സുപ്രീംകോടതി
ന്യൂഡൽഹി: അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിന് ഉചിതമായ നിയമനിർമാണം കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കാൻ കോടതിക്കാകില്ലെന്നും അതു പൂർണമായും നിയമനിർമാണ സഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിനു പ്രത്യേക നിർദേശങ്ങളൊന്നും നൽകുന്നില്ലെന്നും, പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണു കോടതി ആഗ്രഹിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം വരുംതലമുറകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. ഇത്തരം വിവാഹങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹിതരാകുമ്പോൾ അവർക്കുണ്ടാകുന്ന കുട്ടികളിൽ ജന്മനായുള്ള വൈകല്യങ്ങൾക്കും ജനിതക രോഗങ്ങൾക്കും സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
Tags : blood relatives Supreme Court Centre marriages Law Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash