ങൾ ഉന്നയിച്ചുള്ള ഹർജിയിലാണു നടപടി.
കേന്ദ്ര ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി ജില്ലകളിലായി 3,500.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അഗസ്ത്യമല പാരിസ്ഥിതികമേഖല വ്യാപിച്ചുകിടക്കുന്നത്.
തമിഴ്നാട്ടിലെ തേനി ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിലെ റിസർവ് വനങ്ങളിൽ മാത്രം 5,072.653 ഹെക്ടർ ഭൂമി കൈയേറിയിട്ടുണ്ട്. എന്നാൽ അതിൽ 1.8 ശതമാനം വനഭൂമി മാത്രമാണു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളത്. മുൻകൂർ അനുമതിയില്ലാതെ വനഭൂമിക്കുള്ളിൽ 116 കെട്ടിടങ്ങൾ നിർമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം പരമ്പരാഗതമായ 'പെൻ ആൻഡ് പേപ്പർ' (ഓഫ്ലൈൻ) രീതിയിൽ തന്നെയാകും പരീക്ഷ നടക്കുകയെന്ന് വ്യക്തമായി.
ആർജെഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. നിലവിൽ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വലിയ സമ്മർദത്തിലാണെന്നും, അവസാന നിമിഷം പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം ഹർജികൾ മുൻപും തള്ളിയിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയം വേനലവധിക്ക് ശേഷം ജൂലൈയിൽ വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു. മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: ജൂണ് 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും സമാന ഹർജികൾ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വലിയ പ്രതിസന്ധികളിലൂടെയും സമ്മർദത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിന്റെ വലിയ ഉത്തരവാദിത്വം ഇപ്പോൾ തന്നെയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നിരുന്നാലും അവധിക്കുശേഷം കോടതി വീണ്ടും ചേരുന്ന ജൂലൈയിൽ കേസ് വീണ്ടും കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പമായിരിക്കും കേസ് പരിഗണിക്കുക.
അതേസമയം, കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് നീറ്റ് പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനുള്ള നടപടി എൻടിഎ ആലോചിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വീഴ്ചകൾ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് പരീക്ഷാഫലം റദ്ദാക്കി ജൂണ് 21ന് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വി. മോഹന ഉൾപ്പെടെയുള്ളവരുടെ നിയമനത്തിനാണ് അംഗീകാരം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് സച്ദേവ, ജമ്മുകാഷ്മീർ- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ് പല്ലി, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീചന്ദ്രശേഖർ എന്നിവരാണ് മറ്റുള്ളവർ.
കഴിഞ്ഞ 27നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ കേന്ദ്രസർക്കാരിനു കൈമാറിയത്. ശിപാർശ സർക്കാർ അംഗീകരിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 37 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽനിന്ന് 38 ആയി ഉയർത്തിക്കൊണ്ടുള്ള ഓർഡിനൻസ് ഏപ്രിലിലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.
സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയ്ക്കുശേഷം അഭിഭാഷക പദവിയിൽനിന്നു നേരിട്ട് ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണു വി.മോഹന. ജസ്റ്റീസ് ബി.വി. നാഗരത്നയാണ് സുപ്രീംകോടതിയിൽ ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി.
മോഹനയുടെ നിയമനത്തോടെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടാകും. തമിഴ്നാട് സ്വദേശിയായ മോഹന ഏറെനാളായി സുപ്രീംകോടതി അഭിഭാഷകയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാണിജ്യാടിസ്ഥാനത്തിൽ ലൈംഗിക ചൂഷണങ്ങൾക്കായി കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ വിവിധ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസെടുക്കാമെന്ന് സുപ്രീംകോടതി.
മനുഷ്യക്കടത്ത് കേസുകളിൽ കുറ്റവാളികൾക്കെതിരേ ചുമത്തേണ്ട വകുപ്പുകൾ ഇരയുടെ പ്രായം, കുറ്റവാളികൾ ഉപയോഗിച്ച രീതികൾ, ചൂഷണത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുട്ടികൾ ഉൾപ്പെടുന്ന എല്ലാ ലൈംഗിക ചൂഷണങ്ങളെയും സമ്മതമില്ലാതെ നടക്കുന്ന കുറ്റകൃത്യമായിട്ടാണു കണക്കാക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ പോക്സോ നിയമത്തിലെ വകുപ്പുകളും ബാധകമാകും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ എന്നിവയെല്ലാം പോക്സോ നിയമത്തിന്റെ പരിധിയിൽ വരും.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം പോക്സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നിരിക്കേ പ്രതികൾക്കെതിരേ ആ നിയമപ്രകാരംതന്നെ കേസെടുത്ത് വിചാരണ നടത്തണം. പോക്സോ നിയമം ചുമത്തുന്നതോടെ കേസിന്റെ വിചാരണനടപടികളിൽ വലിയ മാറ്റങ്ങൾ വരും.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ദേശീയ പരീക്ഷ ഏജൻസിയുടെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ) നടപടിയിൽ എൻടിഎയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
പേപ്പർ ചോർച്ചയില്ലാതെ വലിയതോതിലുള്ള മത്സര പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽനിന്ന് എൻടിഎ പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭാവിയിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ തടയാനും എൻടിഎയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കാതെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഏത് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്വമെന്ന് വ്യക്തമായി അറിയുന്പോൾ മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും താത്കാലിക സംവിധാനങ്ങളായി മാറുന്നതാണ് പ്രശ്നം. വ്യക്തികളുടെ കഴിവിനേക്കാൾ സ്ഥാപനത്തിന്റെ കരുത്താണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ വാദം കേട്ടപ്പോഴും എൻടിഎയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു കൂട്ടം വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച വിഷയത്തിൽ വാദം കേൾക്കവേ 2024ൽ സംഭവിച്ച ക്രമക്കേടിനെ തുടർന്ന് രൂപീകരിച്ച ഉന്നതാധികാര സമിതി സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മേൽനോട്ട സമിതി ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ ഇന്നലെ കോടതിയിൽ ഹാജരായി.
പരീക്ഷകൾ സുഗമമായി നടപ്പാക്കുന്നതിന് ദീർഘകാലത്തേക്ക് നടപ്പാക്കേണ്ട 35 ശിപാർശകളും ഹ്രസ്വകാല നടപടികൾക്കായി അറുപതോളം ശിപാർശകളും സമർപ്പിച്ചതായി ഉന്നതാധികാര സമിതി കോടതിയെ അറിയിച്ചു.
സമിതി നിർദേശത്തെ അനുസരിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് 2025ൽ നടത്തിയ നീറ്റ് പരീക്ഷ സുഗമമായി നടപ്പാക്കാൻ സാധിച്ചുവെന്നും സമിതി കോടതിയെ അറിയിച്ചു.
Kerala
ന്യൂഡല്ഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാന് ഹൈക്കോടതികള്ക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. വിധി പറയുന്നതിനായി മാറ്റിവച്ച കേസുകളില് മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
ജാമ്യാപേക്ഷകളിലെ ഉത്തരവുകള് വാദം കേള്ക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കില് പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണം. തടവുകാരന്റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്റെയും ശിക്ഷ മരവിപ്പിച്ചതിന്റെയും ഉത്തരവുകള് ജയില് അധികൃതരെ ഉടന് തന്നെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കില് കാരണങ്ങള് സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്സൈറ്റില് അപ്ലോഡ് ചെയ്യണം. കേസ് വിധി പറയാന് മാറ്റിവച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കില്, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനല്കാന് കക്ഷികള്ക്ക് ചീഫ് ജസ്റ്റീസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി നിർദേശത്തിൽ പറയുന്നു.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) നിയമസാധുത ശരിവച്ചു സുപ്രീംകോടതി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്ഐആർ മുന്നോട്ടുവയ്ക്കുന്നതെന്നും ആ പ്രക്രിയ നടത്തുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി എസ്ഐആർ നടക്കാതിരുന്നതിനാൽ കുടിയേറ്റവും നഗരവത്കരണവും മൂലം വോട്ടർപട്ടികയിൽ ഉണ്ടായ ഇരട്ടിപ്പുകൾ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആർ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിന് അനുകൂലമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ബിഹാറിലെ എസ്ഐആർ നടപടിക്ക് നിയമപരവും ഭരണഘടനാപരവുമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ഭരണപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വോട്ടർപട്ടികയിൽ പേരുണ്ട് എന്ന കാരണം എസ്ഐആർ നടപടിക്ക് തടസമാകില്ല.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയും ചെയ്യുക എന്ന പരിമിത ഉദ്ദേശ്യത്തിനായി മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം പരിശോധിക്കാൻ സാധിക്കും. പൗരത്വ പദവി പ്രഖ്യാപിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്ഐആറിനെ തുടർന്ന് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്താൽ ആ വ്യക്തി ഇന്ത്യൻ പൗരൻ അല്ലെന്ന് പ്രഖ്യാപിക്കുന്നില്ല. അക്കാര്യത്തിൽ അന്തിമതീരുമാനം പൗരത്വ നിയമപ്രകാരമുള്ള അധികാരികൾക്കാണെന്നും ബെഞ്ച് വ്യക്തമാക്കി.
പൗരത്വത്തിന്റെ പേരിൽ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത വ്യക്തികളുടെ വിവരം നാല് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വരാനിരിക്കുന്ന നിയമസഭാ അല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കു മുന്പായി ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം അധികാരികൾ അന്തിമ തീരുമാനമെടുക്കണമെന്നും, ഇവർ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ബിഹാറിലെ എസ്ഐആർ നടപടിയെ തുടർന്ന് കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു.
National
ന്യൂഡൽഹി: എസ്ഐആറിലെ സുപ്രീംകോടതി വിധി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് കോണ്ഗ്രസ്.
പൗരത്വത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ വൈരുദ്ധ്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നില്ലേ എന്നു മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ചോദിച്ചു.
ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമം നാലോ അഞ്ചോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്പ് എന്തുകൊണ്ട് എസ്ഐആർ നടത്തിയില്ലെന്നു സുപ്രീംകോടതി ചോദിക്കേണ്ടതായിരുന്നുവെന്നും സിംഗ്വി കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഐആർ ഇത്രയും ഹ്രസ്വമായ സമയത്തിനുള്ളിൽ നടത്തുന്നത് നടപടിക്രമങ്ങളെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാസ്പോർട്ട് ഒഴികെയുള്ള ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പൗരത്വത്തിന് തെളിവല്ലെന്ന് സുപ്രീംകോടതി ശരിയായി വിധിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പേരുകൾ ഒഴിവാക്കിയതെന്നും മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ചും സുപ്രീംകോടതിയുടെ അഭിപ്രായവും കണ്ടെത്തലുകളും ഉണ്ടാകേണ്ടതായിരുന്നുവെന്നും കോണ്ഗ്രസ് പറഞ്ഞു.
ബംഗാളിൽ വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയുണ്ടായ 6000 അപ്പീലുകളിൽ ഏകദേശം 4000 എണ്ണവും ശരിവച്ചുവെന്നും ഇത്തരം അപ്പീലുകളുടെ വിജയശതമാനം 70 മുതൽ 80 ശതമാനം വരെയാണെങ്കിൽ അത് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയൊരു ചോദ്യം ഉയർത്തുകയില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ട്രാൻസ്ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സമാനസ്വഭാവമുള്ള ഹർജികൾ ഒന്നിലധികം ഹൈക്കോടതികൾ പരിഗണിക്കുന്പോൾ പരസ്പരവിരുദ്ധ വിധിന്യായങ്ങൾക്ക് കാരണമാകുമെന്ന് വാദിച്ചാണ് കേന്ദ്രം ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന അഭിപ്രായം സുപ്രീംകോടതിയുടെ തീരുമാനങ്ങളെ പലപ്പോഴും സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു.
ട്രാൻസ്ജെൻഡർ നിർവചനം ഉൾപ്പെടെ സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത ഉൾപ്പെടെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഹർജിയിൽ ഈ മാസം ആദ്യം സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ലിംഗഭേദം തിരിച്ചറിയുന്നതിനായി മെഡിക്കൽ അല്ലെങ്കിൽ ബ്യൂറോക്രാറ്റിക് ഇടപെടൽ ആവശ്യമായി വരുന്ന നിയമത്തിലെ വ്യവസ്ഥ വ്യക്തികളുടെ അന്തസ്, സ്വകാര്യത, ശാരീരിക സ്വയംഭരണം എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തെ വെല്ലുവിളിക്കുന്നു എന്നടക്കമുള്ള ആരോപണമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.
National
ന്യൂഡൽഹി: വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനും വൻതോതിൽ പേര് വെട്ടിമാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' നടപടികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് നീണ്ട 29 ദിവസത്തെ തുടർച്ചയായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് ശേഷം രാജ്യത്തെ വോട്ടർപട്ടിക നിർമാണ ഘടനയെ ബാധിക്കുന്ന ഏറ്റവും വലിയ ജുഡീഷ്യൽ അവലോകനമായാണ് നിയമവൃത്തങ്ങൾ ഈ കേസിനെ കാണുന്നത്.
വർഷാവർഷം നടത്തുന്ന സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും മാറി, 2025 ജൂൺ 24-ലെ വിജ്ഞാപനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി ബിഹാറിലാണ് ഇത് നടപ്പാക്കിയത്. ഈ പുതിയ നിയമപ്രകാരം 2002 അല്ലെങ്കിൽ 2003 വോട്ടർപട്ടികയിൽ പേരില്ലാത്ത വോട്ടർമാർ തങ്ങളുടെ പൂർവികർ അക്കാലത്ത് വോട്ടർമാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിഷ്കർഷിച്ചിരുന്നു.
ഈ മാനദണ്ഡം പാലിക്കാത്തതുമൂലം ബിഹാറിൽ മാത്രം ഒടുവിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നും 65 ലക്ഷത്തോളം വോട്ടർമാരെയാണ് കമ്മീഷൻ പുറത്താക്കിയത്. എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്ക് പുറമേ പ്രതിപക്ഷ നേതാക്കളായ കെ.സി. വേണുഗോപാൽ (കോൺഗ്രസ്), മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), മനോജ് ഝാ (ആർജെഡി), സുപ്രിയ സുലെ (എൻസിപി) തുടങ്ങിയവരാണ് ഹർജിക്കാർ.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. "ഇതിനെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല" എന്ന് ഉപദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു.
കോടതി നടപടികളെ മനഃപൂർവ്വം വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എൻ.കെ. ഗോസ്വാമിയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഡിജിറ്റൽ യുഗത്തിലെ ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മേയ് 15-ന് ഒരു കേസിന്റെ വാദത്തിനിടയിലാണ് വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഭിഭാഷകരായി ചമയുന്നവരെയും, വ്യാജ മാധ്യമപ്രവർത്തകരെയും വിമർശിക്കാൻ ചീഫ് ജസ്റ്റിസ് 'പാറ്റ' അല്ലെങ്കിൽ 'പരജീവികൾ' എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയാണ് പാറ്റകളോട് ഉപമിച്ചതെന്ന രീതിയിൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഇത് വലിയ വിവാദമാക്കി മാറ്റി. തുടർന്ന് ചീഫ് ജസ്റ്റിസിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു കൂട്ടായ്മയും രൂപപ്പെട്ടു.
ഇതിനെതിരെ മേയ് 16ന് തന്നെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ യുവാക്കളെ അല്ല, മറിച്ച് വ്യാജ ബിരുദങ്ങളുമായി മാന്യമായ തൊഴിൽ മേഖലകളിലേക്ക് നുഴഞ്ഞുകയറുന്ന തട്ടിപ്പുകാരെയാണ് വിമർശിച്ചതെന്നും, രാജ്യത്തെ യുവാക്കളെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളെ വെറും 'വൈറൽ കാഴ്ചകളാക്കി' മാറ്റുന്ന ട്രോൾ സംസ്കാരത്തിനെതിരെ ഹർജിയിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചെങ്കിലും, ഇത്തരം കാര്യങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.